Saturday
16 Dec 2017

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ’ : 11 മുന്‍ എംപിമാര്‍ക്കെതിരെ കുറ്റം ചുമത്തി

By: Web Desk | Thursday 7 December 2017 10:18 PM IST

ന്യുഡല്‍ഹി: വിവാദമായ 2005 ലെ ‘പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ’ കേസില്‍ ബിജെപിയിലെയും ബിഎസ്പിയിലെയും 11 മുന്‍ എംപിമാര്‍ക്കെതിരെ കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റാരോപിതരില്‍ ആറുപേര്‍ ബിജെപി അംഗങ്ങളാണ്. മൂന്ന് ബിഎസ്പിക്കാരും ഓരോ ആര്‍ജെഡി, കോണ്‍ഗ്രസ് അംഗങ്ങളുമുണ്ട്. ഡല്‍ഹി തീസ് ഹസാരി സ്‌പെഷ്യല്‍ കോടതി ജഡ്ജി കിരണ്‍ ബന്‍സാല്‍ ആണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജനുവരി 12ന് ആരംഭിക്കുന്ന വിചാരണയ്‌ക്കെത്താന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
മുന്‍ എംപിമാരായ വൈ ജി മഹാജന്‍, ഛത്രപാല്‍ സിംഗ് ലോധ, അണ്ണാസഹേബ് എം കെ പാട്ടീല്‍ , ചന്ദ്രപ്രതാപ് സിങ്, സുരേഷ് ചന്ദേല്‍, പ്രദീപ് ഗാന്ധി (ബിജെപി), രാം സേകവ് സിങ് (കോണ്‍ഗ്രസ്), മനോജ് കുമാര്‍ (ആര്‍ജെഡി), നരേന്ദ്ര കുമാര്‍ കുഷ് വാഹ, ലാല്‍ ചന്ദ്ര കോല്‍, രാജ രാംപാല്‍ (ബിഎസ്പി) എന്നിവരും മറ്റു ചില വ്യക്തികളുമാണ് കേസിലെ പ്രതികള്‍. രാംപാലിന്റെ പിഎ ആയിരുന്ന രവീന്ദ്രകുമാര്‍, ഇടനിലക്കാരന്‍ വിജയ് ഫഗോട്ട് എന്നിവരും പ്രതികളാണ്. ഫഗോട്ട് പിന്നീട് മരണമടഞ്ഞിരുന്നു.
ഒരു സ്വകാര്യ ന്യൂസ് ചാനലുമായി ചേര്‍ന്ന് കോബ്രാപോസ്റ്റ് വെബ്‌സൈറ്റിന്റെ മാധ്യമപ്രവര്‍ത്തകരാണ് എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് എത്തിയ മാധ്യമപ്രവര്‍ത്തകരുടെ കെണിയില്‍ എംപിമാര്‍ വീഴുകയായിരുന്നു. ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ 2005 ഡിസംബര്‍ 12ന് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതോടെ ലോക്‌സഭാംഗങ്ങളായ 10 പേരെ സ്പീക്കര്‍ പുറത്താക്കി. രാജ്യസഭാംഗമായിരുന്ന ഛത്രപാല്‍ ലോധയെയും പുറത്താക്കിയിരുന്നു. ഡിസംബര്‍ 24 നായിരുന്നു ചരിത്രപരമായ പുറത്താക്കല്‍.
ആരോപണ വിധേയരും ഇടപാടുകാരും തമ്മില്‍ നടത്തിയ സംഭാഷണമടങ്ങിയ സിഡികളും ഡിവിഡികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2009ലാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ക്കുപുറമേ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ അനിരുദ്ധ ബഹാല്‍, സുഹാസിനി രാജ് എന്നീ കോബ്രാപോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ കേസുകള്‍ ഡല്‍ഹി ഹൈക്കോടതി പിന്നീട് റദ്ദാക്കി.

Photo Courtesy: India