160 ദശലക്ഷം പേടിഎം വാലറ്റുകളിലെ പണം പേമെന്റ്സ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌

160 ദശലക്ഷം പേടിഎം വാലറ്റുകളിലെ പണം പേമെന്റ്സ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌
January 12 03:40 2017

സ്വന്തം ലേഖകൻ
മുംബൈ: പേയ്മെന്റ്സ്‌ ബാങ്ക്‌ രൂപത്തിലേക്ക്‌ മാറുന്ന പേടിഎമ്മിലേക്ക്‌ ഒഴുകിയെത്തുന്നത്‌ 160 ദശലക്ഷം പേടിഎം വാലറ്റുകളിലെ പണം. ഈ മാസം 15 മുതലാണ്‌ പേടിഎം വാലറ്റുകൾ പ്രവർത്തനം നിർത്തുക. ഇതോടെ ആകെയുള്ള 160 ദശലക്ഷം വാലറ്റുകളും പേടിഎം പേയ്മെന്റ്സ്‌ ബാങ്കിങ്‌ അക്കൗണ്ടുകളായി മാറുമെന്നാണ്‌ അധികൃതർ അറിയിച്ചിരിക്കുന്നത്‌.
കേന്ദ്രസർക്കാരിന്റെ കറൻസി നിരോധനത്തിൽ രാജ്യത്ത്‌ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ബാങ്കിങ്‌ സ്ഥാപനമാണ്‌ പേടിഎം. തുടർന്നാണ്‌ പേയ്മെന്റ്സ്‌ ബാങ്കിങ്‌ രംഗത്തേക്കുള്ള ചുവടുമാറ്റം. കഴിഞ്ഞമാസമാണ്‌ ഇതിന്‌ ആർബിഐയുടെ അന്തിമ അനുമതി ലഭിച്ചത്‌. ബാങ്കിന്റെ ആദ്യ ശാഖ നോയ്ഡയിലാണ്‌ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുക.
ബാങ്കിങ്ങിലേക്ക്‌ മാറുന്നതിന്റെ ആദ്യപടിയായാണ്‌ വാലറ്റുകൾ അക്കൗണ്ടുകളായി പരിവർത്തനം ചെയ്യുന്നത്‌. ഇതോടെ വൺ97 കമ്യൂണിക്കേഷൻ ല്ി‍മിറ്റഡ്‌ എന്ന മാതൃകമ്പനിയുടെ കീഴിലുള്ള പേടിഎം പേയ്മെന്റ്സ്‌ ബാങ്ക്‌ ലിമിറ്റഡിന്റെ അക്കൗണ്ടുകളായി വാലറ്റുകൾ മാറും. വാലറ്റുകളിൽ ഇപ്പോഴുള്ള പണത്തിന്‌ ഒന്നും സംഭവിക്കില്ലെന്നും തുടർന്നും സേവനങ്ങൾ ലഭിക്കുമെന്നും കമ്പനി പറയുന്നു. കമ്പനിയുടെ ഇ കൊമേഴ്സ്‌ വിഭാഗം പ്രത്യേകമായിരിക്കും പ്രവർത്തനം തുടരുക.
പേയ്മെന്റ്‌ ബാങ്കിലേക്ക്‌ മാറാൻ താൽപ്പര്യമില്ലാത്തലവർക്ക്‌ അക്കാര്യം കമ്പനിയെ ഇമെയിലിൽ അറിയിക്കാം. അവരുടെ വാലറ്റുകളിൽ നിലവിലുള്ള പണം ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാറ്റാനുള്ള ഒറ്റത്തവണ അവസരവും പേടിഎം നൽകുന്നുണ്ട്‌. ആറുമാസമായി നിർജീവമായതോ, പൂജ്യം ബാലൻസ്‌ ഉള്ളതോ ആയ വാലറ്റുകൾ അക്കൗണ്ടുകളാക്കില്ല. വാലറ്റ്‌ അക്കൗണ്ടുകൾ ഇല്ലാത്തവർക്ക്‌ കെവൈസി നിബന്ധനകളോടെ പുതിയ പേയ്മെന്റ്‌ ബാങ്ക്‌ അക്കൗണ്ടുകൾ തുറക്കാം.
കറന്റ്‌ അക്കൗണ്ട്‌, സേവിങ്ങ്സ്‌ അക്കൗണ്ട്‌ നിക്ഷേപത്തിന്‌ അനുമതിയുള്ള പേയ്മെന്റ്‌ ബാങ്കുകൾക്ക്‌ ഇന്റർനെറ്റ്‌ ബാങ്കിങ്‌, എടിഎം/ ഡെബിറ്റ്‌ കാർഡ്‌ എന്നിവ ഒരുക്കാനുള്ള അനുമതിയുണ്ട്‌. ഇതിന്‌ പുറമേ മ്യൂച്വൽ ഫണ്ട്‌, ഇൻഷ്വറൻസ്‌ പോളിസികൾ എന്നിവ വിൽക്കുന്നതിനും അനുമതിയുണ്ട്‌.
ക്രെഡിറ്റ്‌ കാർഡുകൾ വിതരണം ചെയ്യുന്നതിനും വായ്പ നൽകുന്നതിനുമാണ്‌ ഇത്തരം സ്ഥാപനങ്ങൾക്ക്‌ വിലക്കുള്ളത്‌. ഒരാളിൽ നിന്നും ഒരുലക്ഷം രൂപ വരെയേ നിക്ഷേപമായി സ്വീകരിക്കാൻ കഴിയൂ. ഈ പരിധി ബാങ്കിന്റെ പ്രകടനത്തിനനുസരിച്ച്‌ ആർബിഐ പുതുക്കി നിശ്ചയിക്കുകയും ചെയ്യു.
ഒരു വർഷത്തിനുള്ളിൽ സ്വന്തമായി 200 ദശലക്ഷം അക്കൗണ്ടുകൾ നേടാനും 2020 ആകുന്നതോടെ 50 കോടി അക്കൗണ്ടുകളായി ഇത്‌ ഉയർത്താനുമാണ്‌ പേടിഎം പേമെന്റ്‌ ബാങ്ക്‌ ലക്ഷ്യമിടുന്നത്‌. നിലവിൽ രാജ്യത്ത്‌ പേയ്മെന്റ്‌ ബാങ്കിങ്‌ സൗകര്യം നൽകുന്ന ഭാരതി എയർടെൽ നിക്ഷേപങ്ങൾക്ക്‌ 7.5 ശതമാനം പലിശയാണ്‌ നൽകുന്നത്‌. പേടിഎം ഇതുവരെ പലിശനിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.

  Categories:
view more articles

About Article Author