ഹൈറേഞ്ചിൽ മഴയെത്തിയില്ല; ഏലം ഉൽപ്പാദനം നിലച്ചു

ഹൈറേഞ്ചിൽ മഴയെത്തിയില്ല; ഏലം ഉൽപ്പാദനം നിലച്ചു
June 15 04:45 2017

ഇടുക്കി: മഴയുടെ ലഭ്യത കുറവ്‌ ഇടുക്കി ജില്ലയിലെ ഏലം ഉൽപ്പാദനത്തിന്‌ കനത്ത തിരിച്ചടിയാകുന്നു. രാജ്യത്തെ തന്നെ പ്രമുഖ ഏലം ഉൽപ്പാദന മേഖലയായ ഏലമലക്കാടുകളിൽ ആവശ്യത്തിന്‌ മഴ ലഭിക്കാത്തതിനാൽ ഏലച്ചെടികൾ ഇനിയും പൂവിട്ടിട്ടില്ല. ഇത്‌ ഇനി വരുന്ന വിളവെടുപ്പിനേയും സാരമായി ബാധിക്കും. കൃത്യ സമയത്ത്‌ മഴ ലഭിക്കാത്തതിനാൽ ഏലച്ചെടികളിൽ പൂവിരിയാത്ത സാഹചര്യമാണ്‌. കാലവർഷ മഴ ദുർബലമായതോടെ ജൂൺ മാസത്തിൽ വിളവെടുപ്പ്‌ നടത്തേണ്ട തോട്ടങ്ങളിലെല്ലാം വിളവ്‌ ഗണ്യമായി കുറയുകയും ചെയ്യും.
മുൻ കാലങ്ങളിൽ ജൂൺ മാസം മുതൽ ഏലത്തിന്റെ പ്രധാന വിളവെടുപ്പ്‌ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാൽ ഒരു വിളവെടുപ്പ്‌ പൂർണ്ണമായി നഷ്ടമാകുന്ന അവസ്ഥയാണ്‌. കാലവർഷം സജീവമായില്ലെങ്കിൽ തുടർന്നുള്ള വിളവെടുപ്പും ഇതേ രീതിയിൽ തന്നെ മുടങ്ങുമെന്നാണ്‌ കർഷകർ പറയുന്നത്‌.
വളപ്രയോഗം നടത്തിയ തോട്ടങ്ങളിലും മഴ ലഭിക്കാത്തത്തിനാൽ ഏലച്ചെടികൾ മുരടിച്ച്‌ നിൽക്കുന്ന അവസ്ഥയാണ്‌. കാലാവസ്ഥ വ്യതിയാനം മൂലം പൂവിട്ട്‌ വിരിഞ്ഞ കായ്കൾ കൊഴിയുന്നുമുണ്ട്‌. ഇത്തരത്തിൽ പ്രതികൂല സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിലും ഏലത്തിന്റെ വിലത്തകർച്ചയും കർഷകർക്ക്‌ ഇരട്ടി പ്രഹരമാണ്‌ ഏൽപ്പിക്കുന്നത്‌. 900 രൂപവരെയാണ്‌ നിലവിൽ ഒരുകിലോ ഏലക്കായ്ക്ക്‌ കർഷകർക്ക്‌ ലഭിക്കുന്നത്‌. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക്‌ ഉൽപ്പാദന ചിലവിന്‌ ആനുപാതികമായി ഉയർന്ന വിലകൂടി ലഭിച്ചില്ലെങ്കിൽ കർഷകർ ഈ രംഗത്തുനിന്നും പിൻമാറുമെന്നതാണ്‌ സ്ഥിതി വിശേഷം.

  Categories:
view more articles

About Article Author