Monday
15 Oct 2018

ഇഎസ്‌ഐ വിഹിതമായി പിരിച്ചെടുത്ത 60,000 കോടി റിലയന്‍സിന്

By: Web Desk | Friday 12 October 2018 10:29 PM IST

  • തീരുമാനം ഭരണസമിതി അറിയാതെ നല്‍കിയത് 12.37 കോടി
  • ഗുണഭോക്താക്കളുടെ തുക

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തൊഴിലാളികളുടെയും ജീവനക്കാരുടെയും കയ്യില്‍ നിന്ന് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി പിരിച്ചെടുത്ത 60,000 കോടി രൂപയുടെ കൈകാര്യാവകാശം റിലയന്‍സിന് കൈമാറി. പത്ത് ലക്ഷം കോടി രൂപ നിക്ഷേപമുള്ള പ്രോവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക് നല്‍കാന്‍ നീക്കമുണ്ടെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇഎസ്‌ഐസിയുടെ പണം വിനിയോഗിക്കാനുള്ള അവകാശം അനില്‍ അംബാനിയുടെ റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിന് നല്‍കിയിരിക്കുന്നത്. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഭരണസമിതി പോലുമറിയാതെയുള്ള തീരുമാനം റിലയന്‍സ് തന്നെയാണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം.

കഴിഞ്ഞമാസം 18 നാണ് ഭരണസമിതിയുടെ അവസാനത്തെ യോഗം ചേര്‍ന്നത്. ഈ യോഗത്തിന്റെ തീരുമാനങ്ങളായി 19 ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പരാമര്‍ശിച്ചിട്ടില്ല. യോഗത്തിന്റെ തീരുമാനമായി ചില ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതായാണ് ഈ പത്രക്കുറിപ്പിലുള്ളത്. പ്രസ്തുത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതുപോലുമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍തലത്തിലുള്ള തീരുമാനമാണിതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

ഇഎസ്‌ഐയുടെ ഫണ്ട് കൈകാര്യം ചെയ്യാന്‍ റിലയന്‍സിനെ ഏല്‍പ്പിക്കുന്ന കാര്യം ഒരു യോഗത്തിലും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബോര്‍ഡ് അംഗം എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ ജനയുഗത്തോട് പറഞ്ഞു.

ഇപിഎഫ്, കോള്‍ മൈന്‍സ് പിഎഫ്, പെന്‍ഷന്‍ റഗുലേറ്ററി വികസന അതോറിറ്റി എന്നിവയുടെ ഫണ്ടുകളും തങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം റിലയന്‍സിന്റേതായി പുറത്തുവന്ന വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സര്‍ക്കാരിന്റെ ഇത്തരത്തിലൊരു തീരുമാനത്തില്‍ അഭിമാനമുണ്ടെന്നും ഇതുവരെ തങ്ങള്‍ നടത്തിയപ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണിതെന്നും വാര്‍ത്താ കുറിപ്പില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സന്ദീപ് സിക്ക അവകാശപ്പെടുന്നുണ്ട്.

ജപ്പാനിലെ നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് റിലയന്‍സ് അതിന്റെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട് ഇടപാടുകള്‍ നടത്തുന്നത്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 59,382 കോടി രൂപയാണ് ഇഎസ്‌ഐയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമകളുടെയും വിഹിതമായി ലഭിച്ചിട്ടുള്ളത്. 3.19 കോടി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി 12.37 കോടി പേരാണ് ഇഎസ്‌ഐയുടെ ഗുണഭോക്താക്കളായുള്ളത്. പിന്നീടുള്ള ഒരു വര്‍ഷത്തെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ തുക 60,000 കോടിയിലധികമായിരിക്കും.

ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ടാണ് ഇഎസ്‌ഐ പദ്ധതി ആവിഷ്‌ക്കരിച്ചത്. അതിലേയ്ക്ക് വിഹിതമായി ലഭിച്ച തുകയാണ് റിലയന്‍സിന് കൈമാറിയിരിക്കുന്നത്. നേരത്തേ ഇപിഎഫിന്റെയും മറ്റ് പ്രോവിഡന്റ് ഫണ്ടുകളുടെയും വിഹിതം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഎസ്‌ഐയുടെ തുകയത്രയും റിലയന്‍സിന് നല്‍കിയിരിക്കുകയാണ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമല്ല.

ജമ്മു കശ്മീരിലെ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി റിലയന്‍സിന് നല്‍കിയ തീരുമാനം കഴിഞ്ഞയാഴ്ചയാണുണ്ടായത് ഇത് വിവാദമായി നില്‍ക്കേയാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.