Thursday
24 May 2018

2017 മൂലധനത്തിന്റെ 150-ാ‍ം വാർഷികം: മൂലധനവും പരിസ്ഥിതിയും

By: Web Desk | Tuesday 11 July 2017 4:45 AM IST

വലിയശാല രാജു

ശാസ്ത്രീയ പരിസ്ഥിതിവാദം രൂപപ്പെട്ട്‌ വന്നതും വികസിച്ചതും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലാണ്‌. മുതലാളിത്തം അതിന്റെ കൊടിയ ചൂഷണം തുടങ്ങിയ കാലഘട്ടമായിരുന്നു അത്‌. അനിയന്ത്രിതമായ വ്യാവസായിക വികസനം ഭൂമിയെ ജീവിക്കാൻ കൊള്ളാത്ത അവസ്ഥയിലേക്ക്‌ മലിനീകരിക്കപ്പെടുത്താൻ തുടങ്ങി.
അമേരിക്കൻ സമുദ്രജീവി ശാസ്ത്രജ്ഞയായിരുന്ന റേച്ചൽ കാഴ്സൺ (1907-1964) 1962 ൽ സെയിലന്റ്‌ സ്പ്രിങ്‌ (നിശബ്ദ വസന്തം) എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതോടെയാണ്‌ ലോകമെങ്ങുമുളള ജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ ബോധ്യമുണ്ടായത്‌. വ്യാവസായികവും കാർഷികവുമായ മുതലാളിത്ത വികസനം കീടനാശിനികളുടെ അമിത ഉപയോഗത്തിലൂടെ മുന്നേറിയപ്പോൾ നമ്മുടെ മണ്ണ്‌ ഒന്നിനും കൊള്ളാത്തതായി. വന്യജീവികളെയും അതിന്റെ ആവാസവ്യവസ്ഥയെയും അത്‌ മുച്ചൂടും നശിപ്പിച്ചു.
എന്നാൽ റേച്ചൽ കാഴ്സൺ നിശബ്ദവസന്തത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും 100 വർഷങ്ങൾക്ക്‌ മുമ്പ്‌ കടിഞ്ഞാണില്ലാത്ത മുതലാളിത്ത ചൂഷണം നമ്മെ എങ്ങനെയൊക്കെ വരിഞ്ഞുമുറുക്കുമെന്ന്‌ പ്രവചനസ്വഭാവത്തോടെ കാൾമാർക്ക്സ്‌ (1818-1883)എഴുതുകയുണ്ടായി.
“മുതലാളിത്ത കൃഷിയിലുണ്ടാകുന്ന എല്ലാ പുരോഗതിയും തൊഴിലാളികളെ മാത്രമല്ല മണ്ണിനെയും (അടിവര ലേഖകന്റേത്‌) കൊള്ളയടിക്കുന്ന കലയിലെ ഒരു പുരോഗതിയാണ്‌. തൽക്കാലത്തേക്ക്‌ മണ്ണിന്റെ വളക്കൂറ്‌ ഉയർത്തുന്നതിലുണ്ടായ എല്ലാ പുരോഗതിയും ആ വളക്കൂറിന്റെ ശാശ്വതങ്ങളായ എല്ലാ ഉറവിടങ്ങളെയും വറ്റിക്കുന്നതിലേക്കുള്ള പുരോഗതിക്ക്‌ അമേരിക്കൻ ഐക്യനാടുകളിലെപ്പോലെ ആധുനിക വ്യവസായത്തിന്റെ അടിത്തറയിന്മേൽ ഒരു രാജ്യം എത്രത്തോളം കൂടുതൽ അതിന്റെ വികസനം തുടങ്ങുന്നുവോ അത്രത്തോളം കൂടുതൽ സത്വരമാണ്‌ ഈ നശീകരണ പ്രക്രിയ. അതുകൊണ്ട്‌ എല്ലാ സമ്പത്തിന്റെയും മൂലസ്രോതസുകളായ മണ്ണിനെയും തൊഴിലാളിയെയും ഊറ്റിക്കുടിച്ച്‌ കൊണ്ട്‌ മാത്രമാണ്‌ മുതലാളിത്തോൽപാദനം സാങ്കേതികവിദ്യയെ വളർത്തുകയും ഒരു സാമൂഹ്യസൃഷ്ടിയായി വിവിധ പ്രക്രിയകളെ സംയോജിപ്പിക്കുകയും ചെയ്യുന്നത്‌.”
മൂലധനത്തിന്റെ ഒന്നാം സഞ്ചികയിൽ പരിസ്ഥിതിയെക്കുറിച്ച്‌ മുതലാളിത്തം അത്‌ എങ്ങനെ നശിപ്പിക്കുന്നുവെന്നതിനെക്കുറിച്ചും സംക്ഷിപ്തമായി മാർക്ക്സ്‌ വിവരിച്ചതാണ്‌ മുകളിൽ കൊടുത്തത്‌. ഇതെഴുതുന്ന 1850 കളിൽ ലോക ജനസംഖ്യ വെറും 150 കോടി മാത്രമാണ്‌. പരിസ്ഥിതിവാദം ശരാശരി ബുദ്ധിജീവികളുടെ തലച്ചോറിൽ പോലും രൂപമെടുത്തിരുന്നില്ല. അമേരിക്കയെ പാരിസ്ഥിതിക തകർച്ചയുടെ പ്രതീകമായി മാർക്ക്സ്‌ വിവരിച്ചത്‌ ഒരുപക്ഷേ വിരോധാഭാസമായി തോന്നാം. കാരണം വർഷങ്ങൾക്കുശേഷം അമേരിക്കയെ മുൻനിർത്തിയാണ്‌ റേച്ചൽ കാഴ്സൺ തന്റെ പരിസ്ഥിതി പഠനങ്ങൾ നടത്തിയത്‌.

മുതലാളിത്തത്തിന്റെ കാർഷികരംഗത്തെ രീതികൾ കൊള്ളലാഭമുണ്ടാക്കാനുളള വ്യഗ്രതയിൽ മണ്ണിന്റെ ജൈവസത്തയെ എങ്ങനെ മുച്ചൂടും നശിപ്പിച്ച്‌ കളയുമെന്ന്‌ പരിസ്ഥിതി ബോധം ശാസ്ത്രീയമായി വികസിക്കാതിരുന്ന കാലത്ത്‌ കാൾമാർക്ക്സ്‌ എത്രകൃത്യമായി മനസിലാക്കി എന്നത്‌ അത്ഭുതകരംതന്നെ.
ഭൂമിയും അതിലെ മണ്ണും മനുഷ്യജീവനും കൃഷിയും പലരൂപത്തിലുള്ള ചൂഷണവും അതിന്റെ പരസ്പര ബന്ധവും പ്രത്യാഘാതങ്ങളും കാൾമാർക്ക്സ്‌ മൂലധനത്തിന്റെ ഈ ഒന്നാം സഞ്ചികയിൽ എത്ര ആഴത്തിൽ അളന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. മാർക്ക്സ്‌ പരിസ്ഥിതിയെക്കുറിച്ച്‌ എഴുതുന്ന കാലത്ത്‌ പരിസ്ഥിതി ആഘാതമോ ആഗോളതാപനമോ മനുഷ്യനെ നേരിട്ട്‌ ബാധിക്കുന്ന ഒന്നായി മാറിയിരുന്നില്ല. സാധാരണ മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ ഏതെങ്കിലും കോണിൽ പോലും പരിസ്ഥിതിയോ കാലാവസ്ഥ വ്യതിയാനമോ ആവാസവ്യവസ്ഥയോ ജൈവ വൈവിധ്യമോ ഉണ്ടായിരുന്നില്ല. ഗ്രീക്ക്‌ ചിന്തകനായ അരിസ്റ്റോട്ടിൽ മണ്ണിനെക്കുറിച്ചും ഭാരതീയ ചിന്തകരിൽ പലരും മരങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എഴുതിയിട്ടുണ്ടെങ്കിലും ഭാവിയിൽ പരിസ്ഥിതി തകർച്ച മനുഷ്യന്റെ നിലനിൽപ്പിനെ എങ്ങനെ തകർക്കുമെന്ന്‌ ദീർഘവീക്ഷണം നടത്തിയിട്ടില്ല.
“പരിസ്ഥിതി മനുഷ്യന്റെ അജൈവ ശരീരമെന്നാണ്‌ മാർക്ക്സ്‌ മറ്റൊരിടത്ത്‌ പറയുന്നത്‌. ഈ ഭൂമിയും അതിന്റെ ചുറ്റുപാടുകളും മനുഷ്യന്റെ തന്നെ ഭാഗമാണെന്നും മനുഷ്യന്റെ നിലനിൽപ്പ്‌ പരിസ്ഥിതിയുമായുള്ള നിലനിൽപ്പുമായി ബന്ധപ്പെട്ടാണെന്നും ദീർഘവീക്ഷണം നടത്തിയ മാർക്ക്സ്‌ അതുല്യപ്രഭാവൻ തന്നെയാണ്‌. മൂലധനത്തിന്റെ പല ഭാഗങ്ങളിലും ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മാർക്ക്സ്‌ പറഞ്ഞ്‌വെയ്ക്കുന്നുണ്ട്‌.”
“സുസ്ഥിരതയെന്നത്‌ ഭൂമിയിലെ പാരിസ്ഥിതിക വ്യൂഹങ്ങളുടെ സുസ്ഥിരതയാണ്‌. വരും തലമുറയ്ക്ക്‌ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ കൈമാറേണ്ട ഒന്നാണ്‌ ഈ ഭൂമി. മനുഷ്യൻ ഈ ഭൂമിയുടെ ഉടമസ്ഥനല്ല. അതിലെ പാട്ടക്കാർ മാത്രമാണ്‌.”
കാൾ മാർക്ക്സ്‌ മറ്റൊരിടത്ത്‌ പറയുന്നതാണിത്‌. ഇത്‌ വായിക്കുമ്പോൾ ഈ നൂറ്റാണ്ടിലെ ഒരു പരിസ്ഥിതി ചിന്തകൻ പറയുന്നതുപോലെയാണ്‌ നമുക്ക്‌ തോന്നുക.
പലരും കരുതുന്നത്‌ പോലെ മൂലധനം എന്ന കൃതി മുതലാളിത്ത ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്ന വെറുമൊരു സാമ്പത്തികശാസ്ത്ര ഗ്രന്ഥം മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയെയും തൊടുന്ന ഒരു ശാസ്ത്ര-പരിസ്ഥിതി ഗ്രന്ഥം കൂടിയാണ്‌.മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചിട്ട്‌ ഇപ്പോൾ 150 വർഷം തികയുകയാണ്‌.
20 വർഷത്തോളം നീണ്ട അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്‌ ഈ കൃതിയുടെ രചനയിലേക്ക്‌ മാർക്ക്സിനെ നയിച്ചത്‌. തുടർന്നുള്ള വാള്യങ്ങൾ പ്രസിദ്ധീകരിക്കുവാൻ മാർക്ക്സ്‌ ജീവിച്ചിരുന്നില്ല. സഹപ്രവർത്തകനും സ്നേഹിതനുമായിരുന്ന എംഗൽസാണ്‌ മാർക്ക്സിന്റെ കൈയെഴുത്ത്‌ പ്രതികളിൽ നിന്നും രണ്ടും മൂന്നും വാള്യങ്ങൾ യഥാക്രമം 1855 ലും 1893ലും പ്രസിദ്ധീകരിച്ചത്‌.
പിന്നെയും ബാക്കിയായ കൈയെഴുത്ത്‌ പ്രതിയുടെ ഭാഗങ്ങൾ മിച്ചമൂല്യ സിദ്ധാന്തങ്ങൾ എന്ന പേരിൽ 1905-10 കാലയളവിൽ പ്രസിദ്ധീകരിച്ചു.