Monday
16 Jul 2018

സംസ്ഥാനമൊട്ടാകെ കൃഷിവകുപ്പിന്‍റെ 1,105 വിഷുചന്തകള്‍

By: Web Desk | Wednesday 11 April 2018 8:58 PM IST

തിരുവനന്തപുരം:

വിഷു പ്രമാണിച്ച് ഏപ്രില്‍ 13, 14 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് – കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ് പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷുക്കണി 2018 എന്ന പേരില്‍ സംസ്ഥാനത്തുടനീളം 1105 നാടന്‍ പഴം, പച്ചക്കറി ചന്തകള്‍ സംഘടിപ്പിക്കുന്നു. വിഷുചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 ന് എറണാകുളത്ത് കാക്കനാട്ടുളള ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. വിപണി ഇടപെടല്‍ നടത്തുന്നതിനും, കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, ഉല്പന്നങ്ങള്‍ ന്യായവില നല്‍കി നേരിട്ട് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുളളതായി കൃഷിമന്ത്രി അറിയിച്ചു.

വിഷുക്കണി 2018 എന്ന പേരില്‍ 13,14 തീയതികളിലാവും ചന്തകള്‍ പ്രവര്‍ത്തിക്കുക. കര്‍ഷകരില്‍ നിന്നും 10 ശതമാനം വില അധികം നല്‍കി സംഭരിക്കുന്ന നാടന്‍ പഴം – പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നല്ലകൃഷി സമ്പ്രദായങ്ങള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്തിട്ടുളള നാടന്‍ ഉല്പന്നങ്ങള്‍ ജി എ പി സര്‍ട്ടിഫിക്കേഷനോടുകൂടി കേരള ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയില്‍ ലഭ്യമാക്കും. ഇവ 20 ശതമാനം വില അധികം നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിച്ച് 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുവാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ ഉത്പാദനമില്ലാത്ത പച്ചക്കറികള്‍ മാത്രം ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം പുറമേനിന്ന് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കേരളത്തിന് പുറത്തുനിന്നും ശേഖരിക്കുന്ന പച്ചക്കറികള്‍ പ്രത്യേകം ലേബലിലായിരിക്കും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.