Saturday
16 Dec 2017

മഞ്ഞള്‍ പ്രസാദത്തിന്റെ വേര്‍പാടിന് 25 വയസ്സ്

By: Web Desk | Tuesday 5 December 2017 7:00 AM IST

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: മഞ്ഞള്‍ പ്രസാദത്തിന്റെ നൈര്‍മല്യത്തോടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മോനിഷയുടെ വേര്‍പാടിന് ഇന്ന് 25 വയസ്സ്. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയില്‍ വാഹനാപകടത്തിലാണ് മലയാളത്തിന്റെ മഞ്ഞള്‍പ്രസാദത്തിനെ പ്രേക്ഷകര്‍ക്ക് നഷ്ടമായത്.
ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലക്കേറ്റ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമ്മ നിസാര പരിക്കുകളോടെ രക്ഷപെട്ടു. 1971 ല്‍ കോഴിക്കോട് പി നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവിയുടെയും മകളായി ജനിച്ച മോനിഷ 1986 ല്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാള സിനിമയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച എം ടി വാസുദേവന്‍നായര്‍-ഹരിഹരന്‍ ടീമിന്റെ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് മോനിഷയുടെ ജീവിതത്തില്‍ വഴിത്തിരിവായി. കൗമാര പ്രായക്കാരുടെ ത്രികോണ പ്രണയകഥ മനോഹരമായി ആവിഷ്‌ക്കരിച്ച നഖക്ഷതങ്ങളെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇതോടൊപ്പം മോനിഷയും പ്രേക്ഷകഹൃദയം കീഴടക്കുകയായിരുന്നു. ഗൗരി എന്ന ഗ്രാമീണ പെണ്‍കുട്ടിയെ അവതരിപ്പിച്ച മോനിഷയ്ക്ക് 1987 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് മലയാള സിനിമയില്‍ കൂടുതല്‍ സജീവമായി. അച്ചന്‍ നാരായണനുണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവായമായതിനാല്‍ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നര്‍ത്തകിയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നും നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച മോനിഷയ്ക്ക് 1985 ല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കൗശിക പുരസ്‌ക്കാരം ലഭിച്ചു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകളില്‍ വേഷമിട്ട താരം 21-ാമത്തെ വയസ്സിലാണ് മരണമടഞ്ഞത്.
ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍, തലസ്ഥാനം, ഒരുകൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, വേനല്‍കിനാവുകള്‍, കടവ്, ഋതുഭേദം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന നാളുകളിലാണ് മോനിഷ കടന്നുപോയത്.