Tuesday
22 Jan 2019

രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍

By: Web Desk | Friday 11 January 2019 10:47 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിലൂടെ നരേന്ദ്രമോഡി സര്‍ക്കാര്‍ ജനത്തെ പറ്റിക്കുമ്പോള്‍ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍. പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളായ റയില്‍വേ, തപാല്‍, സുരക്ഷാ സേന, പൊലീസ്, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒഴിവുകളുടെ ഔദ്യോഗിക കണക്കാണിത്. പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി തസ്തികകള്‍ വെട്ടിക്കുറച്ചതും ചേര്‍ത്താല്‍ തസ്തികകളുടെ എണ്ണം 50 ലക്ഷമെങ്കിലും ആയിരിക്കും.

മതിയായ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി പുതിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുകയും പുതിയ 4,089 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും നിലവിലുള്ള ആറ് എയിംസുകളിലായി 20,221 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. ഫാക്കല്‍ട്ടി അംഗങ്ങളുടെ ഉയര്‍ന്ന തസ്തിക ഉള്‍പ്പെടെ ഇതിലുണ്ടെന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലുണ്ട്.

40 കേന്ദ്ര സര്‍വകലാശാലകളില്‍ 17,092 അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 5,606 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രേഖകള്‍ അനുസരിച്ച് രാജ്യത്താകെ പത്തുലക്ഷം അധ്യാപക തസ്തികകള്‍ ഒഴിവുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ചതില്‍ 4,17,057 അധ്യാപക ഒഴിവുകളും നികത്തിയിട്ടില്ല.
ഹൈക്കോടതികളുള്‍പ്പെടെ വിവിധ കോടതികളിലായി 3,500ലധികം ഒഴിവുകളുണ്ട്. റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, മറ്റ് എല്ലാ വിഭാഗത്തിലുമായി 2,50,410 തസ്തികകള്‍ വീതം നികത്താതെ കിടക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സിആര്‍പിഎഫില്‍ 22,746, അതിര്‍ത്തിരക്ഷാ സേനയില്‍ 19,320, വ്യവസായ സുരക്ഷാ സേനയില്‍ 5,165, ശാസ്ത്രസീമാ ബെല്ലില്‍ 19,175, ടിബറ്റന്‍ അതിര്‍ത്തി സേനയില്‍ 3,774 എന്നിങ്ങനെ ഒഴിവുകളുണ്ട്. ഇന്ത്യന്‍ റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ 2,50410 തസ്തികകള്‍ വീതം നികത്താതെ കിടക്കുന്നു.

കഴിഞ്ഞ മാസം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നാല് വിഭാഗങ്ങളിലായി 4,12,752 ഒഴിവുകളുണ്ട്. ഇതില്‍ 3,21,418 നോണ്‍ഗസറ്റഡ് വിഭാഗത്തിലാണ്. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ 4,000, തപാല്‍ മേഖലയില്‍ 57,574 തസ്തികള്‍ നികത്താതെ കിടക്കുകയാണ്.