Thursday
24 Jan 2019

കശ്മീര്‍: അഞ്ച് ഭീകരരെ വധിച്ചു; പ്രതിഷേധിച്ച അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടു

By: Web Desk | Sunday 6 May 2018 9:51 PM IST

ശ്രീനഗര്‍: കശ്മീര്‍ സ്ഥിതിഗതികള്‍ അതീവ സങ്കീർണമാക്കുന്ന വിധം ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. സുരക്ഷാസേനക്കെതിരെ  പ്രതിഷേധിച്ച് രംഗത്തിറങ്ങിയ അഞ്ച് നാട്ടുകാരും ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ദിവസം മുമ്പ് മാത്രം ആയുധം കൈയിലെടുത്ത കശ്മീര്‍ സര്‍വകലാശാല പ്രൊഫസറും ഉന്നത ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സദ്ദാം പാഡറും  ഉള്‍പ്പെടുന്നു. 11 സിവിലിയന്‍മാരെ ഗുരുതരമായ പരിക്കുകളോടെ ശ്രീനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഷോപ്പിയാനിലെ ബഡിഗാം ഗ്രാമത്തില്‍ ഇന്ത്യന്‍ സേനയും സിആര്‍പിഎഫും പൊലീസും സംയുക്തമായി ഭീകരരെ എതിരിടുകയായിരുന്നു. നേരത്തെ വധിക്കപ്പെട്ട ഭീകര നേതാവ് ബുഹാന്‍ വാനിയുടെ സംഘത്തിലെ പ്രമുഖനാണ് നാല് വര്‍ഷമായി സജീവമായിരുന്ന പാഡര്‍. കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷേ്യാളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുഹമ്മദ് റാഫി ഭട്ട് വെള്ളിയാഴ്ച ക്യാമ്പസിലെ പ്രാര്‍ഥനയ്ക്ക് ശേഷം അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹം പാഡറിന്റെ സംഘത്തിലേക്ക് ചേര്‍ന്നുവെന്ന് സംശയിക്കപ്പെട്ടു. കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭട്ട് തന്റെ വിദ്യാര്‍ഥികള്‍ ഉറുദുവില്‍ എഴുതിയ ഒരു അനുമോദന കവിതയും അവര്‍ സമ്മാനിച്ച റിസ്റ്റ് വാച്ചിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. അഞ്ച് വര്‍ഷമായി ഭീകരപ്രവര്‍ത്തനത്തിലുള്ള തൗസിഫ് ഷേയ്ക്ക്, മൗലവി ബിലാല്‍, ആദില്‍ തോക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേര്‍.
ഏറ്റുമുട്ടല്‍ വധങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ട് മാസമായി വിദ്യാര്‍ഥികള്‍ ഇടയ്ക്കിടെ പ്രതിഷേധിക്കുന്നതിനാല്‍ ഭട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീര്‍ യൂണിവേഴ്‌സിറ്റിക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. പരീക്ഷകളും മാറ്റിവച്ചു. ഭട്ടിനെ ഭീകരവാദികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഏറ്റുമുട്ടല്‍ നടന്നിടത്തേയ്ക്ക് കൊണ്ടുവന്നിരുന്നുവെങ്കിലും ഭട്ട് കീഴടങ്ങാന്‍ തയാറായില്ല.
കശ്മീറിന്റെ തെക്കും വടക്കും ഭീകരപ്രവര്‍ത്തനം ശക്തമാകുമ്പോള്‍, താരതമേ്യന ശാന്തമെന്ന് കരുതപ്പെട്ടിരുന്ന ശ്രീനഗറില്‍ ശനിയാഴ്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഛത്തബാലില്‍ സിആര്‍പിഎഫ് വാഹനത്തിന് കല്ലെറിഞ്ഞ അദില്‍ അഹമ്മദ് യാദ് (16) പൊലീസ് വാഹനം കയറി കൊല്ലപ്പെട്ടു. സുരക്ഷാവാഹനത്തിന് നേരെ കല്ലെറിയാനായി പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുന്നിലേക്ക് കയറിയ അദിലിനെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡപകടമെന്ന് അധികൃതര്‍ ആദ്യം പറഞ്ഞുവെങ്കിലും തൊട്ടടുത്ത വീട്ടില്‍ നിന്നും പിടിച്ച 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതര്‍ക്ക് മറുപടി പറയാന്‍ കഴിയാതെയായി.

ബാണ്ടിപ്പോറയില്‍ ഹജിന്‍ ഗ്രാമത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ഗുലാം ഹസന്‍ ദാറിനേയും (45) മരുമകന്‍ ബഷീര്‍ അഹമ്മദ് ദാറിനേയും (26) വധിച്ചു. സോപോറില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. സുരക്ഷാസേനയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് ഭീകരര്‍ സിവിലിയന്‍മാരെ വധിക്കുന്നത്.
പുലവാമയിലെ റോഹ്മു ഗ്രാമത്തില്‍ ഭീകരര്‍ ശനിയാഴ്ച ഗുരുതരമായി പരിക്കേല്‍പിച്ച സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഷൗക്കത്ത് അഹമ്മദ് ദാര്‍ ആശുപത്രിയില്‍ മരിച്ചു.