Thursday
24 Jan 2019

കമല സുരയ്യയെ ഇത്ര അഗാധമായി പ്രണയിച്ചതാര്?

By: Web Desk | Saturday 10 February 2018 4:54 PM IST

ജോസ് ഡേവിഡ് 

അവനോടോപ്പമിരുന്ന് പുഴയിലെ ജല മുത്തുക്കള്‍ മുഖത്തേക്ക് കോരിയിടുമ്പോള്‍ ഉഷകാല നക്ഷത്രം സുരയ്യ ചോദിച്ചു:
‘കമല എന്ത് ചെയ്യ്വാ?’
‘ഞാന്‍ പ്രണയിക്കുന്നു.’
സുരയ്യക്ക് കൗതുകമായി.
‘ആരെ?’
മേഘച്ചുളിവുകളില്‍ മുനിഞ്ഞു കത്തുന്ന സുരയ്യയെ നോക്കി കമലയിരുന്നു. സുരയ്യ എന്ന, ചില്ലിന്‍കൂട്ടിലെ വിളക്കു പോലെ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രത്തെ. വിശുദ്ധമായ ഒലിവു മരത്തില്‍ നിന്നും, ആരും ഊതാത്ത തീയില്‍ നിന്നും സ്വയം തെളിഞ്ഞു കത്തുന്ന വെളിച്ചം. വെളിച്ചത്തിനു മേല്‍ വെളിച്ചം.

പത്രക്കാരി പെണ്‍കുട്ടി ആമിയോട് ചോദിച്ചു, ആരെയാണ് ആദ്യം പ്രണയിച്ചത്?
‘കൃഷ്ണനെ’
‘ഒടുവിലോ..?’
‘അതും കൃഷ്ണനെ’
ആമി ചിരിച്ചു. എന്നിട്ടു കൃഷ്ണനോട് പറഞ്ഞു:
‘ന്റെ കണ്ണാ, നീയാണോ പ്രവാചകന്‍’

Now that I love you
Curled like an old mongrel my life lies,
content in you.

സൗന്ദര്യ ശാസ്ത്രത്തിനു ഭൂമിയിലെ അളവുകോലുകള്‍ക്കും അപ്പുറം അഭൗമമായ ഒരു മുഖമുണ്ടെന്നു എഴുതിക്കാണിച്ച കമല സുരയ്യയുടെ കൃതികളെ, ജീവിതത്തെ കമല്‍ ‘ആമി’യിലൂടെ ചലച്ചിത്രത്തില്‍ പകര്‍ത്തുമ്പോള്‍ അതെങ്ങനെയുണ്ടാകും?

അത്, മാധവിക്കുട്ടിയുടെ വരികള്‍ പോലെ ആര്‍ദ്രം, മനോഹരം. ഏതോ മുളങ്കുഴലിലൂടെ ഒഴുകി വീഴുന്ന സാന്ദ്രഗീതം. മാധവിക്കുട്ടിയെ ഒരാവര്‍ത്തി വായിച്ച പ്രതീതി.

കമല ദൃശ്യ ഭാഷയുടെ പരിമിതികള്‍ക്കും അപ്പുറത്തുള്ള കഥയും കഥാപാത്രവുമാണ്. അത് അങ്ങനെ തന്നെ പൊലിപ്പിച്ചെടുക്കുക ഭഗീരഥ പ്രയത്‌നം. എങ്കിലും കമല്‍ അത് ചെയ്‌തെടുത്തു. ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക സങ്കീര്‍ണതയില്‍ തീപ്പൊള്ളുന്ന, ആളിക്കത്താവുന്ന ഒരു പ്രമേയമായിട്ടും. അങ്ങനെ മലയാള സിനിമയുടെ ഊഷര ഭൂവില്‍ വേനല്‍ മഴ പോലെ ‘ആമി’ പെയ്തിറങ്ങി. ഒരു നേര്‍ത്ത കുളിര്‍കാറ്റോടെ.

പിടഞ്ഞു വീഴുന്ന പക്ഷിയുടെ ചുടു ചോരയില്‍, സ്വന്തം ഹൃദയ രക്തത്തില്‍ ചാലിച്ചെഴുതിയ ആമിയുടെ കഥയിലെ അന്തര്‍ലീനമായ വികാസങ്ങള്‍, പറഞ്ഞും പറയാതെ പറഞ്ഞും കമല്‍ സിനിമ നെയ്‌തെടുത്തു.

ആമി പശ്ചാത്തപിക്കുന്നുണ്ടോ?

I should have been a lesser poet
A better woman

ഭൂമിയിലെ ആദ്യത്തെ സ്ത്രീയും പുരുഷനും തുടങ്ങി എക്കാലത്തെയും മനുഷ്യന്റെ പാപഭാരത്തിന്റെ കുരിശിലേറി മാധവിക്കുട്ടി വിലപിക്കുന്നു.

I am a sinner, I am a saint
I am the beloved and the bterayed
I have no joys that are not yours
no aches which are not yours
I too call myself I.

വാക്കുകളിലെ ഈ അഗാധതയാവാം കമലാ ദാസിനെ നോബല്‍ സമ്മാനത്തിന് പരിഗണിച്ചത്. ജീവിതത്തിന്റെ ഈ സന്നിഗ്ധതകളാവാം മാധവിക്കുട്ടിയെ നാം ഇത്ര അഗാധമായി പ്രണയിച്ചത്…ഒടുവില്‍… അന്ത്യാഞ്ജലി വരെയും.

ആമി തന്ന ഒസ്യത്താണ് നീര്‍മാതളത്തറ. അതിന്റെ ചുവട്ടിലിരുന്നു ഇനിയും അനേക കാലം ആ വരികളിലൂടെ നാം വിരലോടിക്കും. മുറുക്കി കെട്ടിയ ഏതോ തന്ത്രിയില്‍ നിന്നെന്ന പോലെ അപ്പോള്‍ നാദമുയരും.

‘ഞാന്‍ മൂന്നു ഭാഷ സംസാരിച്ചു. രണ്ടു ഭാഷയില്‍ എഴുതി. ഒരു ഭാഷയില്‍ സ്വപ്നം കണ്ടു.’

ആ സ്വപ്നം നീര്‍മാതളച്ചോട്ടിലിരുന്നു നമ്മള്‍ ദര്‍ശിച്ചുകൊണ്ടേയിരിക്കും. അതിന്റെ ഉന്മാദത്തിലേക്കു വഴുതി വീഴുകയും ചെയ്യും. ആ ഉന്മാദത്തില്‍, ഗണേശോത്സവത്തിന്റെ തിക്കിത്തിരക്കില്‍ ചവുട്ടി അരയ്ക്കപ്പെടുന്ന മനുഷ്യക്കോലമായി നമ്മള്‍ മാറിയേക്കും.

O Sea I am fed up
I want to be simple,
I want to be loved,
And if love is not to be had,
I want to be dead.