Sunday
23 Sep 2018

ജെഡിയു രാജ്യസഭാ സ്ഥാനാര്‍ത്ഥി മഹേന്ദ്ര പ്രസാദിന് ആസ്തി 4000 കോടി

By: Web Desk | Wednesday 14 March 2018 9:15 PM IST

പട്‌ന: ബിഹാറില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ജെഡി(യു) സ്ഥാനാര്‍ത്ഥി മഹേന്ദ്ര പ്രസാദിന്‍റെ ആസ്തി 4000 കോടിയിലധികമെന്ന് കണക്കുകള്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മഹാരാജാവ് മഹേന്ദ്ര എന്ന് വിളിക്കപ്പെടുന്ന 76 കാരനായ മഹേന്ദ്ര പ്രസാദായിരിക്കും സഭയിലെ ഏറ്റവും ധനികനായ വ്യക്തി.

മാപ്ര ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിങ്ങനെ രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്വന്തമായുള്ള മഹേന്ദ്ര പ്രസാദിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം 2,239 കോടി രൂപ നിക്ഷേപമുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് സ്വന്തമായി മോട്ടോര്‍ വാഹനങ്ങളോ ഇന്‍ഷുറന്‍സ് പോളിസിയോ ഇല്ല. 41 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഉണ്ട്. 2016-16 സമ്പത്തിക വര്‍ഷത്തെ വരുമാന നികുതി റിട്ടേണില്‍ തനിക്ക് 303.5 കോടി രൂപയുടെ വരുമാനമുണ്ടെന്ന് മഹേന്ദ്ര സൂചിപ്പിച്ചിട്ടുണ്ട്.

1980ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജഹനബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹേന്ദ്ര 1984ല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 1985ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. അന്നു മുതല്‍ മഹേന്ദ്ര പ്രസാദ് കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഡി(യു) എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്കെത്തുകയുണ്ടായി.
ആകെ 221 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള മഹേന്ദ്ര ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ലമെന്‍റ് അംഗം കൂടി ആയിരിക്കും. 2002 ഏപ്രില്‍ 9 മുതല്‍ 2003 ഏപ്രില്‍ എട്ടുവരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 84 രാഷ്ട്രങ്ങള്‍ സഞ്ചരിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

Related News