ഐടി മേഖലയിൽ നേരിടുന്ന തൊഴിൽ പ്രതിസന്ധി

ഐടി മേഖലയിൽ നേരിടുന്ന തൊഴിൽ പ്രതിസന്ധി
May 19 04:55 2017

സത്യചക്രവർത്തി
മൂന്നാം വാർഷികം ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകളുമായി ധ്രുതഗതിയിൽ മുന്നോട്ടുപോകുമ്പോഴും ഐ ടി കമ്പനികൾ നേരിടുന്ന പ്രതിസന്ധി ഉൾക്കൊള്ളാനോ പരിഹരിക്കാനോ നരേന്ദ്രമോഡി സർക്കാർ തയാറാകുന്നില്ല. അമേരിക്കയിലെ ട്രമ്പ്‌ ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയിലെ ഐടി മേഖലയെ എങ്ങനെ ബാധിച്ചുവെന്ന്‌ വിലയിരുത്താൻപോലും ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ മുമ്പെയാണ്‌ ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനവുമായി കമ്പനികൾ മുന്നോട്ടുപോകുന്നത്‌. സോഫ്റ്റ്‌ വെയർ കയറ്റുമതിയിലൂടെയും മറ്റ്‌ ഐ ടി അധിഷ്ഠിത ജോലികളിലൂടെയും കോടികൾ ലാഭം കൊയ്ത കമ്പനികളാണ്‌ ജീവനക്കാരെ എത്രയും പെട്ടെന്ന്‌ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്‌.
ഡിജിറ്റൽ ഇന്ത്യ രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാൽ ഇത്‌ നടപ്പാക്കാൻ ബാധ്യസ്ഥരായ ഐ ടി വിദഗ്ധർക്ക്‌ തൊഴിൽ നഷ്ടപ്പെടുന്നു. ഇത്‌ തികച്ചും ഗുരുതരമായ സാഹചര്യമാണ്‌. ഈ ഗുരുതരമായ സാഹചര്യം നേരിടാൻ കേന്ദ്ര സർക്കാർ തലത്തിൽ നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. നിരവധി കമ്മിറ്റികൾക്ക്‌ പ്രധാനമന്ത്രി രൂപം നൽകുന്നു. എന്നാൽ ലക്ഷക്കണക്കിനുപേർ ജോലി ചെയ്യുന്ന ഐടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഒരു കമ്മിറ്റിയും മോഡി രൂപീകരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഇല്ലാത്തവിധം ഗുരുതരമായ പ്രതിസന്ധിയാണ്‌ ഇപ്പോൾ ഇന്ത്യയിലെ ഐ ടി മേഖല നേരിടുന്നതെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. 2008 ലെ മഹാമാന്ദ്യത്തിന്റെ സമയത്തുപോലും ഇത്തരം സാഹചര്യം ഉണ്ടായിരുന്നില്ല. ഐ ടി മേഖലയിലെ തൊഴിൽ സാഹചര്യം ഇപ്പോഴത്തെതിനെക്കാൾ മെച്ചമായിരുന്നു. കമ്പനികൾ അടച്ചുപൂട്ടിയതുമില്ല.
നാൽപത്‌ ലക്ഷത്തോളം തൊഴിലാളികളാണ്‌ ഐടി മേഖലയിൽ ഇന്ത്യയിലും പുറത്തുമായി ജോലി ചെയ്യുന്നത്‌. ഇതിൽ 25 ശതമാനം പേരെയെങ്കിലും ഇപ്പോഴുള്ള പ്രതിസന്ധി ബാധിക്കുമെന്നാണ്‌ വിദഗ്ധ മതം. വളരെ പരിണിതപ്രജ്ഞരായ ആൾക്കാർക്ക്‌ മറ്റ്‌ കമ്പനികളിൽ തൊഴിൽ ലഭിച്ചെന്നുവരാം. എന്നാൽ ഇടത്തരക്കാരായ വിദഗ്ധർക്ക്‌ തൊഴിൽ നഷ്ടപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്‌ ജോലി ചെയ്യാൻ പ്രാവീണ്യമില്ലാത്തവരാണ്‌ ഭൂരിഭാഗം ജീവനക്കാരുമെന്നാണ്‌ ഐടി കമ്പനികൾ പറയുന്നത്‌. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമെന്നു പറഞ്ഞ്‌ മറ്റുള്ളവരെ പുറത്താക്കുന്ന നിലപാടുകളാണ്‌ ഐടി കമ്പനികൾ സ്വീകരിക്കുന്നത്‌. അർധ വിദഗ്ധരായ തൊഴിലാളികളെ ഉപയോഗിച്ച്‌ കുറഞ്ഞ വേതനത്തിൽ കോടികൾ ലാഭം കൊയ്തവരാണ്‌ ഇപ്പോൾ തൊഴിലാളി വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്ന ഐടി കമ്പനികളെന്ന്‌ കൺസൾട്ടൻസി മേഖലയിലെ വിദഗ്ധരും പറയുന്നു. അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങളിലെ കമ്പനികൾ ഡിജിറ്റൽ മാർഗത്തിലൂടെ ബിസിനസുകൾ ചെയ്യുന്നു. ഇതിനെ തുടർന്ന്‌ ഇവർക്ക്‌ കുറച്ച്‌ ജീവനക്കാരുടെ ആവശ്യം മാത്രമെയുള്ളു. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയെന്നല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്നും കൺസൾട്ടൻസി വിദഗ്ധർ വിലയിരുത്തുന്നു.
ഐടി മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി ഗൗരവമായെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം മുൻകാലങ്ങളിൽ നിന്ന്‌ വ്യത്യസ്തമല്ലെന്നാണ്‌ സർക്കാർ തലത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്‌. കഴിഞ്ഞകാലങ്ങളിലും തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ ഉണ്ടായിട്ടുണ്ട്‌. ഇത്‌ യാഥാർഥ്യത്തെ അവഗണിക്കുന്നതാണ്‌. എന്നാ ൽ സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കാൻ വ്യവസായ മേഖലയിലെ വിദഗ്ധർ തയാറാകുന്നില്ല.ഇന്ത്യയിൽ ഓരോ വർഷവും 3.7 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതേസമയം 10 മുതൽ 12 ദശലക്ഷം പേർ എല്ലാവർഷവും ഈ തൊഴിൽ മേഖലയിലേക്ക്‌ പുതുതായി എത്തുകയും ചെയ്യുന്നു. ഇതിൽ പകുതിപേർ ജോലികൾ തെരഞ്ഞെടുക്കുന്നില്ല.ഇവർ വിദ്യാഭ്യാസത്തിനും മറ്റുള്ള പ്രവർത്തനങ്ങൾക്കുമായി പോകുന്നു.
വികസനത്തെക്കുറിച്ച്‌ വാചാലമായി സംസാരിക്കുമ്പോഴും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മോഡിസർക്കാർ അമ്പേ പരാജയമാണ്‌. 2017 ലും 2018ലും ഇന്ത്യയിൽ തൊഴിൽരഹിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന്‌ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 ൽ ഇന്ത്യയിലെ തൊഴിൽരഹിതരുടെ എണ്ണം 17.7 ദശലക്ഷം ആയിരുന്നു. 2018 ൽ ഇത്‌ 18 ദശലക്ഷമായി വർധിച്ചു. ആഗോളതലത്തിലും തൊഴിൽ രഹിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്‌. 2016 ൽ എക്കണോമെട്രിക്‌ സാങ്കേതികത്വം ഉപയോഗിച്ചാണ്‌ ഈ കണക്കെടുപ്പുകൾ അന്താരാഷ്ട്ര തൊഴിൽ സംഘടന നടത്തിയത്‌. 2017ൽ ആഗോളതലത്തിൽ തൊഴിലില്ലായ്മാ നിരക്ക്‌ 5.7 ൽ നിന്നും 5.8 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ട്‌ അടിവരയിടുന്നു. സാമ്പത്തിക വളർച്ചയും നിരാശപ്പെടുത്തുന്നു. എല്ലാ മേഖലയിലെയും ക്ഷമതയിൽ ച്യുതി സംഭവിക്കുന്ന അവസ്ഥയാണ്‌ കാണുന്നത്‌. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള സമ്പദ്യ വ്യവസ്ഥയുടെ ഗുരുതരമായ അവസ്ഥയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. വിദഗ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മറ്റ്‌ അവിദഗ്ധ അർധവിദഗ്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടണം. ഇത്‌ ഉണ്ടാകുന്നില്ല എന്നതാണ്‌ യാഥാർഥ്യം. മൊത്തം തൊഴിലവസരങ്ങളിൽ 42 ശതമാനത്തോളം പേർ വരുന്നവർ തികച്ചും അരക്ഷിതരായ അവസ്ഥയിലാണ്‌ ജോലി ചെയ്യുന്നത്‌. 2017 ലെ കണക്കുകൾ പ്രകാരം 1.7 ബില്യൺ തൊഴിലാളികളാണ്‌ ഈ അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്നത്‌. ഓരോ വർഷവും അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 14 ദശലക്ഷത്തിന്റെ വർധനയുണ്ടാവും. സൗത്ത്‌ ഏഷ്യ, സഹാറ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ്‌ ഇത്‌ ഗുരുതരമായി ബാധിക്കുന്നത്‌. രണ്ട്‌ തൊഴിലാളികളിൽ ഒരാൾ അരക്ഷിതമായ സാഹചര്യത്തിലാണ്‌ ജോലി ചെയ്യുന്നത്‌.
ഇത്‌ അഞ്ചിൽ നാലായി വർധിക്കുന്നതായി അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവിൻ ടോബിൻ പറയുന്നു. ഈ പ്രതിസന്ധി വളർന്നുവരുന്ന വിഭാഗത്തിലാണ്‌ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്‌.
(കടപ്പാട്‌: ഇന്ത്യ പ്രസ്‌
ഏജൻസി)

  Categories:
view more articles

About Article Author