Monday
10 Dec 2018

മാര്‍ഷ്യലിന്റെ ഗോളിന് വില 85 കോടി

By: Web Desk | Thursday 11 October 2018 10:54 PM IST

അന്തോണി മാര്‍ഷ്യല്‍

ലണ്ടന്‍: ന്യൂകാസിലിനെതിരെ മാഞ്ചസ്റ്ററിനെ രക്ഷപെടുത്തിയ അന്തോണി മാര്‍ഷ്യലിന്റെ സമനില ഗോളിന് വില 85 കോടി. ഈ ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 85 കോടിയിലേറെ രൂപ താരത്തിന്റെ മുന്‍ ക്ലബായ മൊണാക്കോയ്ക്ക് നല്‍കേണ്ടി വരും. മാര്‍ഷ്യലിനെ വാങ്ങിയപ്പോഴുള്ള കരാറിലെ വ്യവസ്ഥയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുടുക്കിയത്.
മാര്‍ഷ്യല്‍ ന്യൂകാസിലിനെതിരായ മത്സരത്തിന്റെ 76 ാം മിനുറ്റിലാണ് മനോഹരമായ ഗോളിലൂടെ യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. മാര്‍ഷ്യലിന്റെ പ്രീമിയര്‍ ലീഗിലെ 25 ാം ഗോളായിരുന്നു അത്. അവസാനമിനുറ്റില്‍ അലക്‌സി സാഞ്ചസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ 3-2ന് കളി ജയിക്കുകയും ചെയ്തു. കോച്ച് ജോസ് മൗറീഞ്ഞോയ്ക്കാണ് ജയത്തോടെ ഏറെ ആശ്വാസം ലഭിച്ചത്.

ആന്റണി മാര്‍ഷല്‍ പ്രീമിയര്‍ ലീഗില്‍ 2018-19 സീസണ്‍ തീരുന്നതിന് മുമ്പ് 25 ഗോള്‍ തികച്ചാല്‍ 10 ദശലക്ഷം യൂറോ നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. 2015 സെപ്റ്റംബറില്‍ 36 മില്യണ്‍ പൗണ്ടിനാണ് അന്റോണിയോ മാര്‍ഷ്യലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൈമാറ്റത്തുക 44.73 മില്യണ്‍ പൗണ്ടായി ഉയരും. കഴിഞ്ഞ ജനുവരിയില്‍ ബേണ്‍ലിക്കെതിരെ അവസാനം പ്രീമിയര്‍ ലീഗില്‍ വല ചലിപ്പിച്ച് ഇരുപത്തിനാലാം ഗോള്‍ നേടിയ താരം പിന്നീട് ഇപ്പോഴാണ് ലീഗില്‍ ഗോള്‍ കണ്ടെത്തുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡും മൊണാക്കോയും തമ്മിലുള്ള കരാറില്‍ വേറെയും ചില സാമ്പത്തിക കുരുക്കുകളുണ്ടായിരുന്നു. 2018-19 സീസണിന് മുന്നോടിയായി മാര്‍ഷ്യല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിന് നിര്‍ദ്ദേശിക്കപ്പെടുകയോ ഫ്രാന്‍സിനായി 25 മത്സരങ്ങള്‍ കളിക്കുകയോ ചെയ്താലും പത്തുമില്യണ്‍ യൂറോ അധികമായി മാഞ്ചസ്റ്റര്‍ നല്‍കേണ്ടിവരും.

ബാലണ്‍ ഡി ഓറിനായി നിര്‍ദേശിക്കപ്പെട്ടവരില്‍ അന്റോണിയോ മാര്‍ഷലിന്റെ പേരില്ല. ഫ്രാന്‍സിനുവേണ്ടി ഇക്കാലയളവില്‍ 18 മത്സരങ്ങളാണ് മാര്‍ഷ്യല്‍ പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധ്യതയില്ലാത്തതിനാല്‍ ഈ രണ്ട് വ്യവസ്ഥകളും മാഞ്ചസ്റ്ററിന് പാലിക്കേണ്ടിവരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരിശീലകന്‍ മൗറീഞ്ഞോയുമായി മാര്‍ഷ്യലിന്റെ ബന്ധം അത്ര സുഖകരമല്ല. ഇക്കാരണത്താല്‍ മാര്‍ഷ്യല്‍ ടീം വിടുന്നതിനും ശ്രമിച്ചിരുന്നു. ചെല്‍സി തുടങ്ങിയ ക്ലബുകള്‍ നേരത്തെ താരത്തിനായി വലവിരിച്ചുവെങ്കിലും വിട്ടുകൊടുക്കാന്‍ യുണൈറ്റഡ് മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഓപ്ഷന്‍ ഉള്ള മാഞ്ചസ്റ്റര്‍ താരങ്ങളിലൊരാളാണ് മാര്‍ഷ്യല്‍. ഡേവിഡ് ഡിജിയ, ആന്റോണിയോ വലന്‍സിയ, ക്രിസ് സ്മാളിങ്, ഫില്‍ ജോണ്‍സ്, ആന്ദ്രേസ് പെരേര, മാറ്റിയോ ഡാര്‍മിയന്‍, ജെയിംസ് വില്‍സണ്‍ എന്നിവരാണ് മറ്റുള്ളവര്‍. ജുവാന്‍ മാട്ട, ലൂക്ക് ഷാ, ആഷ്‌ലി യങ്, ആന്‍ഡര്‍ ഹെരേര എന്നിവരുടെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. കരാര്‍ തീരുന്നതിന് ആറുമാസം മുമ്പ് പുതിയ കരാര്‍ ഒപ്പിട്ടിട്ടില്ലെങ്കില്‍ പുതിയ ക്ലബുകള്‍ തേടാന്‍ താരങ്ങള്‍ക്ക് അനുമതിയുണ്ട്. ഡേവിഡ് ഡിജിയ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചിരുന്നു.