Friday
19 Oct 2018

രാഷ്ട്രീയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ വര്‍ഗബോധമുള്ള തൊഴിലാളികള്‍ ഉണ്ടാകണം: സി ദിവാകരന്‍ എംഎല്‍എ

By: Web Desk | Friday 13 April 2018 10:45 PM IST

ചാത്തന്നൂര്‍: തൊഴിലാളി വിരുദ്ധ നയങ്ങള്‍ മാത്രമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ വര്‍ഗബോധമുള്ള തൊഴിലാളി വര്‍ഗമുണ്ടായാല്‍ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂയെന്ന് സി ദിവാകരന്‍ എംഎല്‍എ. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചാത്തന്നൂരില്‍ സംഘടിപ്പിച്ച ‘പരമ്പരാഗത വ്യവസായം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിപ്ലവമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഈ കാലയളവില്‍ ഭരണാധികാരികള്‍ വിസ്മരിച്ചുപോകുന്നത് മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന പരമ്പരാഗത വ്യവസായത്തെയാണ്. പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ദീര്‍ഘ വീക്ഷണത്തോടെ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ല. പരമ്പരാഗത വ്യവസായ തൊഴിലാളികളാണ് രാജ്യത്തെ രാഷ്ട്രീയ പോരാട്ടങ്ങളുടെ മുന്നണി പോരാളികള്‍. അല്ലാതെ സാങ്കേതിക വിപ്ലവത്തിന്റെ സന്തതികളല്ലായെന്നുള്ളത് നമ്മള്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ മേഖലയെ സംരക്ഷിക്കാന്‍ വീടുകളില്‍ നിന്നും തൊണ്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ച് വരുന്നതായി ആനത്തലവട്ടം ആനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്പറഞ്ഞു തൊഴിലാളികളെ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒത്തൊരുമിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എഐടിയുസി നേതാവ് ജെ ഉദയഭാനു, പി എസ് സുപാല്‍, ജി എസ് ജയലാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.