Thursday
24 Jan 2019

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവ്

By: Web Desk | Tuesday 10 April 2018 11:16 PM IST

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ രണ്ടാമത് നടന്നത് കൊച്ചിയിലാണ്. 1971 ഒക്‌ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ 9-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു. അന്ന് പാര്‍ട്ടിയുടെ അംഗസംഖ്യ 2,43,238. കോണ്‍ഗ്രസിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയ സമ്മേളനമായിരുന്നു അത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരില്‍ ഫ്യൂഡല്‍ കുത്തക സാമ്രാജ്യത്വവിരുദ്ധ മനോഭാവമുള്ള നല്ല ജനവിഭാഗമുണ്ടെന്നും പെറ്റി ബൂര്‍ഷ്വാ ജനവിഭാഗത്തില്‍ നിന്നും ഒരു ഗണ്യമായ വിഭാഗം ഇടതുപക്ഷത്തേയ്ക്ക് വരുന്നുണ്ടെന്നും ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി.
ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ‘നവയുഗം’ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ ജനറല്‍ സെക്രട്ടറി സി രാജേശ്വരറാവു ചൂണ്ടിക്കാട്ടി: ”1968-ല്‍ പട്‌നയില്‍ വച്ച് കൂടിയ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം രാഷ്ട്രീയതലത്തില്‍ മാത്രമല്ല ബഹുജന സമരങ്ങളുടെ മണ്ഡലത്തിലും പാര്‍ട്ടിക്ക് അഭിമാനകരമായ പല നേട്ടങ്ങളും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളിക്കുന്നത്. വലതു പിന്തിരിപ്പന്‍ ശക്തികളില്‍ നിന്ന് രാജ്യത്തിനുണ്ടായേക്കാവുന്ന അപകടത്തെ തട്ടിമാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടി ശക്തവും മുഖ്യവുമായ പങ്ക് വഹിച്ചു. അതുകൊണ്ടുതന്നെ അതിന്റെ അന്തസിന് ഒന്നുകൂടി പ്രാമുഖ്യമേറുകയാണ്.”
ലേഖനം ഉപസംഹരിക്കുന്നത് ഇങ്ങനെ: ‘തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വമെന്ന തത്വത്തിന്റെയും മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ശക്തമായ അടിത്തറയുള്ള, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ശരിക്കും പോരാടിയിട്ടുള്ള ഒരു ശക്തമായ പാര്‍ട്ടിയെന്ന നിലയ്ക്ക് നമ്മുടെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ ധാരണയും ദൃഢതയും നമുക്കുണ്ടാകണം. അത്തരമൊരു പാര്‍ട്ടിക്ക് ബഹുജനസമരങ്ങളെ നയിക്കുവാനും രാജ്യത്തെ ഇടതു – ജനാധിപത്യശക്തികളെ യോജിപ്പിക്കുവാനും സാധിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒമ്പതാം കോണ്‍ഗ്രസ് ഈ കടമ പാര്‍ട്ടിക്കുമുമ്പിലുള്ള സുപ്രധാന കടമയായി കാണുന്നതായിരിക്കും.’ (നവയുഗം 1971 ഒക്‌ടോബര്‍ 2).

വിശാലവേദിയുടെ പ്രാധാന്യം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്രമായ പങ്ക്, ദേശീയ ജനാധിപത്യമുന്നണിയുടെ ആണിക്കല്ലായി തൊഴിലാളി – കര്‍ഷകസഖ്യത്തെ പടുത്തുയര്‍ത്തല്‍, ഈ മുന്നണി പടുത്തുയര്‍ത്തുന്നതിനുവേണ്ടി ശരിയായ ഐക്യമുന്നണി അടവുകള്‍ – ഈ മൂന്ന് കടമകളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് ഒമ്പതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. വരാന്‍പോകുന്ന കാലഘട്ടത്തില്‍ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാനും ബഹുജനസമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാനും ഇടതുപക്ഷ – ജനാധിപത്യ ഐക്യം ഊട്ടിയുണ്ടാക്കാനും വിശാലവേദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ചു.
കുത്തക സ്ഥാപനങ്ങള്‍ ദേശസാത്കരിക്കാന്‍ വേണ്ടി വിദേശ ഉടമയിലുള്ള എണ്ണക്കമ്പനികളും വിദേശബാങ്കുകളും പോലുള്ള വിദേശ മൂലധനം ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ വേണ്ടി, ഇനിയും കൂടുതല്‍ വിദേശമൂലധനം ഇറക്കുമതി ചെയ്യുന്നതും ആ മൂലധനമോ ലാഭമോ കടത്തിക്കൊണ്ടുപോകുന്നതും നിരോധിക്കാന്‍ വേണ്ടി, പി എല്‍ 480 ഫണ്ട് മരവിപ്പിക്കുന്നതിനും മേലില്‍ പി എല്‍ 480 പ്രകാരമുള്ള ഇറക്കുമതി നിര്‍ത്തല്‍ ചെയ്യുന്നതിനുവേണ്ടി ഊഹക്കച്ചവടവും ഫോര്‍വേഡ് വ്യാപാരവും പൂര്‍ണമായി നിരോധിക്കുന്നതിനുവേണ്ടി, ഭക്ഷ്യധാന്യങ്ങളുടെ മൊത്തവ്യാപാരവും കയറ്റുമതിയും ഇറക്കുമതിയും സ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുവേണ്ടി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കുത്തകകളുടെ ഏജന്റന്മാരെ പുറത്താക്കുന്നതിനും അവയുടെ മാനേജ്‌മെന്റ് ജനാധിപത്യപരമാക്കുന്നതിനുംവേണ്ടി, പത്രങ്ങളുടെ മേല്‍ കുത്തകകള്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുമുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിനുവേണ്ടി ബഹുജന പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്‍പതാം കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം നിര്‍ദേശിച്ചു.
നഗരസ്വത്തിന് നിയമം വഴി പരിധി നിശ്ചയിക്കുന്നതിനും പ്രതിഫലം കൂടാതെ മുന്‍ നാടുവാഴികളുടെ പ്രിവിപേഴ്‌സും പ്രത്യേക ആനുകൂല്യങ്ങളും നിര്‍ത്തലാക്കുന്നതിനും ഇവരുടെ സ്വകാര്യസ്വത്തിന്റെ പ്രശ്‌നം അഴിച്ചാലോചിക്കുകയും മിച്ചമുള്ള സ്വത്ത് സ്റ്റേറ്റിന്റെ സ്വത്താക്കുകയും ചെയ്യുന്നതിനും വിശാലവേദി വളര്‍ന്നുവരണം. വികസന പ്രവര്‍ത്തനങ്ങളിലുള്ള മുന്‍കൈ വര്‍ധിപ്പിക്കത്തക്കവിധം ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ പുനഃസംഘടിപ്പിക്കുകയും അതുവഴി ജനാധിപത്യത്തെ വളര്‍ത്തുകയും രാജ്യത്തൊട്ടാകെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. 18 വയസില്‍ വോട്ടവകാശം; തെരഞ്ഞെടുപ്പുകളില്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം ഏര്‍പ്പെടുത്തല്‍ എന്നീ നിര്‍ദേശങ്ങളും ഒമ്പതാം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.
1968 ഫെബ്രുവരിയില്‍ പട്‌നയില്‍ നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ടുള്ള കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ അന്തസ് വര്‍ധിപ്പിക്കുന്നവിധത്തില്‍ നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാ പ്രമേയം ചൂണ്ടിക്കാട്ടി.
സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഐക്യമുന്നണി മന്ത്രിസഭയുടെ രൂപീകരണവും പുരോഗമനപരമായ നിയമനിര്‍മാണ നടപടികള്‍ നടത്തുന്നതിലും ജനങ്ങളുടെ നന്മയ്ക്കായി പൊതുവിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ നന്മയ്ക്കായി പ്രത്യേകിച്ചും സ്വീകരിച്ച നടപടികളും അതുവഴി കരഗതമായ പലവിധത്തിലുള്ള നേട്ടങ്ങളും സംഘടനാ പ്രമേയത്തില്‍ വ്യക്തമാക്കി.
ദേശീയ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന കടമ, ആ മുന്നണിയുടെ സംഘാടകനും അതിനെ ചലിപ്പിക്കുന്നതുമായ ശക്തിയായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തുകൊണ്ട് മാത്രമേ നിറവേറ്റാന്‍ കഴിയുകയുള്ളൂവെന്ന് സംഘടനാ പ്രമേയം ചൂണ്ടിക്കാട്ടി. ‘അങ്ങനെയുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തിലുള്ള ഒരു മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് മുന്നണിപ്പോരാളി. സമരം ചെയ്യുന്ന ജനവിഭാഗങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന – വിശേഷിച്ചും കാര്‍ഷികത്തൊഴിലാളികളുടെയും ദരിദ്രകൃഷിക്കാരുടെയും യുവാക്കളുടെയും സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശക്തിമത്തായ ഒരു പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’-സംഘടനാ പ്രമേയം ചൂണ്ടിക്കാട്ടി.
സംഘടനാ പ്രമേയം ഉപസംഹരിക്കുന്നത് ഇങ്ങനെ: ”രാഷ്ട്രീയമായും സംഘടനാപരമായുമുള്ള ഒരു പ്രത്യയശാസ്ത്രത്തെ കെട്ടിപ്പടുക്കുന്ന ബഹുജനങ്ങളുടെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസം – ലെനിനിസത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ ദൃഢമായി വിശ്വസിക്കുകയും തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വം ഈ മുഹൂര്‍ത്തത്തിലെ ഏറ്റവും അടിയന്തര കടമയാണെന്ന് കരുതുകയും ചെയ്യുന്നു.”
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സി രാജേശ്വര റാവുവിനെ വീണ്ടും തിരഞ്ഞെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു കൊച്ചിന്‍ പാര്‍ട്ടി കോണ്‍ഗ്രസ്.