Wednesday
23 Jan 2019

23-ാം പാര്‍ട്ടികോണ്‍ഗ്രസ് സെമിനാറുകള്‍ക്ക് തുടക്കമായി

By: Web Desk | Tuesday 13 March 2018 10:14 PM IST

കൊല്ലം: സിപിഐയുടെ 23-ാം കോണ്‍ഗ്രസിന് മുന്നോടിയായി വിവിധ സെമിനാറുകള്‍ക്ക് രൂപം നല്‍കി. രാഷ്ട്രീയ, സാമ്പത്തിക, പരിസ്ഥിതി, കാര്‍ഷിക, സാംസ്‌കാരിക, തൊഴില്‍ മേഖലകളിലെ വിഷയങ്ങള്‍ അധികരിച്ചാണ് സെമിനാറുകള്‍. ദേശീയനേതാക്കള്‍ അടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.

‘മാധ്യമങ്ങളുടെ രാഷ്ട്രീയവും പൊതുസമൂഹവും’ എന്ന ആദ്യ സെമിനാര്‍ ഇന്ന് കോട്ടയത്ത് നടന്നു. 23ന് തിരുവനന്തപുരത്ത് ‘വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും വര്‍ത്തമാനകാല ഇന്ത്യയും’ എന്ന സെമിനാര്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എംപി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.

24ന് എറണാകുളത്ത് ‘ആഗോളവല്‍ക്കരണത്തിന്‍റെ കാല്‍നൂറ്റാണ്ട്’ എന്ന വിഷയത്തിന്മേല്‍ നടക്കുന്ന സെമിനാര്‍ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക്ക്, വി എം സുധീരന്‍, കെ പ്രകാശ്ബാബു, ഡോ. ജയാമേത്ത, ഡോ. രവിരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 26ന് കോഴിക്കോട്ട് ‘ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനെതിരേയുള്ള അതിക്രമവും പ്രതിരോധവും’ എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. കമല്‍മിത്ര ചിനോയ്, സത്യന്‍ മൊകേരി, പി കെഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, വിനയന്‍ എന്നിവര്‍ പങ്കെടുക്കും.

31ന് തൃശ്ശൂരില്‍ ‘മാര്‍ക്‌സിസത്തിന്‍റെ സമകാലിക പ്രസക്തി’ എന്ന സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍, സി എന്‍ ജയദേവന്‍ എംപി, ഡോ. എസ് പി ശുക്ല, മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ നാലിന് പുനലൂരില്‍ ‘കലാസാംസ്‌കാരിക പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും’ എന്ന വിഷയത്തിന്മേല്‍ നടക്കുന്ന സെമിനാര്‍ കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജു മോഡറേറ്ററായിരിക്കും. കെപിഎസി ലളിത, പി കെ മേദിനി, എം എ നിഷാദ്, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ അഞ്ചിന് കൊട്ടാരക്കരയില്‍ ‘വിദ്യാഭ്യാസ ഫാസിസവല്‍ക്കരണവും കലാലയ രാഷ്ട്രീയ നിരോധനവും’ എന്ന സെമിനാര്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വി പി ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായിരിക്കും. വി ഡി സതീശന്‍, കെ സുരേഷ്‌കുറുപ്പ് എംഎല്‍എ, ശുഭേഷ് സുധാകര്‍ എന്നിവര്‍ പങ്കെടുക്കും.
ഏപ്രില്‍ ആറിന് ചടയമംഗലത്ത് ‘ഇന്ത്യന്‍ സ്ത്രീസമൂഹവും സമീപകാല വെല്ലുവിളികളും’ എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ ആനിരാജ ഉദ്ഘാടനം ചെയ്യും. അഡ്വ. പി വസന്തം മോഡറേറ്ററായിരിക്കും. സിന്ധുസൂര്യകുമാര്‍, വീണജോര്‍ജ്ജ് എംഎല്‍എ, ഭാഗ്യലക്ഷ്മി, ആര്‍ ലതാദേവി എന്നിവര്‍ പങ്കെടുക്കും. ഏപ്രില്‍ ഏഴിന് പത്തനാപുരത്ത് ‘കാര്‍ഷികമേഖലയും കര്‍ഷക ആത്മഹത്യയും’ എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. പി പ്രസാദ് മോഡറേറ്ററായിരിക്കും. കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, കെ വി രാമകൃഷ്ണന്‍, വി ചാമുണ്ണി, കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

ഏപ്രില്‍ 11ന് കരുനാഗപ്പള്ളിയില്‍ ‘ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനങ്ങളും സമകാലികപോരാട്ടങ്ങളും’ എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ രാമചന്ദ്രന്‍ എംഎല്‍എ മോഡറേറ്ററായിരിക്കും. ഇളമരം കരീം, ആര്‍ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ഏപ്രില്‍ 12ന് കൊല്ലത്ത് ‘മതവും മതേതരത്വവും’ എന്ന സെമിനാര്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മോഡറേറ്ററായിരിക്കും. സ്വാമി സന്ദീപാനന്ദഗിരി, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും.

മുല്ലക്കര രത്‌നാകരന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ സബ്കമ്മിറ്റിയാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയതെന്ന് കണ്‍വീനര്‍ പി എസ് സുപാല്‍ അറിയിച്ചു.