Thursday
24 Jan 2019

ഒരു ഗ്രാമത്തില്‍ ഒരു പൈതൃക വീഥി

By: Web Desk | Wednesday 2 May 2018 10:36 PM IST

അരി കായ്ക്കുന്ന മരമേതെന്ന് കുഞ്ഞുങ്ങള്‍ ചോദിച്ചുതുടങ്ങി. ഇനിയും ഇങ്ങനെ മുന്നോട്ടുപോയാല്‍ ഗ്രാമമനുഷ്യനെ നഗരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരും

ജാതിവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളായ അയിത്തമടക്കമുള്ള ഹീനരീതികളും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ ഭാവിതലമുറ ആസ്വദിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേരളീയ ഗ്രാമങ്ങള്‍. പരസ്പര സ്‌നേഹത്താലും വയലുകളാലും പൂമരങ്ങളാലും പക്ഷികളാലും ചെറുജീവികളാലും സമൃദ്ധമായിരുന്നു നമ്മുടെ ഗ്രാമങ്ങള്‍.

ഗ്രാമവിശുദ്ധിയെപ്പറ്റി മഹാകവി വൈലോപ്പിള്ളിയടക്കം നിരവധി കവികള്‍ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. നഗരം, നാട്യപ്രധാനമാണെന്നും നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണെന്നും സാക്ഷ്യപ്പെടുത്തിയത് കുറ്റിപ്പുറത്തു കേശവന്‍ നായരാണ്. നമ്മുടെ ഉറവിടം നാട്ടിന്‍പുറത്തെ പ്രകൃതി മാത്രമല്ല മനുഷ്യര്‍ കൂടിയാണ്. മനുഷ്യര്‍ മാറുമ്പോള്‍ നമ്മുടെ നിറവും മാറും പ്രകൃതിയുടെ മുഖവും മാറും.

കൂടുതല്‍ നന്മയിലേക്ക് പരിണമിക്കുന്നതിനു പകരം തിന്മയിലേക്കാണ് മനുഷ്യന്‍ മാറുന്നതെങ്കില്‍ പ്രകൃതി വികൃതിയാകും. വന്മരങ്ങളെല്ലാം മുറിച്ച് കടല്‍ കയറ്റി അയയ്ക്കും. നദികളില്‍ മാലിന്യത്തുരുത്തുകള്‍ രൂപം കൊള്ളും. മഴ വിട പറയും. തടാകങ്ങളുടെ അടിത്തട്ട് കാല്‍പന്തു കളിക്കാനുള്ള മൈതാനമാകും.

ആഗോളവല്‍ക്കരണം സുഖസമൃദ്ധിയിലേക്കുള്ള വിനാശകരമായ ആസക്തി വിത്തുകള്‍ വിതച്ചിട്ടുണ്ട്. മനുഷ്യര്‍ മാറിയിട്ടുണ്ട്. ഉദയത്തിനു മുന്‍പ് ഗ്രാമങ്ങളില്‍ കേട്ടുകൊണ്ടിരുന്ന പൂങ്കോഴിയുടെ കാഹളം കൈഫോണുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചെമ്മണ്‍ പാതകള്‍ കീലുടുത്ത് വാഹനങ്ങളെ പേറുവാന്‍ സന്നദ്ധരായി കഴിഞ്ഞു. തെങ്ങുകളെല്ലാം മണ്‍തരിചുംബിച്ച് നശിച്ചു കഴിഞ്ഞു. പുഴയുടെ ഉറവിടങ്ങള്‍പോലും അടഞ്ഞുപോയിരിക്കുന്നു. വീടുകള്‍ക്കു ചുറ്റും വന്‍ മതിലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത വീട്ടിലെ അജ്ഞാതന്റെ മരണം ചാനലിലൂടെ മാത്രം അറിയുന്നത് സാധാരണമായിക്കഴിഞ്ഞു. നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായി. വിശന്നു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനുപോലും ഫലം നല്‍കാന്‍ കഴിയാത്ത റബര്‍ മരങ്ങള്‍ കോട്ടെരുമകളെ നിറച്ചുകഴിഞ്ഞു. പുരാണ ഗ്രന്ഥങ്ങളിലും തലയിണയുറകളിലും അവ താമസമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ കൃഷിയിടങ്ങള്‍ കാണുവാനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പഠനയാത്രകള്‍ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ മാറ്റങ്ങളേയും തടയാന്‍ സാധ്യമല്ല മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിനാശകരമായ മാറ്റങ്ങളില്‍ നിന്നും മാറിനടക്കേണ്ടതുണ്ട്. ആധുനിക രീതിയില്‍ സജ്ജീകരിക്കപ്പെട്ട പാതകള്‍ ആവശ്യമാണ്. എന്നാല്‍ ഉള്ള കൃഷിയിടങ്ങള്‍ സംരക്ഷിക്കുകയും വേണം. മാറിയ കാലം രോഗങ്ങളുടെ പൂക്കാലമാണ്. ആശുപത്രികള്‍ ആവശ്യമാണ്. എന്നാല്‍ രോഗങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുവാന്‍ ആരോഗ്യകരമായ ഒരു ജീവിതരീതി ശീലിക്കേണ്ടതുണ്ട്.
കല്‍പാത്തി അടക്കം പല പ്രദേശങ്ങളിലേയും പൈതൃക പ്രാധാന്യം അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ ഓരോ ഗ്രാമത്തിലും ഓരോ പൈതൃകത്തെരുവ് സൂക്ഷിക്കാവുന്നതാണ്. പുതിയ തലമുറയ്ക്ക് കാണാനും അവിടെയിരുന്ന് ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും അത് ഉപകരിക്കും. പൈതൃക വീഥിയുടെ ഇരുപുറവുമുള്ള വസതികളും കിണറുകളും അപൂര്‍വം കൊള്ളുകളും കയ്യാലകളും സംരക്ഷിക്കുവാന്‍ പ്രദേശവാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. പൗരാണിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രശാലകളും സംഗീത ശാലകളും അവിടെ വേണ്ടതാണ്.
ക്രൂരമായ ഭൂതകാല ജീവിതവും ആ തെരുവില്‍ നിന്ന് ശില്‍പരചനകളിലൂടെ മനസിലാക്കാന്‍ സന്ദര്‍ഭമൊരുക്കേണ്ടതുണ്ട്. വൈക്കത്തും മറ്റും നഗരത്തിന്റെ നടുക്കുപോലും ചില പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

നാം ജീവിക്കുന്ന പട്ടണമോ പുതുക്കപ്പെട്ട നാട്ടിന്‍പുറമോ പണ്ട് എങ്ങനെയായിരുന്നുവെന്ന് വരും തലമുറയ്ക്ക് മനസിലാക്കുവാന്‍ ഇത്തരം പൈതൃകത്തെരുവുകള്‍ സഹായിക്കുകതന്നെ ചെയ്യും.