Friday
19 Oct 2018

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം 18 മുതല്‍ 30 വരെ

By: Web Desk | Wednesday 16 May 2018 9:59 PM IST

തിരുവനന്തപുരം:

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കേരളത്തിന്റെ സമഗ്ര വികസനം നടപ്പിലാക്കി മുന്നേറുന്ന എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. 18 മുതല്‍ 30 വരെ സംസ്ഥാനമാകെ വിവിധ പരിപാടികളോടെയാണ് രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്ണൂര്‍ മേയര്‍ ഇ പി ലത, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
‘സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

രാത്രി 7.30ന് പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിമീഡിയ ഷോ ‘ഉദയപഥം’ അരങ്ങേറും. വ്യത്യസ്തമായ രീതിയില്‍ സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലൂടെ അനുഭവവേദ്യമാക്കുന്ന ഷോയാണിത്. തുടര്‍ന്ന് ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്താവതരണമുണ്ടാകും. വിജയ് യേശുദാസ് നയിക്കുന്ന പ്രമുഖ ചലച്ചിത്രപിന്നണി ഗായകരുടെ ഗാനമേളയും നടക്കും.

വാര്‍ഷികാഘോഷങ്ങളുടെ സമാപനപരിപാടികള്‍ മെയ് 30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും. സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, സാംസ്‌കാരിവകുപ്പ് എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള നാനൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടി നടക്കുമെന്നും മന്ത്രി അറിയിച്ചു.

Related News