Saturday
17 Nov 2018

13 പേര്‍ കൊല്ലപ്പെട്ട കലിഫോര്‍ണിയ വെടിവയ‌്പില്‍ അക്രമി മുൻ നാവികൻ

By: Web Desk | Friday 9 November 2018 8:51 AM IST

കലിഫോര്‍ണിയ: തൗസന്റ‌് ഓക്ക‌്സ‌് നഗരത്തിലെ മ്യൂസിക‌് ബാറിലുണ്ടായ വെടിവയ‌്പില്‍ ഒരു പൊലീസുകാരനടക്കം 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അക്രമി മുൻ നാവികൻ. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാൾ സ്വയം മരിച്ചതാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന് വ്യക്തമല്ല. 12 പേർക്ക് പരിക്കുണ്ട്.  വെടിവയ‌്പ‌് നടക്കുമ്പോള്‍ ഇരുന്നൂറിലധികം പേര്‍ ബാറിലുണ്ടായിരുന്നു. ലൊസാഞ്ചലസ‌് നഗരത്തില്‍നിന്ന‌് 65 കിലോമീറ്റര്‍ അകലെ തൗസന്റ‌് ഓക‌്സിലെ പ്രശസ‌്തമായ ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്റ‌് ഗ്രില്ലില്‍ പ്രാദേശിക സമയം ബുധനാഴ‌്ച രാത്രി 11.20നാണ‌് സംഭവം.

കോളേജ‌് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ‌് ആക്രമണം. 30 തവണ വെടിശബ്ദം കേട്ടതായി ദൃക‌്സാക്ഷികളെ ഉദ്ധരിച്ച‌് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട‌് ചെയ‌്തു. ബാറിലേക്ക‌് പൊടുന്നനെ കടന്നുവന്ന അക്രമി പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നെന്ന‌് പൊലീസ‌് പറഞ്ഞു. ആള്‍ക്കൂട്ടത്തിലേക്ക‌് ഗ്രനേഡ‌് എറിഞ്ഞ‌് പുകപരത്തിയശേഷമായിരുന്നു വെടിയുതിര്‍ത്തത‌്. മുൻ നാവികൻ ഇയാൻ ഡേവിഡ് ലോങ് (28 )ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞു. മാനസിക പ്രശ്നമുള്ളതായി അറിയുന്ന ഇയാൾ അമ്മക്കൊപ്പമാണ് താമസം. 2009 ൽ വിവാഹിതനായി 2011 ൽ ബന്ധം വേർപെടുത്തി. സംഭവത്തിന‌് ഭീകര ബന്ധമുണ്ടോയെന്ന‌് അന്വേഷിക്കുമെന്ന‌് അധികൃതര്‍ വ്യക്തമാക്കി. റോൺ ഹെലൂസ്‌ ആണ് മരിച്ച ഓഫീസർ ഇദ്ദേഹം വിരമിക്കാനിരിക്കെയാണ് ദുരന്തം. 2018 നു ശേഷം കാലിഫോർണിയയിൽ 44 ഓഫീസർമാർക്കു ജോലിക്കിടെ വെടിയേറ്റിട്ടുണ്ട്. സംഭവത്തിൽ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.  നിയമവാഴ്ച ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ കാട്ടിയ ധീരതയെ അദ്ദേഹം അനുമോദിച്ചു.

Related News