Friday
14 Dec 2018

യുഎഇയില്‍ 40,000 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് നിയമനം ലഭിക്കും

By: Web Desk | Thursday 28 December 2017 8:37 PM IST

യുഎഇയിലെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍

കെ രംഗനാഥ്

ദുബായ്: മെഡിക്കല്‍ ടൂറിസത്തില്‍ മുന്നോട്ടു കുതിക്കുന്ന യുഎഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 40,000 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് നിയമനം ലഭിക്കും. ഇപ്പോള്‍ 110 രാജ്യങ്ങളില്‍ നിന്നുള്ള 35,000 സ്‌പെഷ്യലിസ്റ്റുകളാണ് രാജ്യത്ത് പണിയെടുക്കുന്നത്. ഇവരില്‍ 45 ശതമാനത്തോളം ഇന്ത്യക്കാരും അവരില്‍ 83 ശതമാനം മലയാളികളുമാണെന്നാണ് ഔദ്യോഗികമായ കണക്ക്.
മെഡിക്കല്‍ ടൂറിസം തഴച്ചുവളരുന്ന യുഎഇയിലെ മറ്റെല്ലാ മേഖലകളിലും നിയമനമാന്ദ്യവും വേതനം വെട്ടിക്കുറയ്ക്കലും ആനുകൂല്യങ്ങള്‍ റദ്ദാക്കലും നടപ്പാക്കുന്നതിനിടയില്‍ ആരോഗ്യമേഖല മാത്രമാണ് പിടിച്ചുകയറുന്നത്. ദുബായില്‍ മാത്രം മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഈ വര്‍ഷം 3.26 ലക്ഷത്തിലേറെപ്പേരാണ് ചികിത്സയ്‌ക്കെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധന.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചികിത്സാര്‍ഥം ദുബായിലെത്തിയത് മൊത്തം രോഗികളില്‍ 31 ശതമാനമായിരുന്നുവെങ്കില്‍ ഏഷ്യയില്‍ നിന്നെത്തിയത് 37 ശതമാനം. ഇവരില്‍ 26 ശതമാനവും ഇന്ത്യക്കാരാണെന്നും അവരില്‍ മഹാഭൂരിപക്ഷവും മലയാളികളാണെന്നുമാണ് കണക്ക്. യൂറോപ്പില്‍ നിന്നെത്തിയത് 15 ശതമാനം.
അസ്ഥിരോഗം, ദന്തരോഗം, ത്വക്‌രോഗം, നേത്രരോഗം, സൗന്ദര്യസംവര്‍ധനം, വന്ധ്യതാനിവാരണം എന്നീ മേഖലകളിലാണ് ഏറ്റവുമധികം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. ദുബായില്‍ മാത്രം ഇത്തരം മൂവായിരത്തില്‍പരം ആശുപത്രികളുണ്ട്. എല്ലാം ലോകനിലവാരമുള്ളവയും. ഗള്‍ഫ് നാടുകളില്‍ നിന്നും മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ഏറ്റവും വലിയ പ്രവാഹം കേരളത്തിലെ ആശുപത്രികളിലായിരുന്നു. രണ്ടാം സ്ഥാനത്ത് ന്യൂഡല്‍ഹിയും. എന്നാല്‍ യുഎഇയിലെ മെഡിക്കല്‍ ടൂറിസം ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ ചികിത്സ തേടുന്നവരുടെ ഒഴുക്ക് തീരെ മന്ദഗതിയിലായെന്നു മാത്രമല്ല അവിടെ നിന്നും ഇങ്ങോട്ട് വരുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ദുബായിലെ ഹെല്‍ത്ത് ടൂറിസം വെബ്‌സൈറ്റുകളില്‍ പ്രതിമാസം ശരാശരി പതിനായിരം പേരാണ് എത്തുന്നത്. വിവിധ മേഖലകളിലെ വിദഗ്ദ ചികിത്സയ്ക്കായി യുഎഇയിലെ ആശുപത്രികള്‍ നാനൂറില്‍പരം പാക്കേജുകള്‍ പ്രഖ്യാപിച്ചതും കുറഞ്ഞ ചെലവിലുള്ള വിദഗ്ദ ചികിത്സിക്കുന്നതിനാല്‍ മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നിടുന്നു. ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ചില വന്‍കിട സ്വകാര്യ ആശുപത്രികള്‍ വിദേശരോഗികളെ പിഴിയുന്നതും കേരളത്തിലേക്കുള്ള മെഡിക്കല്‍ ടൂറിസത്തിലെ തകര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News