23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; 23 ഓര്‍മ്മമരങ്ങള്‍ നട്ടു

By: Web Desk | Monday 16 April 2018 11:00 PM IST

കൊല്ലം: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ അനുസ്മരിച്ച് സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 23 ഓര്‍മ്മ മരങ്ങള്‍ നടുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖത്തല എംജിടിഎച്ച്എസ് അങ്കണത്തിലായിരുന്നു ഓര്‍മ്മമരം നടീല്‍ പരിപാടി.
കശുഅണ്ടി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തില്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും വേണമെന്ന ആശയമാണ് ഇത്തരമൊരു പരിപാടിക്ക് പിന്നിലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ മൂന്ന് ലക്ഷം കശുമാവ് തൈകള്‍ വച്ചുപിടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 23 കശുമാവിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നത് പ്രതിസന്ധി തരണം ചെയ്യുക എന്ന സന്ദേശത്തിന്റെ ഭാഗമായാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ കൈമാറിയ തൈ നട്ടുകൊണ്ടാണ് കാനം രാജേന്ദ്രന്‍ തുടക്കമിട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എച്ച് രാജീവന്‍, ജി ലാലു, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി ഉണ്ണികൃഷ്ണപിള്ള, ജി ബാബു, ദിനേശ്ബാബു, മണ്ഡലം സെക്രട്ടറി സി പി പ്രദീപ്, എ ബാലചന്ദ്രന്‍, എന്‍ ഗോപാലകൃഷ്ണന്‍, എം സജീവ്, ടി വിജയകുമാര്‍, എ ഇബ്രാഹിംകുട്ടി, അഡ്വ. മനോജ്കുമാര്‍, രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.