ഹൈറേഞ്ചിന്റെ കുളിരുതേടി അറബ്‌ സഞ്ചാരികൾ

ഹൈറേഞ്ചിന്റെ കുളിരുതേടി അറബ്‌ സഞ്ചാരികൾ
July 19 05:08 2016

രാജാക്കാട്‌: കാലവർഷവും മഞ്ഞും തണുപ്പും സജീവമായതോടെ ഹൈറേഞ്ചിന്റെ കുളിരുതേടി അറബ്‌ സഞ്ചാരികൾ എത്തിത്തുടങ്ങി. ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തും സഞ്ചാരികളുടെ കടന്നുവരവ്‌ വർധിച്ചിട്ടുണ്ട്‌.
മൺസൂൺ കാലത്തെ മഞ്ഞും തണുപ്പും ആസ്വദിക്കുന്നതിനായി ഇത്തവണയും ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ ജില്ലയിലേയ്ക്ക്‌ എത്തുന്നത്‌. ഇതോടെ മണൽകാറ്റിന്റെ ചൂടിൽ നിന്നും ഹൈറേഞ്ചിന്റെ കുളിരുതേടിയെത്തുന്നവരുടേയും എണ്ണത്തിൽ വൻ വർധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. ആരെയും ആകർഷിക്കുന്ന അഞ്ച്‌ വെള്ളച്ചാട്ടങ്ങളും മലനിരകളുടെ വിദൂരകാഴ്ച്ചകളും കൊണ്ട്‌ സമൃദ്ധമായ ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ്‌ കാണുന്നതിന്‌ വേണ്ടി ദിവസേന നൂർക്കണക്കിന്‌ സഞ്ചാരികളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. കുത്തിയൊഴുകിയെത്തുന്ന മുതിരപ്പുഴയാറിന്റെ തേക്കിൻകാനം മുതൽ ശ്രീനാരായണപുരം വരെയുള്ള പ്രദേശത്താണ്‌ അഞ്ച്‌ വെള്ളച്ചാട്ടങ്ങൾ.
കാലവർഷം സജീവമായി മുതിരപ്പുഴയാറ്‌ ജലസമൃദ്ധമാകുകയും വെള്ളച്ചാട്ടങ്ങൾ സജീവമാകുകയും ചെയ്തതോടെയാണ്‌ മൺസൂൺ ആസ്വദിക്കുന്നതിനായി സഞ്ചാരികളുടെ കടന്നുവരവ്‌ വർധിച്ചിരിക്കുന്നത്‌. ഉദ്ഘാടനം നടന്ന്‌ ഒരുവർഷം പൂർത്തിയാകുന്നതിന്‌ മുമ്പ്‌ തന്നെ ശ്രീനാരായണപുരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി എന്നതിന്റെ തെളിവുകൂടിയാണിത്‌. ദിവസവും അഞ്ഞൂറിലധികം വിനോദ സഞ്ചാരികളാണ്‌ ശ്രീനാരായണപുരത്തെത്തുന്നത്‌. എപ്പോഴുമുള്ള തണുത്ത കാലാവസ്ഥയും, പൊന്മുടി ജലാശയത്തിന്റെ ഇരുവശങ്ങളിലായി ഉയർന്ന്‌ നിൽക്കുന്ന വലിയ മലനിരകളുടെ വിദൂര കാഴ്ച്ചകളുമാണ്‌ സഞ്ചാരികളെ ഇവിടേയ്ക്ക്‌ ആകർഷിക്കുവാൻ പ്രധാന കാരണം.
മുൻ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ടെന്നും അറബ്‌ സഞ്ചാരികളാണ്‌ കൂടുതലായി എത്തുന്നതെന്നും ഇവിടുത്തെ ജീവനക്കാർ പറഞ്ഞു. ആരെയും ആകർഷിക്കുന്ന അനുയോജ്യമായ കാലവസ്ഥയും പ്രകൃതി മനോഹാരിതയും ആസ്വദിച്ച്‌ മണിക്കൂറുകൾ ചെലവഴിച്ചതിന്‌ ശേഷമാണ്‌ സഞ്ചാരികൾ മടങ്ങുന്നത്‌. മാത്രവുമല്ല ഒരിക്കൽകൂടി വീണ്ടും ഇവിടേയ്ക്ക്‌ എത്തണമെന്ന ആഗ്രഹമില്ലാതെ ആരും ഇവിടെ നിന്നും മടങ്ങാറില്ല.

view more articles

About Article Author