Thursday
15 Nov 2018

ഗുജറാത്തില്‍ നിയമവിധേയമാക്കിയത് 18,000 കോടി രൂപയുടെ കള്ളപ്പണം

By: Web Desk | Tuesday 2 October 2018 10:45 PM IST

ന്യൂഡല്‍ഹി: നാലു മാസത്തിനിടെ ഗുജറാത്തില്‍ നിയമവിധേയമാക്കിയത് 18,000 കോടി രൂപയുടെ കള്ളപ്പണം. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയായ ഐഡിഎസിലൂടെയാണ് ഭീമമായ തുക നിയമവിധേയമാക്കിയത്.

രാജ്യത്ത് ആകെ വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ 29 ശതമാനവും ഗുജറാത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുപ്പക്കാരായ ഗുജറാത്തിലെ കള്ളപ്പണക്കാരെ സഹായിക്കാനാണ് തീരുമാനമെന്ന് വെളുപ്പിച്ച കള്ളപ്പണത്തിന്റെ തുക വ്യക്തമാക്കുന്നു.
രാജ്യത്ത് ആകെ കണക്കില്‍ പെടാത്തതായുള്ള സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം തുകയാണ് ഗുജറാത്തില്‍ മാത്രം നിയമവിധേയമാക്കി മാറ്റിയത്. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയായ ഐഡിഎസിലൂടെയാണ് ഏതാണ്ട് 18,000 കോടി രൂപ നിയമവിധേയമാക്കിയത്.

2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 4 മാസത്തിനിടെയാണ് ഇത്രയും തുക നിയമവിധേയമാക്കിയതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. അപേക്ഷ നല്‍കിയ ഭാരത് സിന്‍ഹ് ജലയ്ക്കു മറുപടി നല്‍കുന്നതിന് ആദായനികുതി വകുപ്പ് രണ്ടു വര്‍ഷത്തോളമെടുത്തു. റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. ഇയാളുടെ ഐഡിഎസ് പിന്നീട് റദ്ദാക്കി.

രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എത്ര രൂപ ഇത്തരത്തില്‍ നിയമവിധേയമാക്കിയിട്ടുണ്ടെന്ന കാര്യം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ ലഭിക്കുന്നതിനായി രണ്ടു വര്‍ഷത്തോളം പോരാടിയതായി ഭാരത്‌സിന്‍ഹ് ജല അവകാശപ്പെട്ടു. ആദ്യം അപേക്ഷ പരിഗണിച്ചില്ല. പിന്നീട് ഗുജറാത്തി ഭാഷയിലാണ് അപേക്ഷയെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. എന്നാല്‍ സെപ്റ്റംബര്‍ അഞ്ചിന് മുഖ്യവിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം എത്തിയതോടെയാണ് മറുപടി ലഭ്യമായത്– അദ്ദേഹം പറഞ്ഞു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു പരിധി നിശ്ചയിച്ചിരുന്നത്. തുകയുടെ 25 ശതമാനത്തിന്റെ ആദ്യഗഡു 2016 നവംബറിലും രണ്ടാംഗഡു 2017 മാര്‍ച്ചിലും ആയിരുന്നു അടയ്‌ക്കേണ്ടത്. ബാക്കിയുള്ളത് 2017 നവംബറിനു മുന്‍പും അടച്ചുതീര്‍ക്കാനായിരുന്നു നിര്‍ദേശം. രണ്ട് വര്‍ഷത്തോളം വിവരാവകാശരേഖ പ്രകാരം മറുപടി നല്‍കാതെ ഒഴിവുകഴിവ് പറഞ്ഞ ശേഷമാണ് ഒടുവില്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായതെന്നതും കള്ളപ്പണക്കാരെ സഹായിക്കാന്‍ വഴിവിട്ട നീക്കം ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയതെന്നും വ്യക്തമാക്കുന്നു.

Related News