Wednesday
19 Sep 2018

ശ്രീലങ്കന്‍ ബസില്‍ പൊട്ടിത്തെറി: 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

By: Web Desk | Wednesday 21 February 2018 10:26 PM IST

ജാഫ്‌ന:

ശ്രീലങ്കന്‍ നഗരമായ ദിയാതലവായില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ പൊട്ടിത്തെറി. 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.
ഏഴ് കരസേനാംഗങ്ങള്‍, അഞ്ച് നാവികസേനാംഗങ്ങള്‍,ഏഴ് സിവിലിയന്മാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് ശ്രീലങ്കന്‍ സേന അറിയിച്ചു.

ജാഫ്‌നയില്‍ നിന്ന് രാജ്യത്തെ പ്രധാന സൈനീക പരിശീലന കേന്ദ്രമായ ദിയാതലവായിലേക്ക് പോകുകയായിരുന്നു യാത്രാബസിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും ബോംബോ ഗ്രനേഡോ ആണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തിന് തീവ്രവാദബന്ധമുള്ളതായി റിപ്പോര്‍ട്ടുകളില്ലെന്ന് സൈനിക വക്താവ് സുമിത് അടപാട്ടു പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ബസിനുള്ളിലെ ഏതെങ്കിലും സ്‌ഫോടക സാധ്യതയുള്ള വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്ന് പൊലിസ് വ്യക്തമാക്കി. പരിക്കേറ്റവരെ ദിയതലാവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തരകലാപം 2009ല്‍ അവസാനിച്ചതിനു ശേഷം ശ്രീലങ്കയില്‍ സേനയെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായിട്ടില്ല.

 

Photo Courtesy: Times Of India
Related News