Tuesday
11 Dec 2018

മൂവായിരത്തോളം മലയാളി അധ്യാപകര്‍ക്ക് പണി പോകും

By: Web Desk | Sunday 1 July 2018 10:06 PM IST

  • യുഎഇയിലെ ഇന്ത്യന്‍ എംബസി കൈമലര്‍ത്തുന്നു
  • അഞ്ഞൂറോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കെ രംഗനാഥ്

അബുദാബി: തുല്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ യുഎഇയിലെ മൂവായിരത്തോളം മലയാളി അധ്യാപകര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഇതിനകം അഞ്ഞൂറോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ഇന്ത്യന്‍ അധ്യാപകരാണ് ഇവിടെയുള്ളത്.

യുഎഇയില്‍ അധ്യാപകരുടെ ജോലി ചെയ്യണമെങ്കില്‍ ഇവിടത്തെ വിദ്യാഭ്യാസവകുപ്പിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂരവിദ്യാഭ്യാസം തുടങ്ങിയ രീതികളിലൂടെ പഠനം പൂര്‍ത്തിയാക്കിയവരാണ് തുല്യതാസര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. സര്‍ട്ടിഫിക്കറ്റ് നേടിയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്ന് പത്ത് മാസം മുമ്പുതന്നെ യുഎഇ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഇഴഞ്ഞുനീങ്ങുകയായിരുന്നു. അധ്യാപകര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എംബസിക്ക് സമര്‍പ്പിക്കുകയും അവ പരിശോധനയ്ക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളില്‍ അയയ്ക്കുകയുമാണ് രീതി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നുള്ള റിപ്പോര്‍ട്ട് എംബസിക്ക് അയയ്ക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്ന് അധ്യാപകരെയും അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ വിദ്യാഭ്യാസമന്ത്രാലയം തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ സര്‍വകലാശാലകള്‍ അയയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പഠനരീതി സ്വകാര്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടും.
മഹാഭൂരിപക്ഷം കോളജുകളും സ്വകാര്യ മേഖലയിലായ ഇന്ത്യയില്‍ സര്‍ക്കാര്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സ്വകാര്യ വിദ്യാര്‍ഥികളും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിദ്യാര്‍ഥികളും പരീക്ഷയെഴുതി പാസാകുന്നത്. പക്ഷേ പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം എന്നിങ്ങനെ വേര്‍തിരിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് അധ്യാപകര്‍ക്കേല്‍ക്കുന്ന ഇരുട്ടടിക്കു കാരണം.

നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയടക്കമുള്ള യൂണിവേഴ്‌സിറ്റികള്‍ അധ്യാപകര്‍ക്കനുകൂലമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. തങ്ങള്‍ ഏത് കോളജിലാണ് പഠിച്ചതെന്ന സത്യവാങ്മൂലം അധ്യാപകര്‍ എംബസിക്കു സമര്‍പ്പിക്കുക കൂടി ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടും എംബസി മലക്കം മറിയുന്നതോടെ അധ്യാപകരുടെ ഭാവി വീണ്ടും ഇരുട്ടിലായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയ്‌ക്കെല്ലാം നിവേദനങ്ങള്‍ അയച്ചിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളും എംബസിയും ചേര്‍ന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ എന്നിരിക്കെയാണ് പ്രവാസിഅധ്യാപകരെ തീതീറ്റിക്കുന്നതെന്നും അവര്‍ക്ക് പരാതിയുണ്ട്.

Related News