Saturday
23 Sep 2017

ഓക്സിജനും മരുന്നുമില്ല: സർക്കാർ ആശുപത്രിയിൽ 49 മരണം

By: Web Desk | Monday 4 September 2017 10:06 AM IST

യുപിയിൽ വീണ്ടും ശിശുമരണം. യുപി ഫാറൂഖാബാദ് റാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയത്തിലാണ് മരുന്നും ഓക്സിജനും ലഭിക്കാഞ്ഞതിനെ തുടർന്ന്  ഒരു മാസത്തിനിടെ 49 നവജാത ശിശുക്കൾ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.കുട്ടികളുടെ മരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 19 നോട്ടീസുകള്‍ ആശുപത്രിക്ക് ജില്ലാ മജിസ്‌ട്രേറ്റ് അയച്ചിരുന്നെങ്കിലും ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല. 30 കുട്ടികള്‍ മരിച്ചത് പോഷകാഹാര കുറവ് കൊണ്ടാണെന്നും ബാക്കി 19 പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെട്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുകൂടി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് മാസത്തില്‍ മാത്രം ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആണ്. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കനുസരിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ മാത്രം 1,256 കുഞ്ഞുങ്ങള്‍ മരിച്ചതായി പ്രിന്‍സിപ്പാള്‍ പികെ സിങ് സ്ഥിരീകരിച്ചിരുന്നു.