Thursday
21 Jun 2018

ഇസ്രയേല്‍ സൈന്യത്തിന്‍റെ തോക്കിനു മുന്നില്‍ തളരാതെ അബ്ദുല്‍ റഹ്മാന്‍

By: Web Desk | Thursday 14 June 2018 8:18 PM IST

ഇത് അബ്ദുല്‍ റഹ്മാന്‍ നൗഫല്‍, ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ജനനം. പന്തിനോട് മാത്രമായിരുന്നു റഹ്മാന് പ്രണയം. അവന്റെ സ്വപ്‌നങ്ങളില്‍ മുഴുവന്‍ ലോകമറിയുന്ന ഫുട്‌ബോളര്‍ ആകണമെന്നായിരുന്നു.

ഊണിലും ഉറക്കത്തിലും ഫുട്‌ബോള്‍ മാത്രമായിരുന്നു അവന്. ഫുട്‌ബോളിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചുവരുന്നതിനു മുമ്പെ അവന്റെ പാതി ജീവന്‍ എടുക്കുകയായിരുന്നു ഇസ്രയേല്‍ സൈന്യം.

കുസൃതികളും കുറുമ്പുകളും നിറഞ്ഞ ബാല്യമായിരുന്നു റഹ്മാന്. അതെല്ലാം ആസ്വദിച്ചു തീരുന്നതിനു മുമ്പെ തന്നെ റഹ്മാന്റെ ജീവിതത്തിലേക്ക് ആ ദുരന്തം കടന്നുവരികയായിരുന്നു.

ഒരു ഏപ്രില്‍ 17 നാണ് റഹ്മാന്റെ ജീവിതം മാറി മറിഞ്ഞത്. റഹ്മാന്‍ കളിച്ചു കൊണ്ടിരിക്കെ പന്ത് അതിര്‍ത്തിയിലേക്ക് പോയി. പന്തിന് പിറകെ അവനും. ഓടിവരുന്ന അവനെ നോക്കി ഇസ്രായേല്‍ സൈനികന്‍ വെടിയുതിര്‍ത്തു. പിന്നീട്, റഹ്മാന് ബോധം വീഴുമ്പോള്‍ മുട്ടിന് താഴേക്ക് കാലില്ല.

കാല്‍ നഷ്ടപ്പെട്ട റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി അധികൃതരും കൈവിട്ടു. അറ്റുപോയ കാല്‍ തുന്നിക്കെട്ടാന്‍ സൗകര്യമില്ലെന്ന് ഗാസ ആശുപത്രി വാദിച്ചു. ചികിത്സാ സൗകര്യം ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കില്‍ മാത്രമാണ്. ചികിത്സാഭ്യര്‍ഥന ഇസ്രയേല്‍ നിരസിച്ചു. രണ്ടു ദിവസത്തെ നിരന്തരമായ അഭ്യര്‍ഥനയ്ക്ക് ശേഷം ചികിത്സയ്ക്കായി അനുമതി കിട്ടി. വെസ്റ്റ്ബാങ്കില്‍ എത്തിച്ചപ്പോള്‍ വൈകിപ്പോയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കാല്‍ നഷ്ടപ്പെട്ടെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് കുതിക്കുകയാണ് റഹ്മാന്‍. ഇപ്പോഴും ഫുട്‌ബോളിനോടുള്ള പ്രണയം റഹ്മാന്‍ ഉപേക്ഷിച്ചിട്ടില്ല. ഇസ്രയേലിന്റെ വെടിയുണ്ടക്ക് തകര്‍ക്കാന്‍ കഴിയാത്ത ആവേശവുമായി.