ഹോംസ്റ്റേകളും സ്വാഗതമരുളുന്നത്‌ മടിശ്ശീലയിൽ കനമുള്ളവർക്ക്‌

ഹോംസ്റ്റേകളും സ്വാഗതമരുളുന്നത്‌ മടിശ്ശീലയിൽ കനമുള്ളവർക്ക്‌
June 08 04:45 2017

കേരളം കാണാത്ത മലയാളി 2
ബേബി ആലുവ
കൊച്ചി: കൊച്ചിയിൽ മെട്രോ റയിൽ യാഥാർത്ഥ്യമാവുകയാണ്‌. വൈകാതെ കായൽ യാത്രയ്ക്കായി ജലമെട്രോയും വരും. മെട്രോയെക്കുറിച്ച്‌ ധാരാളം പറഞ്ഞുകേട്ടിട്ടുള്ള, ലോക അത്ഭുതങ്ങളിലൊന്നായി മെട്രോയെ സങ്കൽപ്പിച്ചിട്ടുള്ള, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വിഭാഗങ്ങളുണ്ട്‌ നാട്ടിൽ. അവർക്ക്‌ മെട്രോ കണ്ട്‌ ആനന്ദിക്കാൻ കൊച്ചിയിലേക്കൊന്ന്‌ വരണമെന്നു തോന്നിയാൽ, അത്തരക്കാർക്ക്‌ ഭക്ഷണത്തിനും വേണ്ടി വന്നാൽ സുരക്ഷിതമായ താമസത്തിനും എന്താണൊരുമാർഗ്ഗം ? വമ്പൻ ഹോട്ടലുകളുടെയോ പാർപ്പിട കേന്ദ്രങ്ങളുടെയോ ഏഴയലത്തുകൂടി വഴിനടക്കാനുള്ള സാമ്പത്തിക ശേഷിയോ യോഗ്യതയോ ഇല്ല. മെട്രോ കാണാനും ഒരിക്കലൊന്ന്‌ യാത്ര ചെയ്യാനുമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന്‌ വിദ്യാർഥികളുടെ ഒഴുക്കുണ്ടാകും കൊച്ചിയിലേക്ക്‌.
കുടുംബമായി ദൂരസ്ഥലങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളിലെത്തുന്ന സാധാരണക്കാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്‌, രോഗങ്ങൾ കൈമാറാത്തതും ന്യായമായ വിലയ്ക്ക്‌ ലഭിക്കുന്നതുമായ നല്ല ഭക്ഷണവും, വിശ്വാസത്തോടെ അന്തിയുറങ്ങാൻ പറ്റിയ പരിമിത സൗകര്യങ്ങളുള്ളതെങ്കിലും നല്ല അന്തരീക്ഷമുള്ള പാർപ്പിടവും. ഒരുദാഹരണമെടുത്താൽ, ഏഷ്യയിലെത്തന്നെ ഏറ്റവും വലുതും ഏറെ പുരാതനവുമായ തീർത്ഥാടന കേന്ദ്രമാണ്‌ ഇടപ്പള്ളിയിലെ സെന്റ്‌ ജോർജ്ജ്‌ ദേവാലയം. അകലങ്ങളിൽ നിന്നുവരെ അനേകരെത്തുന്ന ഈ ദേവാലയത്തിന്റെ പരിസരങ്ങളിൽ പാവപ്പെട്ടവർക്ക്‌ പറ്റിയ പാർപ്പിട കേന്ദ്രങ്ങളില്ല. സമ്പന്നർക്ക്‌ അത്യാധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളുണ്ടുതാനും.
കേരളത്തിലെ പല പ്രധാനപ്പെട്ട, വിവിധ ജാതിമതസ്ഥരുടെ തീർത്ഥാടന കേന്ദ്രങ്ങളുടെയും സ്ഥിതി ഏതാണ്ട്‌ ഇങ്ങനെയൊക്കെതന്നെ. ചിലയിടങ്ങളിൽ ലോഡ്ജുകളുടെ ആധിക്യമില്ലെന്നില്ല. ചുരുക്കമായി ഹോംസ്റ്റേകളുമുണ്ട്‌. പക്ഷേ, മാലിന്യമുക്തമായവയും നല്ല ഭക്ഷണം വിതരണം ചെയ്യുന്നവയും സുരക്ഷിതത്വവും നല്ല പെരുമാറ്റവും പണാർത്തി ഇല്ലാത്തവയും ചുരുക്കമാണെന്ന്‌ അനുഭവസ്ഥർ പറയുന്നു. ചിലയിടങ്ങളിലെ ചിലതെങ്കിലും അനാശാസ്യ പ്രവർത്തനങ്ങൾക്ക്‌ പേര്‌ കേട്ടവയുമാണ്‌.
സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലും എണ്ണത്തിൽ കൂടിയും കുറഞ്ഞും ഹോംസ്റ്റേകളുണ്ട്‌. രജിസ്റ്റർ ചെയ്തതും ലൈസൻസുള്ളതുമായ ഹോംസ്റ്റേകൾ 800 എണ്ണമേയുള്ളൂ. അതിൽത്തന്നെ ഏറ്റവും കൂടുതൽ ആലപ്പുഴയിലാണ്‌. 100ന്‌ മേലെ. ഏറ്റവും കുറവ്‌ കാസർകോഡ്‌- ഒന്ന്‌. വിനോദ സഞ്ചാരികളുടെ തിരക്ക്‌ ഏറെ അനുഭവപ്പെടുന്ന മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കുമിളി, തേക്കടി, മൂന്നാർ എന്നീ പ്രദേശങ്ങളടങ്ങുന്ന എറണാകുളം, ഇടുക്കി ജില്ലകളിൽ ഹോംസ്റ്റേകളുടെ എണ്ണം 50ന്‌ മേലെ മാത്രം. എന്നാൽ, 3000-ലധികം ഹോംസ്റ്റേകൾ സംസ്ഥാനത്ത്‌ ലൈസൻസ്‌ ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്‌. മട്ടാഞ്ചേരി. ഫോർട്ടുകൊച്ചി ഭാഗത്തുമാത്രം ഇവയുടെ എണ്ണം 350 ഓളം വരും. ലൈസൻസ്‌ സമ്പാദിക്കുന്നതിനുള്ള കടമ്പകൾ കടക്കുക എളുപ്പമല്ലാത്തതുകൊണ്ട്‌ പുതുക്കാൻമടിക്കുന്നവയാണ്‌ ഇതിലേറെയും. ലൈസൻസിന്‌ അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുന്നവയുണ്ട്‌. ചിലത്‌ അതിന്‌ മനഃപൂർവ്വം ശ്രമിക്കാത്തവയും. ടൂറിസം ഒഴികെയുള്ള വകുപ്പുകളുടെ-തദ്ദേശം, പൊലീസ്‌, കെഎസ്‌ഇബി, പൊല്യൂഷൻ കൺട്രോൾ, ലേബർ, വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ ഇടപെടലുകളിലെ സുതാര്യമില്ലായ്മയും കടുംപിടുത്തവും ഈ മേഖലയെ തളർത്തുന്നു എന്നാണ്‌ സംസ്ഥാന നിലവാരത്തിൽ പ്രവർത്തിക്കുന്നതും 2008-ൽ രജിസ്റ്റർ ചെയ്തതുമായ കേരള ഹോംസ്‌ ആൻഡ്‌ ടൂറിസം സൊസൈറ്റി ഭാരവാഹികളുടെ പരാതി. പക്ഷേ, അപ്പോഴും ഒരു കാര്യം അവർ സമ്മതിക്കുന്നു. അവർ കാത്തിരിക്കുന്നത്‌ മടിശ്ശീലയിൽ കനമില്ലാത്ത തദ്ദേശീയനെയല്ല, പറഞ്ഞതിൽ കൂടുതൽ കൊടുക്കുന്ന വിദേശിയെയും പ്രതിഫലത്തുകയിൽ പിശുക്കുമെങ്കിലും കൈനിറയെ പണവുമായെത്തുന്ന ഉത്തേരന്ത്യക്കാരനെയുമാണ്‌.
(നാളെ: വേണം, ഒരു പുതിയ വിനോദസഞ്ചാര കാഴ്ചപ്പാട്‌)

  Categories:
view more articles

About Article Author