Tuesday
20 Nov 2018

തീരദേശ മേഖലയുടെ പുനരുദ്ധാരണത്തിന് 2000 കോടി

By: Web Desk | Friday 2 February 2018 10:21 PM IST

തിരുവനന്തപുരം: തീരദേശ മേഖലയുടെ പുനരുദ്ധാരണത്തിന് ബജറ്റില്‍ 2000 കോടിരൂപയുടെ പ്രത്യേക പാക്കേജിന് രൂപം നല്‍കി. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ക്കാണിത്.
മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം നടപ്പാക്കും. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി നടപ്പാക്കും. അതിന് സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചു. തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 കോടിയും മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കല്‍ തുകയും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതിയും തീരദേശ വികസനത്തിന് 238 കോടിയും നീക്കിവെച്ചു.
നബാര്‍ഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ 584 കോടി ചെലവില്‍ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണം കിഫ്ബി വഴി പൂര്‍ത്തിയാക്കും. കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുക.
കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയിലുണ്ട്. തീരദേശത്ത് 250 ല്‍ കൂടുതല്‍ കുട്ടികളില്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍ ഉള്‍പ്പെടുത്തും.