ഭൂമി കയ്യേറ്റത്തിന്റെ രസതന്ത്രങ്ങൾ പലവിധം

ഭൂമി കയ്യേറ്റത്തിന്റെ രസതന്ത്രങ്ങൾ പലവിധം
May 11 04:55 2017

മൂന്നാർ: ദുരന്ത പർവ്വം 5
ജോമോൻ വി സേവ്യർ

മൂന്നാറിൽ ഭൂമി കയ്യേറുന്നതിനായി മാഫിയ പലവിധ തന്ത്രങ്ങളാണ്‌ പ്രയോഗിക്കുന്നത്‌. വില്ലേജ്‌, പഞ്ചായത്ത്‌, താലൂക്ക്‌ ഓഫീസുകളിലെ ചില ഉദ്യോഗസ്ഥരുടെ പിൻബലവും സഹായവും ഇതിനുണ്ട്‌.
കയ്യേറ്റങ്ങൾ ഏറെ നടന്നിട്ടുള്ള കെഡിഎച്ച്‌, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ്‌ ഇത്തരം ഉദ്യോഗസ്ഥ മാഫിയകൾ കൂടുതലായും ഉള്ളത്‌. 2000ൽ മൂന്നാറിൽ ടൂറിസം രംഗത്ത്‌ വൻകിട മുതലാളിമാർ പണം മുടക്കാൻ വന്നു തുടങ്ങിയതോടെയാണ്‌ കയ്യേറ്റത്തിന്റെ പ്രാധാന്യം തദ്ദേശീയരായ ചിലർക്ക്‌ മനസ്സിലായി തുടങ്ങിയത്‌. ടാറ്റ തങ്ങളുടെ തേയില തോട്ടങ്ങളിലെ ബംഗ്ലാവുകൾ ടൂറിസ്റ്റ്‌ ബംഗ്ലാവുകളായി മാറ്റി തുടങ്ങിയ ടൂറിസം വ്യവസായമാണ്‌ ഇപ്പോൾ റിസോർട്ട്‌ മാഫിയയുടെ കൈകളിലെത്തി നിൽക്കുന്നത്‌.
വ്യാജ പട്ടയങ്ങൾ ഉപയോഗിച്ചാണ്‌ ഭൂമി കയ്യേറ്റം ഉണ്ടായിട്ടുള്ളതെന്ന്‌ റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. ഭൂമി കയ്യേറാനും വ്യാജ പട്ടയങ്ങൾ ഉണ്ടാക്കാനുമായി മൂന്നാർ കേന്ദ്രീകരിച്ച്‌ വൻലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്‌. ഇതിൽ നാട്ടിലെ പ്രമുഖ വ്യവസായികളും ഉദ്യോഗസ്ഥരും ഉൾപ്പെടും. റിസോർട്ടിനും മറ്റ്‌ വാണിജ്യ നിർമ്മാണങ്ങളും നടത്താൻ പറ്റുന്ന ഭൂമി കണ്ടെത്തുന്ന മാഫിയ സംഘം ആദ്യം പത്ത്‌ സെന്റോ അതിൽ താഴെയോ ഭൂമി താൽക്കാലിക വേലി കെട്ടി തിരിച്ച്‌ സ്വന്തമാക്കുന്നു. പിന്നീട്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ വ്യാജ പട്ടയം കയ്യേറിയ ഭൂമിക്ക്‌ സ്വന്തമാക്കും. വ്യാജ പട്ടയം ലഭിക്കുന്നതോടെ കയ്യേറ്റ മാഫിയ ഭൂമി വിൽക്കാനുള്ള ശ്രമം ആരംഭിക്കും. കണ്ണായ സ്ഥലം വൻതുകക്ക്‌ വിൽപ്പന നടത്തും. ഭൂമിയെ സംബന്ധിച്ചുള്ള രേഖകളെല്ലാം നിയമാനുസൃതമാണെന്ന്‌ വിശ്വസിപ്പിക്കാൻ സ്ഥലം വാങ്ങാൻ എത്തുന്നവരെ വില്ലേജോഫീസിൽ എത്തിച്ച്‌ രേഖകൾ പരിശോധിക്കും. മാഫിയയുടെ കണ്ണികളായിട്ടുള്ള ഉദ്യോഗസ്ഥർ പട്ടയം നിയമാനുസൃതം ഉള്ളതാണെന്ന്‌ വാങ്ങാനെത്തുന്നവരെ ബോധ്യപ്പെടുത്തുകയും കരമടച്ച രസീത്‌ ബുക്ക്‌ കാണിക്കുകയും ചെയ്യും. വാങ്ങുന്ന സ്ഥലത്തിനോട്‌ ചേർന്ന്‌ കിടക്കുന്ന സ്ഥലം നിസാര വിലക്ക്‌ വാങ്ങിത്തരാമെന്നും ബഹുനില കെട്ടിടം നിർമ്മിക്കാൻ അനുമതി വാങ്ങിത്തരാമെന്നും പറയുകയും ചെയ്തു. ഇതോടെ മൂന്നാറിലെ സ്ഥലങ്ങളെ കുറിച്ച്‌ അറിവില്ലാത്ത അന്യജില്ലകളിൽ നിന്നും എത്തുന്നവർ മാഫിയ പറയുന്ന വിലക്ക്‌ ഭൂമി വാങ്ങും. ഇതാണ്‌ കാലങ്ങളായി ഭൂമാഫിയ മൂന്നാറിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.
ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കും ഭവന പദ്ധതിക്കായി സർക്കാർ പതിച്ചു നൽകിയ ഭൂമി സ്വന്തമാക്കുകയാണ്‌ മറ്റൊരു രീതി. പട്ടയം ലഭിച്ചിട്ടും വെറുതെയിട്ടിരിക്കുന്ന ഭൂമി തിരഞ്ഞു പിടിച്ച്‌ നിസാര വിലക്ക്‌ മാഫിയ സ്വന്തമാക്കും. അതിനോട്‌ ചേർന്നുള്ള ഭൂമിയും കയ്യേറും. ആദിവാസി ഭൂമി പട്ടയത്തിന്റെ മറവിൽ അവിടെ റിസോർട്ടുകൾ നിർമ്മിച്ച്‌ വ്യാജ രേഖകൾ ഉണ്ടാക്കി വിൽപ്പന നടത്തും. ഇപ്പോൾ മൂന്നാറിൽ റവന്യു വകുപ്പ്‌ അധികൃതർ സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുള്ള ഭൂരിഭാഗം റിസോർട്ടുകളും നിർമ്മിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌.
അതിരുകൾ കൃത്യമായി ഇല്ലാത്ത ഒറ്റ സർവേ നമ്പറിൽപ്പെട്ട റവന്യൂ ഭൂമി തട്ടിയെടുക്കലാണ്‌ അടുത്ത രീതി. പാപ്പാത്തി ചോലയിൽ സക്കറിയ കുടുംബം കുരിശ്‌ സ്ഥാപിച്ച്‌ നടത്തിയത്‌ ഇതായയിരുന്നു. ഒറ്റയടിക്ക്‌ ഏക്കറു കണക്കിന്‌ കിടക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ ഭൂമിക്ക്‌ വ്യാജ പട്ടയം ഉണ്ടാക്കുന്നു. ഇതുപയോഗിച്ച്‌ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി വാങ്ങും. ചുറ്റുമുള്ള അതിരുകൾ സർക്കാർ ഭൂമിയെന്ന്‌ അടയാള പെടുത്തിയിരിക്കുന്നത്‌ കൊണ്ട്‌ വ്യാജ പട്ടയം ഉപയോഗിച്ച്‌ കൈവശപ്പെടുത്തിയ ഭൂമി കണ്ടെത്താൻ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക്‌ സാധിക്കില്ല. സ്ഥലം വാങ്ങുന്ന റിസോർട്ട്‌ ഉടമ തന്റെ ആവശ്യാനുസരണം ചുറ്റുമുള്ള സർക്കാർ ഭൂമി കാലക്രമേണ കയ്യേറുകയും ചെയ്യും.
മൂന്നാർ മേഖലയിൽ വിവിധ വകുപ്പുകൾക്ക്‌ സർക്കാർ ഭൂമിയുണ്ട്‌ ഇതിൽ മിക്കതും ഉപയോഗിക്കാതെ കാട്‌ കയറി കിടക്കുകയാണ്‌. പല വകുപ്പിനും തങ്ങൾക്ക്‌ അനുവദിച്ച്‌ കിട്ടിയ ഭൂമി എവിടെയാണെന്ന്‌ പോലും അറിയില്ല. ഭൂമി തിരിച്ചറിയാൻ പാകത്തിനുള്ള രേഖകളൊന്നും ലഭ്യമല്ലാത്തതാണ്‌ ഇതിന്‌ കാരണം. ഇതും കയ്യേറ്റ മാഫിയ മൂന്നാറിൽ മുതലെടുക്കുകയാണ്‌. സർക്കാർ വകുപ്പുകളുടെ ഏക്കറുകണക്കിന്‌ ഭൂമിയാണ്‌ ഇങ്ങനെ സ്വകാര്യ വ്യക്തികൾ തട്ടിയെടുത്തിരിക്കുന്നത്‌. വകുപ്പുകൾ സ്ഥലത്തെ കുറിച്ച്‌ അവകാശ വാദം ഉന്നയിച്ചാലും വ്യാജ പട്ടയത്തിന്റെ രേഖകൾ കാണിച്ച്‌ കയ്യേറ്റ മാഫിയ അതിൽ നിന്ന്‌ രക്ഷപെടും. വകുപ്പ്‌ ഉദ്യോഗസ്ഥരുടെ കയ്യിൽ വ്യക്തമായ രേഖകളില്ലാത്തതു കൊണ്ട്‌ കോടതിയിൽ പോയാലും രക്ഷയില്ല. അതുകൊണ്ട്‌ ഒരു ഉദ്യോഗസ്ഥനും ഭൂമിക്ക്‌ വേണ്ടി തുനിഞ്ഞിറങ്ങാറില്ല
കയ്യേറ്റം സംബന്ധിച്ചുള്ള പരാതികളെകുറിച്ച്‌ അന്വേഷിക്കാൻ സർക്കാർ ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ അന്വേഷണം നടക്കുന്നില്ല. സർക്കാർ ഭൂമിയാണെന്ന്‌ സ്ഥാപിക്കാൻ അധികൃതരുടെ പക്കൽ വ്യക്തമായ രേഖകൾ ഇല്ലാത്തതു കൊണ്ടാണ്‌ അന്വേഷണം പലപ്പോഴും വഴിമുട്ടാൻ കാരണം. റവന്യൂ അധികൃതർ ഒഴിപ്പിച്ച സ്ഥലത്ത്‌ വീണ്ടും വ്യാപകമായ തോതിൽ കയ്യേറ്റ മാഫിയ ഭൂമി കയ്യേറിയതും അന്വേഷണങ്ങളെ ഭയമില്ലാത്തതു കൊണ്ടാണ്‌. 2007ൽ മൂന്നാർ ദൗത്യ സംഘം ഒഴിപ്പിച്ച്‌ സർക്കാർ വക ഭൂമിയെന്ന്‌ ബോർഡ്‌ സ്ഥാപിച്ച മിക്ക ഭൂമിയും ഇപ്പോൾ കയ്യേറ്റ മാഫിയയുടെ കൈവശമാണ്‌. അതിൽ വൈദ്യുതി വകുപ്പിന്റെയും വനം വകുപ്പിന്റെയും ഭൂമികളും ഉൾപ്പെടും. റീസർവ്വേ പൂർത്തിയാക്കി റവന്യു ഭൂമിയും വിവിധ വകുപ്പുകൾക്ക്‌ സർക്കാർ അനുവദിച്ച്‌ നൽകിയ ഭൂമിയും കൃത്യമായി കണ്ടെത്തി രേഖകൾ ഉണ്ടാക്കിയാൽ മാത്രമേ അവ സംരക്ഷിക്കാൻ സാധിക്കുകയുള്ളു. കൂടാതെ റവന്യു നിയമത്തിൽ ഭേദഗതികൾ വരുത്തി ഭൂമി കയ്യേറ്റത്തിന്‌ തക്ക ശിക്ഷ ഉറപ്പ്‌ വരുത്തുകയും ചെയ്താൽ മാത്രമേ മൂന്നാറിലെ കയ്യേറ്റ മാഫിയയുടെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുകയുള്ളു. അതിനുള്ള നിയമ നിർമ്മാണമാണ്‌ അടിയന്തിരമായി സർക്കാർ ഉണ്ടാക്കേണ്ടത്‌.
(അവസാനിച്ചു)

  Categories:
view more articles

About Article Author