Wednesday
22 Aug 2018

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്ത് പകരാന്‍ പുതിയ അന്തര്‍വാഹിനി എത്തുന്നു

By: Web Desk | Tuesday 30 January 2018 6:26 PM IST

ന്യൂഡല്‍ഹി:സ്വന്തമായി അന്തര്‍ വാഹിനികള്‍ നിര്‍മ്മിക്കണമെന്ന ഇന്ത്യന്‍സ്വപ്‌നം ഇപ്പോഴും വെള്ളത്തില്‍,ഫ്രഞ്ച് സഹകരണത്തില്‍ പുത്തന്‍ അന്തര്‍ വാഹിനി എത്തുന്നു.
ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ അന്തര്‍വാഹിനി കൂടി എത്തുന്നു. പ്രോജക്‌ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് ആണ് നാവിക സേനയുടെ ഭാഗമാകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനി ജനുവരി 31 നീരണിയും.

പ്രോജക്ട് 75 ഇന്ത്യ എന്നു പേരിട്ട 70,000 കോടിരൂപയുടെ ഡീസല്‍ ഇലക്ട്രിക് സബ്മറൈന്‍പ്രോജക്ട് ആണ് ഒരു ദശാബ്ദമായി പ്രാഥമിക അനുമതി മാത്രം നേടി തുടരുന്നത്. പദ്ധതി ഈ ഫെബ്രുവരി ആറിന് പദ്ധതി ഒരിക്കല്‍കൂടി ലാപ്‌സ് ആകുകയാണ്. 2007ല്‍ പദ്ധതിഅവതരിപ്പിക്കുമ്പോള്‍ ഏഴ്-എട്ടുവര്‍ഷത്തിനുള്ളില്‍ ആദ്യ സബ്മറൈന്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്. ഒരുപാട് മേക്ക് ഇന്ത്യ വാഗ്ദാനങ്ങള്‍ക്കിടയിലും നാലുവര്‍ഷമായി മിലിറ്ററിയുടെ ഒരു പ്രധാന പദ്ധതിയും നടന്നില്ല എന്നതും ശ്രദ്ധേയം. ആറോളം പദ്ധതികള്‍ പലയിടങ്ങളില്‍ പലഘട്ടങ്ങളില്‍ തുടരുകയാണ്.

ഗോവയിലെ മസഗോണ്‍ ഡോക്കിലാണ് ഐഎന്‍എസ് കരഞ്ചിന്റെ നിര്‍മാണം നടന്നത്. 1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. 2019 മധ്യത്തോടെ ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ച്‌ ആറ് ഡീസല്‍ ഇലക്‌ട്രിക് എഞ്ചിന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്.

2017 ഡിസംബറില്‍ ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയ്ക്ക് കൈമാറി. രണ്ടാമനായ ഐഎന്‍എസ് ഖണ്ഡേരി ഈ മാസം ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കി. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം പകുതിയോടെ നാവികസേനയ്ക്ക് കൈമാറും.

നിലവില്‍ നാവികസേനയുടെ ഭാഗമായ സിന്ധുഘോഷ്, ശിശുമാര്‍ ക്ലാസില്‍ പെട്ട ആറ് അന്തര്‍വാഹിനികളുടെ പ്രവര്‍ത്തന കാലാവധി അവസാനിക്കാറായി. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ അഞ്ചു വര്‍ഷമെങ്കിലും ആവശ്യമായി വരും.

സേനയുടെ കണക്കിൽ  സമുദ്ര നിരീക്ഷണത്തിനായി നാവികസേനയ്ക്ക് കുറഞ്ഞത് 18 ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനികളും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 10 അന്തര്‍വാഹിനികളും ആവശ്യമുണ്ട്. ഇതില്‍ നാലെണ്ണം ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാവുകയും വേണം. എന്നാല്‍ ഇന്ത്യയുടെ കൈയില്‍ 13 പരമ്പരാഗത അന്തര്‍വാഹിനികളും രണ്ട് ആണവ അന്തര്‍വാഹിനികളും ഒരു ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനിയുമാണുള്ളത്