Sunday
19 Nov 2017

ശബരിമലയ്ക്കു 340 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

By: Web Desk | Monday 13 November 2017 9:31 PM IST

തിരുവനന്തപുരം:

അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിച്ചാല്‍ അവിടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്നാണ് യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നത്.
ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ തീര്‍ഥാടകരെല്ലാം കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് മറ്റു സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ക്യൂ കോംപ്ലക്‌സ് സജ്ജമാക്കാനും കാര്‍ഡിയോളജി സെന്ററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
വനമേഖലയായതിനാലുള്ള പരിമിതികളില്‍ നിന്നുകൊണ്ട് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ള പരമാവധി സജ്ജീകരണങ്ങളോട് സഹകരിക്കാനുള്ള നിര്‍ദേശം തീര്‍ഥാടകര്‍ക്ക് നല്‍കണം. തീര്‍ഥാടകര്‍ക്ക് ബോധവത്കരണത്തിനായി തയാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകള്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലകയറുന്ന പാതയും സ്വാമി അയ്യപ്പന്‍ റോഡും ഇത്തവണ വീതി കൂട്ടി. തിരക്കൊഴിവാക്കാന്‍ പ്രസാദം കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചു. തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ദര്‍ശനസമയം വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ്, മറ്റു സേനകള്‍ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും ഏകോപനത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ജല മലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ട്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രശ്‌നങ്ങളില്ലാത്ത തീര്‍ഥാടനകാലം ഉറപ്പാക്കാന്‍ വിവിധ നടപടികളെടുക്കുന്നുണ്ട്.
300 കോടിയിലധികം രൂപയില്‍ വിവിധ പദ്ധതികള്‍ വിവിധഘട്ടങ്ങളിലായി നടപ്പായിവരികയാണ്.
പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കഴിഞ്ഞവര്‍ഷം വിജയകരമായി നടപ്പാക്കിയത് തുടരാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. അപകടങ്ങള്‍ കുറയ്ക്കാനുള്ള സേഫ് സോണ്‍ ശബരിമല പദ്ധതിയും നടപ്പാക്കിവരികയാണ്.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ വിഹിതമായി 340 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചതെന്ന് ചടങ്ങില്‍ ദേവസ്വംസഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍, തമിഴ്‌നാട് അഡീ. ചീഫ് സെക്രട്ടറി ഡോ. നിരഞ്ജന്‍ മാര്‍ഡി, പ്രിന്‍സിപ്പല്‍ സെക്രട്ടറി അപൂര്‍വ വര്‍മ, ദേവസ്വം കമ്മിഷണര്‍ ആര്‍ ജയ, ജോയന്റ് കമ്മിഷണര്‍ അന്‍പുമണി, തെലങ്കാന സെക്രട്ടറി എന്‍ ശിവശങ്കര്‍, കര്‍ണാടക സംസ്ഥാന എമര്‍ജന്‍സി കോഓര്‍ഡിനേറ്റര്‍ കെ കെ പ്രദീപ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദേവസ്വം സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ സ്വാഗതവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മിഷണര്‍ സി പി രാമരാജ പ്രേമപ്രസാദ് നന്ദിയും പറഞ്ഞു.

 

Related News