Monday
25 Jun 2018

സംസ്ഥാനത്ത് മുപ്പത്തിനാലായിരം ക്ലാസ്മുറികള്‍ ഹൈടെക്കായി

By: Web Desk | Sunday 25 March 2018 10:18 PM IST

തിരുവനന്തപുരം:

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നാണ് ചുമതല. ജനുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. ഇതനുസരിച്ച് 2967 സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസ്മുറികളിലും ഹൈടെക് സംവിധാനമെത്തി. ഇതിനുപുറമെ 961 സ്‌കൂളുകളില്‍ പകുതിയിലധികം ക്ലാസ്മുറികളില്‍ സംവിധാനമെത്തി. ഇതോടെ മാര്‍ച്ച് മാസത്തില്‍ തന്നെ 75% ക്ലാസ് മുറികളും ഹൈടെക്കായി.

ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവയും ഉണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയൊന്നിന് 1000രൂപ വീതവും, സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപ വീതവും സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നുണ്ട്. സ്‌കൂളുകളില്‍ ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികള്‍ ഹൈടെക്കായ (3782 ക്ലാസ്മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശ്ശൂരുമാണ് (3085) തൊട്ടുപിറകില്‍.

ക്ലാസ്മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത അദ്ധ്യനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകളുളള സര്‍ക്കാര്‍ എയിഡഡ് മേഖലകളിലുള്ള എല്ലാ ഹൈസ്‌കൂള്‍ -ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേയും ക്ലാസ് മുറികള്‍ ഹൈടെക്കാകും. അവശേഷിക്കുന്ന 12000 ക്ലാസ് മുറികളില്‍ അവ സജ്ജമാകുന്ന മുറയ്ക്ക് ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ഹൈടെക് ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ‘സമഗ്ര’ റിസോഴ്‌സ് പോര്‍ട്ടലും തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കിയിട്ടുണണ്ട്.
‘സമഗ്ര’ ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് ഒരുലക്ഷം അദ്ധ്യാപകര്‍ക്കും അന്‍പതിനായിരം ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്കും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസ് റൂമുകളില്‍ നെറ്റ്‌വര്‍ക്കിംഗ് നടത്തുന്ന പ്രക്രിയയും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.

സെക്കന്ററിതലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി 1മുതല്‍ 7 വരെ ക്ലാസുകളിലുള്ള 11000 ലധികം പ്രൈമറിഅപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related News