ഹൈവേയിലെ മുത്തശ്ശിമാർ

ഹൈവേയിലെ മുത്തശ്ശിമാർ
April 28 04:45 2017

രാമനാമം ജപിച്ചും കൊച്ചുമക്കളെ പരിപാലിച്ചും വീടിന്റെ ഒരു മൂലയ്ക്കു ചുരുണ്ടു കൂടേണ്ടവർ. ഇതാണ്‌ വയസ്സായി കഴിഞ്ഞാൽ മുത്തശ്ശിമാർ ചെയ്യേണ്ടതെന്ന ധാരണ നമുക്കിടയിലും മുത്തശ്ശിമാർക്കിടയിലും ഉണ്ട്‌. എന്നാൽ അങ്ങനെ ഒതുങ്ങികൂടാൻ ഈ നാലു മുത്തശ്ശിമാർ തയ്യാറായില്ല. വാർദ്ധക്യത്തിലെത്തിയതിന്റെ പേരിൽ സ്വയം വിധിയെ പഴിച്ചും അവശതകളെക്കുറിച്ച്‌ പരാതിപ്പെട്ടും കഴിഞ്ഞുകൂടുന്നവർ ഈ മുത്തശ്ശികളെ കണ്ടുപഠിക്കൂ. പ്രായം ഒന്നിനും ഒരു പരിധിയല്ലെന്നു അവർ ഓരോ യാത്രയിലും തെളിയിക്കുന്നു

രാമനാമം ജപിച്ചും കൊച്ചുമക്കളെ പരിപാലിച്ചും വീടിന്റെ ഒരു മൂലയ്ക്കു ചുരുണ്ടു കൂടേണ്ടവർ. ഇതാണ്‌ വയസ്സായി കഴിഞ്ഞാൽ മുത്തശ്ശിമാർ ചെയ്യേണ്ടതെന്ന ധാരണ നമുക്കിടയിലും മുത്തശ്ശിമാർക്കിടയിലും ഉണ്ട്‌. എന്നാൽ അങ്ങനെ ഒതുങ്ങികൂടാൻ ഈ നാലു മുത്തശ്ശിമാർ തയ്യാറായില്ല.
1996ൽ ഡൽഹി എയിംസിൽ നിന്ന്‌ സീനിയർ റിസേർച്ച്‌ ഓഫീസറായി വിരമിച്ച അറുപത്തിയൊന്നുകാരി നീരു ഗാന്ധി പിന്നീടുള്ള സമയമത്രയും മക്കളുടെ കാര്യങ്ങൾക്കായി ചെലവഴിച്ചു. കുടുംബത്തിന്റെ കെട്ടുപാടുകളിൽ നിന്ന്‌ മറ്റൊരു ചിന്തയിലേക്ക്‌ ഒരിക്കലും അവർ എത്തിനോക്കിയില്ല. അവരുടെ കാര്യങ്ങളിൽ മുഴുകി. മക്കൾ സ്വയംപര്യാപ്തരായതോടെ മുത്തശ്ശിക്കു ബാക്കി വന്നത്‌ ആവശ്യത്തിലേറെ സമയം. വിരസമായ ജീവിതത്തിൽ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. ഇനിയുള്ള ജീവിതം എങ്ങനെ വ്യത്യസ്തമായി ചിലവഴിക്കാം എന്ന ചിന്തയാണ്‌ അറുപത്തിയൊന്നുകാരിയായ നീരു മുത്തശ്ശിയെ യാത്രകളുടെ ലോകത്തേയ്ക്കു എത്തിച്ചത്‌.
കുറച്ചു കാലങ്ങൾക്കു മുൻപ്‌ ഞാൻ എന്റെ മകനൊപ്പം റോഡു വഴി ഹരിദ്വാറിലേക്കു ഒരു യാത്ര പോയി. അത്‌ എന്നെ വളരെയധികം സന്തോഷിപ്പിച്ചു എന്നു മാത്രമല്ല യാത്രകളെ സ്നേഹിക്കാനും പഠിപ്പിച്ചു. സുഹൃത്തുക്കളോടൊപ്പം അത്തരമൊരു യാത്ര പോകണമെന്ന്‌ തോന്നിയത്‌ അങ്ങനെയാണ്‌. ഞാൻ ഇക്കാര്യം എന്റെ വീട്ടുകാരുമായി പങ്കുവെച്ചു. അവരുടെ പ്രോത്സാഹനം കൂടിയായപ്പോൾ എനിക്കു കാത്തിരിക്കാൻ വയ്യാതായി.- നീരു മുത്തശ്ശി ഓർമ്മിക്കുന്നു. അങ്ങനെ മുത്തശ്ശി അവരുടെ ചില സുഹൃത്തുക്കളെ വിളിച്ചു കാര്യം അവതരിപ്പിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. വണ്ടിയോടിക്കാൻ അറിയില്ല, സ്ത്രീകൾ മാത്രമുള്ള യാത്ര സുരക്ഷിതമല്ല എന്നൊക്കെ പറഞ്ഞു അവർ ഒഴിഞ്ഞു. ചിലർക്ക്‌ വീട്ടുകാർ സമ്മതം നൽകിയില്ല. അവസാനം നീരു മുത്തശ്ശിയുടെ സഹോദരിയായ അറുപത്തിമൂന്നുകാരി സരിതയും അയൽവാസിയായ അൻപത്തിരണ്ടുകാരി മോണിക്കയും ഈ വെല്ലുവിളി ധൈര്യപൂർവ്വം സ്വീകരിച്ചു.
മക്കളുടെ സഹായത്തോടെ മൂന്നു മുത്തശ്ശിമാരും അവർ യാത്ര ചെയ്യാൻ പോകുന്ന റോഡുകളെപ്പറ്റി കൃത്യമായ വിവരങ്ങൾ മനസ്സിലാക്കി. അത്യാവശ്യഘട്ടത്തിൽ വിളിക്കേണ്ട ആശുപത്രി, പൊലീസ്‌ സ്റ്റേഷൻ, സർവീസ്‌ സെന്റർ എന്നിവയുടെ ഫോൺ നമ്പരുകളും ശേഖരിച്ചു. കൂടാതെ ടയർ മാറ്റിയിടാനും ട്രൈപോഡ്‌, സെൽഫി സ്റ്റിക്ക്‌, ഡിജിറ്റൽ ക്യാമറ എന്നിവയുടെ ഉപയോഗവും പഠിച്ചു. യാത്രയുടെ ഹരം മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ വേണ്ടി വുമൺ ഓൺ ഹൈവേ (പാതയിലെ സ്ത്രീ) എന്നൊരു ബ്ലോഗും ഏജ്‌ നോ ബാർ (പ്രായത്തിനു പരിധിയില്ല) എന്നൊരു ഫേസ്ബുക്ക്‌ പേജും ആരംഭിച്ചു. യാത്രാനുഭവങ്ങൾ അപ്പപ്പോൾ ലോകത്തെ അറിയിക്കണമെന്ന്‌ അവർ തീരുമാനിക്കുകയായിരുന്നു.
2016ലാണ്‌ ആദ്യമായി മുത്തശ്ശിമാർ യാത്ര ആരംഭിച്ചത്‌. ഡൽഹി മുതൽ അഞ്ചു സംസ്ഥാനങ്ങളിൽ (ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്‌നാട്‌) കൂടി യാത്ര ചെയ്തു രാമേശ്വരത്തെത്തി. ഇരുപത്തിയൊൻപത്‌ ദിവസമെടുത്താണ്‌ 4,440 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര അവസാനിച്ചത്‌. ഇതിനിടയ്ക്കു 23 സ്ഥലങ്ങളിൽ നിർത്തേണ്ടി വന്നു. ടയർ പഞ്ചറാകുക, പോലീസുകാരുമായുള്ള ഇടപെടലുകൾ, സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക്‌ ഡൗണാകുക തുടങ്ങി പല വെല്ലുവിളികളും യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്നു. പക്ഷേ അവയെല്ലാം നിസ്സാരമായി കണ്ടുകൊണ്ടു അവർ മുന്നോട്ടു നീങ്ങി. ആ യാത്ര പ്രചോദനമായതോടെ പുതിയ വഴികൾ കണ്ടെത്താൻ അവർ തീരുമാനിച്ചു. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ മൂലം സരിത മുത്തശ്ശി യാത്രയിൽ നിന്നു പിന്മാറി. പിന്നീട്‌ ആ സ്ഥാനത്തേയ്ക്കു എത്തിയതും മറ്റൊരു മുത്തശ്ശിയായിരുന്നു. നീരുവിന്റെ കോളേജിലെ സഹപാഠിയായിരുന്ന അറുപത്തിയൊന്നുകാരി പ്രതിഭാ സഭർവാൾ. 2015ൽ പഞ്ചാബ്‌ നാഷണൽ ബാങ്കിൽ നിന്നു മാനേജരായി വിരമിച്ച ശേഷം വിശ്രമിക്കുകയായിരുന്ന പ്രതിഭാ ഉടൻ തന്നെ ക്ഷണം സ്വീകരിക്കുകയും രണ്ടാമത്തെ യാത്രയ്ക്കു ഒപ്പം കൂടുകയും ചെയ്തു. 2017 മാർച്ച്‌ ആറിനായിരുന്നു അവരുടെ രണ്ടാമത്തെ യാത്ര. ഇരുപത്തിയഞ്ചു ദിവസം കൊണ്ടു ഡൽഹിയിൽ നിന്നു തുടങ്ങി ഗുജറാത്ത്‌ വരെ 4,000 കിലോമീറ്റർ സഞ്ചരിച്ചു.
ഞാനൊരു ഹൃദ്‌രോഗിയാണ്‌. മോണിക്കയ്ക്കു ആസ്മയുണ്ട്‌. വാർദ്ധക്യത്തിന്റേതായ എല്ലാ അവശതകളും ഞങ്ങൾ മൂന്നുപേർക്കുമുണ്ട്‌. അതുകൊണ്ട്‌ തന്നെ ഭക്ഷണക്രമത്തിലൊക്കെ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്‌. ഞങ്ങളുടെ കാറിൽ തന്നെ ഒരു ചെറിയ അടുക്കളയുണ്ട്‌. പിന്നെ കഴിവതും ചിട്ടയോടെ കഴിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്‌. പക്ഷേ അവശതയ്ക്കു ഞങ്ങളുടെ മനസ്സിലും യാത്രയിലും ഇടമില്ല – നീരു പറയുന്നു. വാർദ്ധക്യത്തിലെത്തിയതിന്റെ പേരിൽ സ്വയം വിധിയെ പഴിച്ചും അവശതകളെക്കുറിച്ച്‌ പരാതിപ്പെട്ടും കഴിഞ്ഞുകൂടുന്നവർ ഈ മുത്തശ്ശികളെ കണ്ടുപഠിക്കു. പ്രായം ഒന്നിനും ഒരു പരിധിയല്ലെന്നു അവർ ഓരോ യാത്രയിലും തെളിയിക്കുന്നു.

view more articles

About Article Author