Saturday
26 May 2018

വിക്രാന്ത്‌ രണ്ടാമൻ

By: Web Desk | Sunday 18 June 2017 4:50 AM IST

കൊച്ചി കപ്പൽശാലയിൽ പരുവപ്പെട്ടു വരുന്ന ഇന്ത്യയുടെ സ്വപ്നവും അഭിമാനവുമായ ഐ എൻ എസ്‌ വിക്രാന്തിന്റെ വിശേഷങ്ങളിലേക്ക്‌

ബേബി ആലുവ
രാജ്യം ഒരായിരം പ്രതീക്ഷകളോടെ കൊച്ചിയിലേക്ക്‌ നോക്കുകയാണ്‌. എന്നുവച്ചാൽ കൊച്ചി കപ്പൽനിർമ്മാണ ശാലയിലേക്ക്‌. രാജ്യത്തിന്റെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട്‌ ഇതഃപര്യന്തമുള്ളതിൽ വച്ച്‌ ഏറ്റവും വലിയ സ്വപ്നം ചിറക്‌ കൊത്തിച്ചീകി മിനുക്കുന്നത്‌ അവിടെയാണ്‌: ഐ എൻ എസ്‌ വിക്രാന്ത്‌ എന്ന പടുകൂറ്റൻ വിമാന വാഹിനി യുദ്ധക്കപ്പലിന്റെ രൂപത്തിൽ.
ഐ എൻ എസ്‌ വിക്രാന്ത്‌ നമുക്കൊരു പുതിയ പേരല്ല. ആ പേരിൽ ഒരു യുദ്ധക്കപ്പലുണ്ടായിരുന്നു നമുക്ക്‌. 1961-ൽ യു കീയിൽ നിന്നു വാങ്ങിയത്‌. വാർദ്ധക്യത്തിന്റെ അസ്കിതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ അത്‌ ഉപേക്ഷിച്ചു. മാത്രമല്ല, 56 വർഷത്തിനിടയ്ക്ക്‌ ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതിരോധ മേഖലയിലുണ്ടായ വമ്പിച്ച മാറ്റങ്ങളോട്‌ പ്രതികരിക്കാൻ മാത്രം ശേഷിയുമുണ്ടായിരുന്നില്ല യു കെ നിർമ്മിത യുദ്ധക്കപ്പലിന്‌. ആ ആലോചനയിൽ നിന്ന്‌, പ്രഥമ യുദ്ധക്കപ്പലിനോടുള്ള ആദരസൂചകമായി ആ പേര്‌ പുതിയതിന്‌ നൽകുകയും ചെയ്തത്‌.
പ്രതിരോധ സേനയ്ക്കു വേണ്ടി രാജ്യത്ത്‌ ആദ്യമായി നിർമ്മിക്കുന്ന ഈ ‘എയർക്രാഫ്റ്റ്‌ കാരിയർ’ അവസാനവട്ട രൂപപ്പെടുത്തലിലാണ്‌; കൊച്ചി കപ്പൽശാലയിൽ. നൂറുകണക്കിന്‌ തൊഴിലാളികൾ രാപ്പകൽ, രാജ്യത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിർമ്മിതിയിലാണ്‌.
ഒരു വിദേശ മേൽക്കോയ്മയോടും വിലപേശാതെ, പൂർണ്ണമായി രാജ്യത്ത്‌ പൂർത്തീകരിക്കുന്ന സ്വന്തമായ ഒരു വിമാനവാഹിനിയുദ്ധക്കപ്പലിനെക്കുറിച്ചുള്ള ആലോചനയുണ്ടാകുന്നത്‌ 1980-കളിലാണ്‌. എങ്കിൽപ്പോലും കാബിനറ്റ്‌ കമ്മിറ്റി ഓൺ സെക്യൂരിറ്റി (സി സി എസ്‌), പ്രോജക്ടിന്‌ അനുമതി നൽകുന്നത്‌ 2002-ൽ. പ്രൊജക്ട്‌ പിന്നെ, ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ നേവൽ ഡിസൈൻ പരിശോധിച്ചു. അവർ നേരത്തെ കപ്പലുകൾ ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രൊജക്ട്‌, അതിന്റെയൊക്കെ പത്തിരട്ടി വലിപ്പമുള്ള വിമാനവാഹിനി യുദ്ധക്കപ്പലിന്റേതായിരുന്നു.
3200 കോടിയാണ്‌ നിർമ്മാണ ചെലവുകൾക്കായി സി സി എസ്‌ അക്കാലത്ത്‌ അനുവദിച്ചത്‌. പക്ഷേ, കാലത്തിന്റെ മാറ്റത്തിനനുസൃതമായി നിർമ്മാണ സാമഗ്രികളുടെ വിലയിലും മറ്റുമുണ്ടായ വർദ്ധന നിർമ്മാണചെലവ്‌ 19,341 കോടിയായി ഉയർത്തി.
നിർമ്മാണത്തിനാവശ്യമായ സവിശേഷ നിലവാരമുള്ള ഉരുക്ക്‌, കോമ്പിനേഷൻ ഡിഫൻസ്‌ മെട്രോളജിക്കൽ റിസർച്ച്‌ ലബോറട്ടറി ആൻഡ്്‌ ഡവലപ്മെന്റ്‌ ഓർഗനൈസേഷൻ (ഡി ആർ ഡി ഒ) നേവിയുടെ വിദഗ്ധ വിഭാഗവുമായി ചേർന്ന്‌ വികസിപ്പിച്ചെടുക്കുകയായിരുന്നു. സ്റ്റീൽ അതോറിട്ടി ഓഫ്‌ ഇന്ത്യയുടെ വിവിധ ഉരുക്കു നിർമ്മാണശാലകളിൽ കുറ്റമറ്റ രീതിയിൽ അവ നിർമ്മിച്ചു. 23000 ടൺ സ്റ്റീലാണ്‌ ഫാബ്രിക്കേഷനും വെൽഡിങ്ങിനുമായി വേണ്ടി വന്നത്‌. 1500 കിലോമീറ്റർ നീളം വരുന്ന കേബിളുകൾ ഉപയോഗിച്ചു. കൊച്ചിയിൽ നിന്ന്‌ മുംബൈ വരെയുള്ള ദൂരത്തിന്റെ നീളം. റൂർക്കല, ഭീലായി, ബൊക്കാറോ ഉരുക്ക്‌ നിർമ്മാണ ശാലകൾ തൊട്ട്‌ തീരെ ചെറിയ വ്യവസായശാലയുടെ വരെ സംഭാവനകളുമുണ്ട്‌ ഇന്ത്യയുടെ ഈ സ്വപ്നപദ്ധതിക്ക്‌. ഗിയർ ബോക്സ്‌ മുതൽ ചെറിയ നട്ടും ബോൾട്ടും വരെ അതിൽപ്പെടുന്നു. ഐ എൻ എസ്‌ വിക്രമാദിത്യയിൽ നിന്നുള്ള വിദഗ്ധരായ നാവികരെയാണ്‌ സാങ്കേതിക കാര്യങ്ങൾക്കായി നിയോഗിച്ചത്‌. 500 വെൽഡർമാരെ പ്രത്യേകമായി പരിശീലിപ്പിച്ചെടുത്തു.

maxresdefault-copy
അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക്‌ പറന്നിറങ്ങാനും പറന്നുയരാനും പാകത്തിൽ സംവിധാനം ചെയ്തിരിക്കുന്ന ഫ്ലൈറ്റ്‌ ഡെക്കിന്റെ വിസ്താരം രണ്ട്‌ ഫുട്ബോൾ ഗ്രൗണ്ടിന്റേതാണ്‌. താഴേക്ക്‌ 14 തട്ടുകൾ. അവയ്ക്ക്‌ എലിവേറ്ററുകൾ. 14 തട്ടുകളിൽ നാലെണ്ണം വിമാനങ്ങൾ സൂക്ഷിക്കുന്നതിനായി സൗകര്യപ്പെടുത്തിയ 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള ഹാംഗറുകളാണ്‌. ഓരോ ഹാംഗറിലും 20 വിമാനങ്ങളോ ഹെലികോപ്റ്ററുകളോ സൂക്ഷിക്കാം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഹാംഗറുകൾ ഡിസൈൻ ചെയ്തത്‌ റഷ്യയിലെ നെവസ്കോയ ഡിസൈൻ ബ്യൂറോയാണ്‌.
വിദേശ സ്ഥാപനങ്ങളിലെ വിദഗ്ധർ ഡിസൈൻ ചെയ്തിട്ടുള്ള താമസത്തിനുള്ള ഇടങ്ങൾ ആധുനിക രീതിയിലുള്ളതും അതിമനോഹരങ്ങളുമാണ്‌. വിസ്താരമേറിയ ഭംഗിയുള്ള ഹാളുകൾ. അഗ്നിബാധയുണ്ടായാൽ നേരിടാൻ കുറ്റമറ്റതും നൂതനവുമായ അഗ്നിശമന സംവിധാനങ്ങൾ.
നീളമേറിയ വഴിത്താരകൾ. അഞ്ചാമത്തെ ഡക്കിലേതാണ്‌ ഏറ്റവും നീളം കൂടിയ വഴി. 240 മീറ്റർ. എല്ലാ സൗകര്യങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ 2300 കമ്പാർട്ടുമെന്റുകൾ. അനേകം ബ്ലോക്കുകളായി നിർമ്മിച്ച്‌ അവ കൂട്ടിയോജിപ്പിക്കുകയായിരുന്നു. മൂന്ന്‌ മെഗാവാട്ട്‌ വീതം പവറുള്ള എട്ട്‌ ഡീസൽ ജനറേറ്ററുകൾ കപ്പലിൽ സ്ഥാപിച്ചിട്ടുണ്ട്‌. എട്ട്‌ ജനറേറ്ററുകളിൽ നിന്നുമായി ലഭിക്കുന്നത്‌ മൊത്തം 24 മെഗാവാട്ട്‌ പവർ. ചുരുക്കിപ്പറഞ്ഞാൽ, കൊച്ചി നഗരത്തിന്‌ ഒരു ദിവസം വേണ്ടി വരുന്ന വൈദ്യുതി.
1980കളിൽ ആലോചനയിൽ വന്നു. 2002-ൽ സി സി എസ്‌ അനുമതി നൽകി. 2009-ലായിരുന്നു നിർമ്മാണത്തിനു തുടക്കം. കീലിടൽ എന്ന്‌ സാങ്കേതിക നാമം. ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ നേവൽ ഡിസൈൻ വിഭാഗത്തിന്റെ പരിശോധന കഴിഞ്ഞ്‌ തുക അനുവദിച്ചിട്ടും നിർമ്മാണത്തിൽ കാലവിളംബരമുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റ്‌ അവസാനം, കമ്പ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ കാല വിളംബത്തെ ഗൗരവതരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. വിദേശ രാജ്യങ്ങളിൽ നിന്നുവരെ ലഭിക്കേണ്ട സാമഗ്രികൾ യഥാസമയങ്ങളിൽ എത്തിച്ചേരുന്നതിനുണ്ടായ പ്രശ്നങ്ങൾ. അതായിരുന്നു കാലതാമസത്തിനു കാരണം. ഈ പ്രശ്നങ്ങളൊക്കെ നിലവിൽ പരിഹരിക്കപ്പെട്ടു കഴിഞ്ഞു.
2013 ഓഗസ്റ്റിൽ കപ്പൽ നീറ്റിലിറക്കി. അവിടെ തൊട്ടുള്ള ജോലികൾ തീർക്കേണ്ടത്‌ കടലിൽ വച്ചാണ്‌. ആ ജോലികളാണ്‌ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്‌. 62 ശതമാനത്തിലധികം പുറംജോലികൾ തീർന്നു. പ്രതിരോധ സേനയ്ക്ക്‌ കപ്പൽ കൈമാറുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2018 ആണ്‌. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഐ എൻ എസ്‌ വിക്രാന്ത്‌ പ്രതാപവാനായി ഓളപ്പരപ്പിലേക്ക്‌ ഇറങ്ങുന്നത്‌ പിന്നെയും അഞ്ച്‌ വർഷം കഴിഞ്ഞിട്ടാകും. 2023-ൽ. കപ്പലിനകത്തും പുറത്തുമൊക്കെയായി പ്രതിരോധ സേനയ്ക്ക്‌ അവരുടേതായ ക്രമീകരണങ്ങൾക്കായി സമയം വേണ്ടി വരും. അതിനാണ്‌ അഞ്ചുവർഷത്തിന്റെ കാലപരിധി. നിലവിൽ 30,000 ടണ്ണാണ്‌ കപ്പലിന്റെ ഭാരം. സേനയുടെ കൈവശമെത്തി അവരുടെ ക്രമീകരണങ്ങൾ കൂടിയാകുമ്പോൾ തൂക്കം പിന്നെയും കൂടും.
ഐ എൻ എസ്‌ വിക്രാന്തും ഐ എൻ എസ്‌ വിരാടും ഐ എൻ എസ്‌ വിക്രമാദിത്യയും നമുക്കുണ്ടായിരുന്നെങ്കിലും മൂന്നിന്റെയും മാതൃഗേഹം വിദേശത്താണ്‌. ഇവയിൽ വിക്രാന്തും വിരാടും കഥാവശേഷരായി. അവശേഷിക്കുന്നത്‌ 2013-ൽ ഇന്ത്യയിലേക്കു വന്ന വിക്രമാദിത്യ. രാജ്യത്തിന്റെ സ്വന്തം, രാജ്യത്തെ ആദ്യത്തേത്‌ എന്നു വിശേഷിപ്പിക്കാവുന്നത്‌ കൊച്ചി കപ്പൽശാലയിൽ പരുവപ്പെട്ടു വരുന്ന ഐ എൻ എസ്‌ വിക്രാന്ത്‌ മാത്രം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസെയിലുകൾ ഉൾപ്പെടെ വിന്യസിപ്പിക്കാൻ ശേഷിയുള്ള ഐ എൻ എസ്‌ വിക്രാന്ത്‌ കടൽപ്പരപ്പിലെത്തുന്നതോടെ, പ്രതിരോധ രംഗത്തെ ഇന്ത്യയുടെ സമുദ്രശക്തി പതിന്മടങ്ങായി വർദ്ധിക്കും; ഒപ്പം ഇന്ത്യയുടെ അഭിമാനവും.