Saturday
16 Dec 2017

സൗദി ജുവലറികളിലെ 45,000 മലയാളികള്‍ക്ക് പണിപോയി

By: Web Desk | Tuesday 5 December 2017 10:04 PM IST

തൊഴില്‍രഹിതരായവരില്‍ 1.25 ലക്ഷത്തോളം ഇന്ത്യാക്കാര്‍

കെ രംഗനാഥ്

റിയാദ്: സൗദി അറേബ്യയിലെ സ്വര്‍ണാഭരണശാലകളില്‍ വര്‍ഷങ്ങളായി പണിചെയ്തിരുന്ന നാല്‍പത്തയ്യായിരത്തിലധികം മലയാളികളെ പിരിച്ചുവിട്ടു. ഈ മേഖലയില്‍ കുത്തക പുലര്‍ത്തിയിരുന്ന ഒന്നേകാല്‍ ലക്ഷം ഇന്ത്യാക്കാരാണ് ഞായറാഴ്ച മുതല്‍ നിലവില്‍വന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ രഹിതരായത്.
പകരം സൗദിവനിതകളെയായിരിക്കും ജുവലറി ജോലിക്കാരായി കുടിയിരുത്തുക. ഇന്ത്യാക്കാരും പ്രത്യേകിച്ചും മലയാളികളുമാണ് സൗദിയിലെ സ്വര്‍ണാഭരണശാലകളുടെ ഉടമകളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ജുവലറികളില്‍ മലയാളി ജീവനക്കാരുടെ വന്‍സാന്നിധ്യമാണുണ്ടായിരുന്നത്. മൊബൈല്‍, ഫാര്‍മസി, മേഖലകളില്‍ നടത്തിയ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മലയാളികളായ പതിനായിരങ്ങള്‍ പിരിച്ചുവിടപ്പെട്ടിരുന്നു. നഴ്‌സിങ് മേഖല പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കുമിടെയാണ് മലയാളികള്‍ക്ക് വന്‍ പ്രഹരമായി ‘ജുവലറികളില്‍ നിന്ന് പ്രവാസികള്‍ കടക്കുപുറത്ത്’ എന്ന ഉത്തരവ് പ്രാബല്യത്തിലായത്.
ഉത്തരവുനിലവില്‍ വന്ന ഞായറാഴ്ചയ്ക്കുശേഷം ഒരൊറ്റ വിദേശിയെയും ജുവലറികളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് തൊഴില്‍-സമൂഹമന്ത്രാലയത്തിന്റെ കല്‍പന. ഇതുലംഘിക്കുന്ന സ്വര്‍ണാഭരണശാല ഉടമകള്‍ ഒരു വിദേശ തൊഴിലാളിക്ക് 35 ലക്ഷം എന്ന നിരക്കില്‍ പിഴ നല്‍കണം. നിയമം ആവര്‍ത്തിച്ചുലംഘിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പണിപോകുന്നവര്‍ക്ക് മറ്റ് പണികള്‍ നല്‍കാന്‍ തൊഴിലുടമകള്‍ വിസമ്മതിക്കുന്നുവെന്നുമാത്രമല്ല, എണ്ണ വിലതകര്‍ച്ചമൂലം തൊഴില്‍ വിപണിയും പ്രതിസന്ധിയിലായതിനാല്‍ തൊഴില്‍ സാധ്യതകളും നന്നേ കമ്മി. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ല എന്ന ദുരവസ്ഥയിലാണ് പ്രവാസിസഹസ്രങ്ങള്‍.
എന്നാല്‍ ഇപ്പോഴത്ത് കൂട്ടപിരിച്ചുവിടലോടെ സൗദി അറേബ്യയിലെ 40 ശതമാനം ചെറുകിട-ഇടത്തരം ജുവലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജുവലറി കമ്മിറ്റി അറിയിച്ചു. ഇതു ഖജനാവിന് വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.