ഡയറി ഫാമുകളിലെ യന്ത്രവൽക്കരണം

ഡയറി ഫാമുകളിലെ യന്ത്രവൽക്കരണം
May 13 04:45 2017

ഡോ. സാബിൻ ജോർജ്ജ്‌
ക്ഷീരകർഷകർക്കും തൊഴിലാളി ദൗർലഭ്യം രൂക്ഷമായതോടെ യന്ത്രവൽക്കരണത്തിന്റെ പാത തേടുകയാണ്‌. തീറ്റപ്പുൽകൃഷിയിൽ തുടങ്ങി പാൽ സംസ്കരണത്തിലും വിപണനത്തിലും വരെ ഉപയോഗിക്കാൻ കഴിയുന്ന യന്ത്രങ്ങൾ ഇന്ന്‌ ലഭ്യമാണ്‌.
തീറ്റപ്പുൽകൃഷിയിൽ ജലസേചനം നടത്താനായി സ്പ്രിംഗ്ലർ ഉപയോഗിക്കാം. മഴപോലെ നന നടത്തുന്ന ഈ രീതി നനയുടെ വ്യാപ്തി കൂട്ടാനും വെള്ളം പാഴാകാതിരിക്കാനും സഹായിക്കുന്നു. ഉൽപാദന ശേഷി കൂടിയ പുല്ലിനങ്ങൾ മുറിച്ചെടുക്കുന്നതിന്‌ ബ്രഷ്കട്ടർ പ്രയോജനപ്രദമാണ്‌. പുല്ല്‌, വൈക്കോൽ എന്നിവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നതിന്‌ ഉപയോഗിക്കുന്ന യന്ത്രമാണ്‌ ചാഫ്‌ കട്ടർ. തീറ്റ നഷ്ടം ഒഴിവാക്കാനും ദഹനം എളുപ്പമാക്കാനും ഇത്‌ സഹായിക്കുന്നു. ചെറു കഷണങ്ങളാക്കിയ പുല്ല്‌ മറ്റ്‌ കാലിത്തീറ്റകളുമായി ചേർത്ത്‌ നൽകുകയും ചെയ്യാം. പശുതൊഴുത്തിൽ നിന്നുള്ള വെള്ളം, മൂത്രം, ബയോഗ്യാസ്‌ പ്ലാന്റിൽ നിന്നുള്ള സ്ലറി എന്നിവ ഒരു ടാങ്കിൽ ശേഖരിച്ചാൽ സ്ലറി പമ്പ്‌ ഉപയോഗിച്ച്‌ കുഴിയിടത്തിലേക്ക്‌ പമ്പു ചെയ്യാം. വൈക്കോൽ കെട്ടുകളാക്കി മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന ബെയിലർ പാടശേഖരങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇതുവഴി വൈക്കോൽ എളുപ്പത്തിൽ സംഭരിക്കാനും, കൈകാര്യം ചെയ്യാനും, ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എളുപ്പത്തിൽ കൊണ്ടു പോകാനും കഴിയുന്നു.
തൊഴുത്തിനുള്ളിൽ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങളുടെ പട്ടികയിൽ ആദ്യം വരുന്നവയാണ്‌ വീൽബാരോ, ഷോവൽ എന്നിവ. തൊഴുത്തിൽ നിന്ന്‌ ചാണകം മാറ്റുന്നതിനും, കാലിത്തീറ്റയും, തീറ്റപുല്ലും തൊഴുത്തിനുള്ളിൽ എത്തിക്കുന്നതിനും വീൽബാരോ ഉപയോഗിക്കാം. ചാണകം വാരുന്നതിനും തീറ്റ പശുക്കളുടെ മുൻപിൽ ഇട്ടു കൊടുക്കുന്നതിനും, കഷ്ണങ്ങളാക്കിയ പുല്ല്‌, വൈക്കോൽ ഇവ കോരി വീൽബാരോയിൽ ഇടുന്നതിനും ഷോവൽ (കോരി) ഉപയോഗിക്കപ്പെടുന്നു. റബർമാറ്റ്‌ തൊഴുത്തിലെ തറയിൽ കിടക്കയായി വിരിക്കാൻ നല്ലതാണ്‌. പശുവിന്റെ കുളമ്പിനും കാലിനുമുള്ള മർദ്ദത്തെ കുറയ്ക്കുന്നതിന്‌ സഹായിക്കുന്ന ഇത്തരം കൗമാറ്റുകൾ തറ വൃത്തിയായി സൂക്ഷിക്കുന്നതിനും പശു തെന്നിവീഴാതിരിക്കാനും സഹായിക്കുന്നു. പശുക്കൾക്ക്‌ സദാ സമയം ശുദ്ധ ജലം നൽകാൻ സഹായിക്കുന്ന ഓട്ടോമാറ്റിക്ക്‌ വെള്ളപാത്രങ്ങൾ തൊഴുത്തിൽ സ്ഥാപിക്കാം. തൊഴുത്ത്‌ ഫലപ്രദമായി കഴുകാൻ പ്രെഷർ വാഷറുകൾ ഉപയോഗിക്കാം. തൊഴുത്തിൽ പശുക്കൾക്ക്‌ സുഖവാസമൊരുക്കാൻ ഫാൻ, കൂളിങ്‌ സിസ്റ്റം, മിസ്റ്റിങ്‌ എന്നീ സംവിധാനങ്ങൾ ഒരുക്കുന്ന ഫാമുകളുണ്ട്‌.
കറവ പൂർണ്ണവും ആയാസരഹിതവും ശാസ്ത്രീയവുമാക്കി ശുദ്ധമായ പാലുത്പാദനം സാധ്യമാക്കാൻ കറവയന്ത്രങ്ങൾ ഉപയോഗിക്കാം. മാലിന്യങ്ങൾ വീഴാതെ പാൽ സംഭരിക്കാൻ മേന്മയുള്ള കറവ പാത്രങ്ങളും സഹായിക്കുന്നു. ഒരേ സമയം കൂടുതൽ പശുക്കളെ കറക്കാൻ സഹായിക്കുന്ന മിൽക്കിംഗ്‌ പാർലറുകൾ വലിയ ഫാമുകളിൽ സ്ഥാപിക്കാറുണ്ട്‌. വലിയ അളവിൽ പാൽ സംഭരിക്കാൻ ക്യാനുകൾ, ബൾക്ക്‌ കൂളറുകൾ എന്നിവ ഒരുക്കാം. പാലുൽപന്ന നിർമ്മാണത്തിനായി പാലിൽ നിന്നും കൊഴുപ്പ്‌ വേർതിരിക്കാൻ ക്രീം സെപ്പറേറ്റർ ഉപയോഗിക്കപ്പെടുന്നു. വെണ്ണ കടയുന്ന യന്ത്രം, മൾട്ടിപർപ്പസ്‌ വാറ്റ്്‌ പാക്കിംഗ്‌ മെഷീനുകൾ തുടങ്ങിയവ പാലുൽപന്ന നിർമ്മാണത്തിന്‌ അവിഭാജ്യ ഘടകങ്ങളാണ്‌. പാലിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിന്‌ ലാക്ടോമീറ്റർ, മിൽക്കോടെസ്റ്റർ, മിൽക്‌ അനലൈസർ എന്നിവ ഉപയോഗിക്കാം.
കറവയ്ക്കു ശേഷം അകിട്‌ രോഗാണു വിമുക്തമാക്കാൻ മുലക്കാസുകൾ മുക്കുന്ന ടീറ്റ്‌ ഡിപ്പ്‌ കപ്പുകൾ ഏറെ പ്രയോജനമുള്ളവയാണ്‌. പശുവിന്റെ ക്ഷേമം ഉറപ്പാക്കാൻ ശരീരം മസാജ്‌ ചെയ്യുന്ന ഗ്രൂമിംഗ്‌ ബ്രഷുകൾ ഇന്ന്‌ വിപണിയിലുണ്ട്‌. ചർമ്മത്തിലെ രക്ത സഞ്ചാരം കൂട്ടാനും, ബാഹ്യപരാദങ്ങളെ കളയുന്നതിനും ഇത്‌ സഹായിക്കുന്നു. ഫാമുകളിലെ മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യാനും, പ്രയോജനപ്രദമാക്കാനും ബയോഗ്യാസ്‌ പ്ലാന്റുകൾ, വെർമി കമ്പോസ്റ്റ്‌ യൂണിറ്റുകൾ എന്നിവ നിർമ്മിക്കാം. ബയോഗ്യാസ്‌ ഉപയോഗിച്ച്‌ വൈദ്യതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകൾ ഇന്ന്‌ ലഭ്യമാണ്‌. ഫാമിലെ കണക്കുകളും, പശുവിന്റെ വിവരങ്ങളും സൂക്ഷിക്കാൻ കംപ്യൂട്ടറുകളും, ഐഫോണുകളും ഉപയോഗിക്കുന്ന കർഷകരും ഇന്ന്‌ കേരളത്തിലുണ്ട്‌.
ഏറെ അധ്വാനം ആവശ്യമായ ക്ഷീരോൽപാദന മേഖലയിലെ ജോലിഭാരം കുറയ്ക്കാനും തൊഴിലിന്‌ കൂടുതൽ ആകർഷണം ലഭിക്കാനും യന്ത്രവൽക്കരണം സഹായിക്കുന്നു. ഡയറി ഫാമുകളുടെ യന്ത്രവൽക്കരണത്തിന്‌ നിരവധി പദ്ധതികൾ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകൾ നടപ്പാക്കി വരുന്നു.

  Categories:
view more articles

About Article Author