Monday
25 Jun 2018

റെയ്‌സിന കുന്നുകളിലെ’ നല്ല താമസക്കാരന്‍

By: Web Desk | Saturday 12 August 2017 12:12 PM IST

പി എ വാസുദേവന്‍

രാഷ്ട്രീയ തീരുമാനങ്ങളില്‍ തന്ത്രമാണ് പ്രധാനം, ജനാധിപത്യ നിര്‍ണയങ്ങളുടെ സ്വാതന്ത്ര്യമല്ലെന്നു പൊതുവായ ഒരവസ്ഥയുണ്ടായിരിക്കുന്നു. ഏതു നിയമനത്തിലും രാഷ്ട്രഘടനയുടെ ദാര്‍ഢ്യത്തെക്കാള്‍ പ്രധാനം പാര്‍ട്ടിയുടെ അതിജീവനമാണ്. ഇക്കാര്യത്തില്‍ ഏതാണ്ട് എല്ലാ രാഷ്ട്രീയ മുന്നണികളും ഒരവിശുദ്ധബന്ധത്തിലാണ്. ഒരുപദവി, രാഷ്ട്രത്തെ എങ്ങനെ മെച്ചപ്പെടുത്തുമെന്നോ രാഷ്ട്രീയത്തെ എങ്ങനെ സുതാര്യമാക്കുമെന്നോ എന്നതൊക്കെ അപ്രസക്തമാവുന്നു. എന്തുതന്ത്രവും ഏത് വഴിയും തേടി, എതിരാളിയുടെ മേല്‍ ഒരു വിജയം- അത് സംശുദ്ധജനാധിപത്യത്തിന് എത്രയൊക്കെ ദോഷകരമാണെങ്കില്‍ കൂടി.

എത്രയോ സുതാര്യമായി നടന്നുപോകേണ്ടതായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഒരര്‍ഥത്തില്‍ ഈ സര്‍വോന്നത സ്ഥാനം, രാഷ്ട്രീയാതീതമെന്നാണ് വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. കുറേക്കാലം സംശുദ്ധ വ്യക്തിത്വങ്ങള്‍തന്നെയായിരുന്നു രാഷ്ട്രപതി മന്ദിരത്തില്‍. രാജേന്ദ്ര പ്രസാദും, ഡോ. രാധാകൃഷ്ണനും, സക്കിര്‍ ഹുസൈനും അങ്ങനെയായിരുന്നു. ഡോ. കലാമിലെത്തുമ്പോള്‍ നാമെത്തിയത് പണ്ഡിതനും, ഋഷിതുല്യനുമായൊരു പ്രസിഡന്റിലാണ്. അതിനിടയില്‍ രാഷ്ട്രീയ ചേരുവകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇത്ര തന്ത്രപരമായൊരു നീക്കമുണ്ടായിരുന്നില്ല. മത്സരിച്ച കോവിന്ദും, മീരാകുമാറും അഴിമതി ആരോപണങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയമായ പാരമ്പര്യം എറ്റക്കുറച്ചിലോടെ ഉണ്ടായിരുന്നു താനും. എന്നിട്ടും ആ അങ്കം കലുഷിതമായിരുന്നത്, അതിനു പിന്നില്‍ കളിച്ചവരുടെ ദുഷ്ടലാക്കുകൊണ്ടായിരുന്നു.

രാംനാഥ് കോവിന്ദ് തികഞ്ഞ ആര്‍എസ്എസ് പാരമ്പര്യത്തില്‍ നിന്നുവന്ന വ്യക്തിയാണ്. ”മാന്യമായ വ്യക്തിത്വം” എന്ന് നിതീഷ് കുമാര്‍ വിശേഷിപ്പിച്ച അദ്ദേഹത്തെ അതിന്റെ പേരിലല്ല, എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയത്. നല്ലൊരഭിഭാഷകനും ഗവര്‍ണറുമൊക്കെയായിരുന്ന അദ്ദേഹത്തെ, ബിജെപി മുന്നണി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഇതാ പ്രസിഡന്റാവാന്‍ ഒരു ദളിതന്‍ എന്നായിരുന്നു ഉയര്‍ത്തിക്കാട്ടിയത്. അതിനും മറ്റുകുറേ രാഷ്ട്രീയ പേരുകളുണ്ടായിരുന്നു. ഇതല്ലാത്ത മറ്റൊരു യോഗ്യതകളുമില്ലാത്ത വ്യക്തിയായിരുന്നുവോ കോവിന്ദ്. ഇതിനുമുമ്പും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കെ ആര്‍ നാരായണനെന്ന പ്രഗത്ഭനായ വ്യക്തിയെ തന്റെ ദലിത് ഐഡന്റിറ്റിയിലേക്ക് ഒതുക്കാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസവും അത്യുന്നത സ്ഥാനമാനങ്ങളും നേടിയ നിര്‍മലവ്യക്തിത്വമായിരുന്ന അദ്ദേഹം ദളിതനായിരുന്നു. പക്ഷെ അതുമാത്രമായി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചുരുക്കിയത് ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയായിരുന്നു.

ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഒരു ദളിതന്‍, ഏത് ഉന്നത സ്ഥാനത്തെത്തുന്നതും ആരുടെയും ഔദാര്യം കൊണ്ടല്ല. ഭരണഘടന നല്‍കിയ അവകാശം കൊണ്ടാണ്. അവസരം ലഭിച്ചാല്‍ ഏതു സ്ഥാനത്തെത്താനും ശേഷിയുള്ളവര്‍ ആ കൂട്ടത്തില്‍ ഉണ്ട് താനും. പിന്നെ നാമെന്തിനാണ് ഇങ്ങനെയൊരു പരിവൃത്തം സൃഷ്ടിക്കുന്നത്.

കോവിന്ദിന്റെ ജാതിയെക്കുറിച്ച് അമിത്ഷാ പല പ്രാവശ്യം പറഞ്ഞത് ബിജെപിയുടെ ദളിത്‌പ്രേമം പൊക്കിക്കാണിക്കാനാണ്. ആ വിഭാഗത്തോട് ബിജെപിക്കുണ്ടെന്നു പറയുന്ന അവഗണന ഇല്ലെന്നുവരുത്താനും വരും തെരഞ്ഞെടുപ്പുകളില്‍ അത് വോട്ടാക്കിമാറ്റാനുമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പും രാംനാഥ് കോവിന്ദും നിമിത്തങ്ങള്‍ മാത്രമായിരുന്നു. മറുപക്ഷവും ഒരു മേല്‍ക്കൈനോക്കി. മീരാ കുമാറിനെ ദളിത ദ്വന്ദത്തിലാക്കി. ഉന്നത വിദ്യാഭ്യാസവും കുടുംബ-രാഷ്ട്രീയ മേന്മയുമുളള അവരെ കോവിന്ദിനെതിരെ നിര്‍ത്തിയത് മേല്‍ ശീട്ടിട്ട് വെട്ടാമെന്ന ലാക്കില്‍ തന്നെയായിരുന്നു. ഇന്ത്യയുടെ ഉപപ്രധാനമന്ത്രിവരെയായ ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന ജഗ്ജീവന്‍ റാമിന്റെ മകള്‍. ഏത് വിലാസത്തിലും രാഷ്ട്രപതി സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ യോഗ്യ. എന്നിട്ടും കോണ്‍ഗ്രസും സംഘവും ഒരസംബന്ധ നാടകം കളിച്ചു.
ഇവിടെയാണ് രാഷ്ട്രീയ മനസിന്റെ കളങ്കങ്ങളറിയുന്നത്. കോവിന്ദിലൂടെ നോണ്‍ ജാദവ് ദളിതവിഭാഗത്തെ പാട്ടിലാക്കാം. ജാദവ് ഇതരരേയും മറ്റു പിന്നാക്ക ജാതിക്കാരെയും ഈ ഒരൊറ്റ നീക്കത്തിലൂടെ അവര്‍ക്ക് ഇപ്പോഴുള്ള ലോ സൈറ്റ് നേതൃത്വത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ഇതൊരു നല്ല തന്ത്രമായി പരിവാര്‍ കണ്ടു. പിന്നെയുമുണ്ടത്രെ രഹസ്യം. ഗുജറാത്തില്‍ ‘കോവിന്ദുമാര്‍’ ഒബിസി ഗണത്തിലാണത്രെ. ഹര്‍ദിക് പട്ടേല്‍ മധ്യതല ജാതി സ്വരൂപിക്കാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണത്. അത് സവര്‍ണസംഘികള്‍ക്കെതിരായ നീക്കമായതിനാല്‍, രാംനാഥിന്റെ രാഷ്ട്രപതി പദം, ഒരു മറുനീക്കമാവും. ഒരു രാഷ്ട്രപതിയെ തിരഞ്ഞെടുക്കുമ്പോഴത്തെ തന്ത്ര-കുതന്ത്രങ്ങള്‍ നോക്കൂ.

‘പശു ബെല്‍റ്റി’ല്‍ പ്രത്യേകിച്ചും ദളിതര്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമത്തില്‍ ബിജെപി പ്രതിസ്ഥാനത്താണ്. വാരേണ്യജാതിക്കാരുടെ കക്ഷി എന്ന ദുഷ്‌പേരുമുണ്ട്. അതിനു തടയിടാന്‍ രാംനാഥിനെ ഉപയോഗിക്കാമെന്നും ‘പരിവാറി’ന്റെ കണക്കുണ്ട്. ഉത്തര്‍പ്രദേശിലെ കുഷി നഗറിനെ ദളിതര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് സോപ്പും ഷാംപൂവും നല്‍കി ശുചി വരുത്തിച്ചത്രെ. അങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത അറിഞ്ഞ കോവിന്ദിന്റെ പ്രതികരണമൊന്നും കണ്ടില്ല. സ്വസഹോദരങ്ങളോടുള്ള ഈ അനീതിക്കെതിരെ ഒന്നും പറയാതെ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ച രാംനാഥ്, ഭാവിയിലെ ഇത്തരം ദളിത് പീഡനങ്ങള്‍ നടന്നാല്‍ ആണത്തമുള്ള ഒരു നിലപാടെടുക്കുമെന്നു കരുതാമോ. രാഷ്ട്രപതി സ്ഥാനം കൂടുതല്‍ വലിയൊരു വിധേയത്വമാവുമോ. നമുക്ക് വേണ്ടത് സ്വത്വമുള്ള ഒരു രാഷ്ട്രനാഥനെയാണ്.
നമ്മുടെ ഇലക്ടറല്‍ ഡിബേറ്റുകളും സങ്കല്‍പ്പങ്ങളും അതീവ വിഭജിതവും വഞ്ചനാപരവുമാണെന്നതിന് ഇതൊരു തെളിവുകൂടിയാണ്. തോല്‍ക്കാനുറപ്പിച്ച കോണ്‍ഗ്രസ് പക്ഷത്തിന് കോവിന്ദിന് ഒരു മറുപക്ഷം മാത്രമേ ലക്ഷ്യമായിരുന്നുള്ളു. പിന്നെയെല്ലാം കണക്കിന്റെ മാത്രം നിശ്ചയങ്ങളായിരുന്നു. കൂടുതല്‍ അഖിലേന്ത്യാ സ്റ്റാച്ചര്‍ ഉള്ള മീരാകുമാറിന് അവരുടെ അക്കാദമിക് രാഷ്ട്രീയ മികവുകള്‍ക്കൊന്നും ഒരു പരിഗണനയും കിട്ടിയില്ല. ഒരു ജനാധിപത്യം അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും രാജ്യത്തെ പരമോന്നത സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍. ആ അര്‍ഥത്തില്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അര്‍ഥപൂര്‍ണമായിരുന്നു. അങ്ങനെയൊരു ഉപരാഷ്ട്രപതിയെയായിരുന്നു ഇന്ത്യ അര്‍ഹിച്ചിരുന്നത്. അവിടെ ഇലക്ടറല്‍ വൈകല്യങ്ങള്‍ തന്നെ ജയിച്ചു. ബിജെപിയുടെ അധികാര കേന്ദ്രീകരണ തന്ത്രത്തിന്റെ ഉപകരണമായിരുന്നു താനെന്ന് രാഷ്ട്രപതി മനസിലാക്കണം. രാജ്യത്തെ പരീക്ഷിക്കുന്ന ഒട്ടേറെ ജനാധിപത്യ സന്ദര്‍ഭങ്ങളില്‍ ഒരു രാഷ്ട്രപതിക്ക് സ്വന്തമായ തീരുമാനങ്ങള്‍ ഉണ്ടാവണം. ഏറ്റവും ചുരുക്കം അവ തുറന്നു പറയാന്‍ പ്രധാനമന്ത്രിയുമായി ഒരു തുല്യബന്ധം വേണം. അതില്ലാതായാല്‍ ദോഷം രാഷ്ട്രത്തിനാണ്. ജനാധിപത്യ സംവിധാനത്തിനാണ്. കോവിന്ദിനെ ഉപയോഗിച്ച് ദളിത് മനസിനെ ഒറ്റയടിക്ക് ബിജെപി ഏകശിലാ ഘടനയില്‍ ഒതുക്കാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്.

വരാന്‍പോകുന്ന ഒരു നീണ്ടകാല രാഷ്ട്രീയ തിരക്കഥ രചിക്കലായിരുന്നു ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ തീരുമാനങ്ങളില്‍ കുറച്ചുകാലമെങ്കിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ദിരാഗാന്ധിയുടെ തീരുമാനത്തിന് വിധേയമായി അനുസരണയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കാലം ഓര്‍ക്കാം. കെ ആര്‍ നാരായണന്‍ പല ഘട്ടങ്ങളിലും വാജ്‌പേയ് സര്‍ക്കാരുമായി ശക്തമായി വിയോജിച്ചിരുന്നു.

ഇവിടെ അത്തരം പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കരുത്. രാംനാഥ് കോവിന്ദിന് പരിവാര്‍ അജന്‍ഡയ്ക്കപ്പുറത്തെ രാഷ്ട്രീയ കാഴ്ചപ്പാടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ അദ്ദേഹം അജ്ഞനുമാണ്. അതുകൊണ്ട് റെയ്‌സിനാ കുന്നുകളില്‍ നിന്ന് ഒരു അസ്വാസ്ഥ്യവും പ്രതീക്ഷിക്കരുത്. സ്വസ്ഥമായ ഒരു ജനാധിപത്യം തീര്‍ത്തും ജീര്‍ണിച്ച ഒരു വ്യവസ്ഥയാണ്.