Wednesday
24 Oct 2018

18 ഇന്ത്യാക്കാര്‍ ആറ് മാസമായി ഫുജൈറയിലെ ദുഃഖക്കടലില്‍

By: Web Desk | Thursday 9 August 2018 9:49 PM IST

കെ രംഗനാഥ്

ഫുജൈറ (യുഎഇ): പതിനെട്ട് ഇന്ത്യാക്കാര്‍ ആറ് മാസമായി ഫുജൈറാ തുറമുഖത്തു നൂങ്കൂരമിട്ടിരിക്കുന്ന ‘മഹര്‍ഷി വാമദേവ’ എന്ന വാതക ടാങ്കര്‍ കപ്പലില്‍ മരണത്തെ മുഖാമുഖം നോക്കികഴിയുന്നു.

ആറ് മാസമായി ശമ്പളവും ഭക്ഷണവും മരുന്നുമില്ലാതെ പുറംലോകവുമായുള്ള ബന്ധമറ്റു കഴിയുന്ന ഇവരെ രക്ഷിക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി പോലും മുന്നോട്ടുവരുന്നില്ല. വരുണ്‍ ഗ്ലോബല്‍ എന്ന പൊളിഞ്ഞ കപ്പല്‍ കമ്പനി വന്‍തുക ബാധ്യത വരുത്തിയതിനെത്തുടര്‍ന്നാണ് വാതകടാങ്കര്‍ ഫുജൈറ തുറമുഖത്ത് പിടിച്ചിട്ടത്. തുടര്‍ന്ന് ബാങ്കുകള്‍ ഇടപെട്ട് മറ്റൊരു കമ്പനി കപ്പലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതായി തുറമുഖ അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതും ഒരു തട്ടിപ്പുകമ്പനിയാണെന്നറിഞ്ഞതോടെ തുറമുഖ അധികൃതര്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസിയും കൈമലര്‍ത്തിയതോടെ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കപ്പലിന്റെ ക്യാപ്റ്റന്‍ കുമാര്‍കൃഷ്ണ കേന്ദ്രത്തിനും എംബസിക്കും സന്ദേശങ്ങളയച്ചിട്ട് ഒരു മറുപടി പോലും ലഭിക്കാതെ മാസങ്ങളായി കാത്തിരിപ്പാണ്. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ പലരും രോഗികളായി കപ്പലിലുണ്ടായിരുന്ന മരുന്നുകളും തീര്‍ന്നു. ചിലര്‍ക്ക് ചിക്കന്‍പോക്‌സും ശ്വാസകോശ-ചര്‍മരോഗവും ബാധിച്ചു. കപ്പല്‍ജീവനക്കാരനായ യുപി ബറേലി സ്വദേശി ജിതേന്ദ്രകുമാര്‍ പാണ്ഡേയ്ക്ക് ഹൃദയാഘാതമുണ്ടായി. ഗള്‍ഫ് നാവിഗേഷന്‍ മാരിറ്റൈം പോളിമര്‍ കമ്പനിയിലെ മലയാളിയായ മനോഹരന്‍ ഭരതന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇയാളെ കരയില്‍ കൊണ്ടുവന്നു ചികിത്സിച്ച ശേഷം നാട്ടിലേക്കയച്ചു. തീരെ അവശരായ രണ്ടുപേരെ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ അവശേഷിക്കുന്നവര്‍ കരയിലിറങ്ങിയാല്‍ തീരദേശ ഗാര്‍ഡുകളുടെ പിടിയിലാകും. കപ്പലിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ പോലുമില്ലാത്തതിനാല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനാകാതെ ബാഹ്യലോകവുമായി ബന്ധമില്ലാത്ത നില. ഈ നാവികരുടെ ദുരിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അല്‍പം ഭക്ഷണമെത്തിച്ചശേഷം കയ്യൊഴിഞ്ഞ നിലയില്‍ മാറിനില്‍ക്കുകയും ചെയ്യുന്നു.

Related News