Thursday
21 Jun 2018

ഇടുക്കിയില്‍ 41.72 മില്ലി മീറ്റര്‍ മഴ ലഭിച്ചു

By: Web Desk | Thursday 14 June 2018 9:33 PM IST

  • ജില്ലയില്‍ 18വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തൊടുപുഴ: കാലവര്‍ഷത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും മഴ കെടുതികള്‍ തുടരുന്നത് മലയോര ജനതക്ക് ആശങ്ക ഉളളവാക്കുന്നു. ഇന്ന് ജില്ലയില്‍ 41.72 മില്ലി മീറ്റര്‍ മഴ പെയ്തു. മഴയിലും കാറ്റിലും 6 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 121 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കാലവര്‍ഷം ആരംഭിച്ചതിനു ശേഷം ഇതുവരെ ജില്ലയില്‍ 15 വീടുകള്‍ പൂര്‍ണ്ണമായും 258 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 1352 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശമുണ്ടായി.

11 കോടി പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണകാക്കുന്നത്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2338 അടിയായി ഉയര്‍ന്നു. മുല്ലപെരിയാര്‍ ഡാമിലെ ജല നിരപ്പിലും വര്‍ദ്ധനവ് ഉണ്ടായി. 126.7 അടി വെളളമാണ് ഇപ്പോള്‍ ഡാമിലുളളത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 18വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ നമ്പര്‍ 107.