20 April 2024, Saturday

ആദ്യപാഠം പഠിക്കാതെ പ്രസിഡന്റായ ലിങ്കൻ

പി സുനിൽ കുമാർ
July 23, 2023 8:40 am

അമേരിക്കൻ പ്രസിഡന്റ് പദവിയിൽ വന്നവരിൽ ഏറ്റവും ലോകപ്രസിദ്ധി നേടി മുൻനിരയിൽ വന്നയാളാണ് ഏബ്രഹാം ലിങ്കൻ. വിദ്യാഭ്യാസം ഏറ്റവും വലിയ സമ്പത്താണെന്നും അതാർജിക്കാനുള്ള വഴികൾ എന്തെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച മഹാനാണ് അദ്ദേഹം. എന്നാൽ ഔദ്യോഗിക വിദ്യാഭ്യാസം നേടാൻ സ്കൂളിൽ പോയിട്ടില്ല. തന്റെ സത്യസന്ധമായ ജീവിതരീതിയിലൂടെ ‘ഹോണസ്റ്റ് ആബെ’ എന്ന പേരിൽ പിന്നീട് വിളിക്കപ്പെട്ട അദ്ദേഹം 1809 ഫെബ്രുവരി രണ്ടിന് കെന്റക്കിയിലെ വനപ്രദേശത്ത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ജനിച്ചു. മഴ പെയ്താൽ ചോരുന്ന, മഞ്ഞിൽ വിറങ്ങലിക്കുന്ന മരക്കമ്പു കൊണ്ട് കെട്ടിയ കുടിലിൽ. അപ്പൻ മരം വെട്ടിയും കൃഷിപ്പണി ചെയ്തും ജീവിക്കയാൽ മകനും അതേ ജോലികൾ തുടർന്നു. അടുത്തെങ്ങും സ്കൂളില്ലാഞ്ഞതിനാൽ അവിടേക്ക് പോയില്ല. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറത്ത്. അമ്മയുടെ നിർദേശങ്ങൾ തന്നെ വിദ്യാഭ്യാസം. ഒൻപത് വയസാകുമ്പോഴേക്കും അമ്മ മരിച്ചു. പക്ഷെ, മകന്റെ അനൗദ്യോഗിക പഠനത്തിന് കാടിന്റെയും പ്രകൃതിയുടെയും പഠന വേദിയൊരുക്കിയാണ് അമ്മ കടന്നു പോയത്.

അച്ഛൻ ഇടയ്ക്കിടെ താമസം മാറ്റും. കൂടുതൽ നല്ല വിളവ് കിട്ടുന്ന മണ്ണ് നോക്കി താമസം മാറുന്ന പ്രകൃതവും, ചില സ്ഥലങ്ങളിൽ അന്നുണ്ടായിരുന്ന അടിമ സമ്പ്രദായത്തിന്റെ തീക്ഷ്ണതയും അദ്ദേഹത്തെ അങ്ങനെ പ്രേരിപ്പിക്കുകയായിരുന്നു. മകൻ വിറക് കീറിയും മരം വെട്ടിക്കൊടുത്തും ചോർന്നൊലിക്കുന്ന കൂരകളിൽ അന്തിയുറങ്ങിയും ജീവിച്ചു. രണ്ടാനമ്മ ഇക്കാലത്താണ് എത്തിയത്. അവർ കൊണ്ടുവന്ന ഒരു പുസ്തകം വായിക്കാനുള്ള കഴിവ് ലിങ്കണ് ഉണ്ടായിരുന്നു. ആ യുവാവ് പുസ്തകം ആവർത്തിച്ചു വായിക്കുന്നത് കണ്ട അമ്മ അയാളെ ദൂരെ ഒരു സ്കൂളിൽ വിട്ട് പഠിപ്പിച്ചു. ഒരു ഏകാധ്യാപക വിദ്യാലയം. കാടും പുഴയും കടന്നുള്ള പോക്ക്. അത് കുറച്ചു ദിവസമേ ഉണ്ടായുള്ളൂ. സ്കൂൾ പൂട്ടി അധ്യാപകൻ പോയി. ഫീസ് കൊടുക്കാൻ കുട്ടികൾ തയ്യാറാകാത്തത് പ്രധാന കാരണം പിന്നെ കുട്ടികളുടെ എണ്ണക്കുറവും.

കുറച്ചു ദിവസം കൊണ്ട് പഠിച്ച കാര്യങ്ങൾ ലിങ്കൻ മറന്നില്ല. കിട്ടിയതൊക്കെ വായിച്ചു. വായ്പ്പയായി വാങ്ങിയതെല്ലാം പുസ്തകങ്ങൾ. വായനയ്ക്ക് പകരം വിറക് കീറിക്കൊടുത്തു. പിന്നെ കടത്തുകാരനായി പണിയെടുത്തു. അതിനിടെയുള്ള സമയങ്ങളിൽ പുസ്തകം വായിച്ചു. മഴയിൽ നനഞ്ഞ വീട്ടിനുള്ളിൽ വായ്പ വാങ്ങിയ പുസ്തകം നശിച്ചപ്പോൾ പകരം രണ്ട് ദിവസം പുല്ലരിഞ്ഞു കൊടുത്ത് ഉടമസ്ഥന് കടം വീട്ടിയ ലിങ്കൻ കിട്ടിയതെല്ലാം വീണ്ടും വീണ്ടും വായിച്ചു. വായിച്ചറിഞ്ഞ കാര്യങ്ങൾ പിന്നെ ഡയറികളിൽ എഴുതി, തുന്നിക്കെട്ടിയ പേപ്പറുകൾ ചേർത്ത് ഉണ്ടാക്കിയ ഡയറി. ആർജിച്ച അറിവ് കൂടുതൽ കൂടുതൽ വായനയിലൂടെ ദൃഢപ്പെടുത്തുകയും ആവശ്യത്തിന് വേണ്ടപ്പോൾ എടുക്കാനായി കുറിച്ചു വയ്ക്കുകയുമാണ് അദ്ദേഹം ചെയ്തത്. ലിങ്കൻ വഴിവിളക്കിന് കീഴിലിരുന്ന് പഠിച്ച കഥ പ്രശസ്തമാണ്. എന്നാൽ അക്കാലത്ത് വൈദ്യുത വിളക്കുകൾ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 1860 ൽ ലിങ്കൻ കൊല്ലപ്പെട്ടു കഴിഞ്ഞ് 19 വർഷം കഴിഞ്ഞ് 1879ലാണ് ആദ്യ ഇലക്ട്രിക്ക് വിളക്കിന്റെ ഉപയോഗം ലോകത്ത് പ്രദർശിപ്പിച്ചത് തന്നെ. ഗ്യാസ് കൊണ്ട് തെളിക്കുന്നതോ എണ്ണ കൊണ്ട് കത്തിക്കുന്നതോ ആയ വിളക്കുകൾ നഗരങ്ങളിൽ അന്ന് ഉണ്ടായിരുന്നിരിക്കാം. എന്നാൽ ലിങ്കൻ ജനിച്ചു ജീവിച്ച കാട്ടുകുഗ്രാമങ്ങളിൽ അന്ന് തെരുവ് വിളക്കുണ്ടായിരുന്നിരിക്കുമോ? എന്നോ എവിടെയോ ഇങ്ങനെയൊരു പ്രചോദനകഥ ആരോ ഉണ്ടാക്കിയത് പറഞ്ഞു പറഞ്ഞു പ്രചാരത്തിലെത്തിയതാകാം. ഒരു പക്ഷേ വീട്ടിൽ വിളക്കുണ്ടായിട്ടും പഠിക്കാത്ത കുട്ടികളോട് പറയാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതും ആകാം. സ്ട്രീറ്റ് ലൈറ്റ് സിദ്ധാന്തം എന്ന ഒരു സിദ്ധാന്തം തന്നെ പടിഞ്ഞാറൻ നാടുകളിലുണ്ട്. അതായത് ഏത് കാര്യവും എളുപ്പത്തിൽ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പക്ഷപാതം അല്ലെങ്കിൽ വരുന്ന തെറ്റ് ആണ് ഈ സിദ്ധാന്തം പറയുന്നത്.

ലിങ്കൻ സ്കൂളിൽ പഠിച്ചത് ഒരു വർഷത്തിനടുത്തുള്ള കാലം മാത്രം. പിന്നെ എല്ലാം സ്വയം ആർജിച്ചെടുത്തത്. വക്കീൽ പരീക്ഷ പോലും സ്വയം പഠിച്ചെടുത്തത്. കോളജിലും പോയിട്ടില്ല. ലിങ്കന്റെ നേതൃത്വഗുണം മനസിലാക്കിയ ചില മനുഷ്യരെല്ലാം കൂടി ലിങ്കനെ സ്ഥാനാർഥിയാക്കിയത് അയാളിലെ വാഗ്മിയെ കണ്ടറിഞ്ഞാണ്. എന്നാൽ മത്സരിച്ച എട്ടോളം തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തോറ്റു. വിവാഹത്തിന് തയ്യാറായപ്പോൾ പ്രിയപ്പെട്ട കാമുകി ജീവിതത്തോട് വിട പറഞ്ഞു പോയത് ആഘാതമായി. തുടർന്ന് ആറു മാസം പ്രണയിനിയുടെ ഓർമ്മയിൽ അദ്ദേഹം എങ്ങും പോകാതെ വീട്ടിൽ തന്നെ കിടന്നുവെന്ന് പറയുന്നു. ഇത് തർക്കത്തിലുള്ള വിഷയമാണ്. ആ മരണം ആഘാതമായെങ്കിലും അദ്ദേഹത്തെ തേടിവന്ന പുതിയ പ്രണയിനിയുടെ ഒപ്പം അദ്ദേഹം ജീവിച്ചു. എട്ട് ഇടങ്ങളിൽ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചതിനിടെ ഒരു തവണ മാത്രം ജയിച്ചു. 1834 ൽ സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്ക്. ഏഴ് വട്ടവും തോറ്റു. ഒടുവിൽ 1860 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച ലിങ്കൻ അമേരിക്കൻ പ്രസിഡന്റ് ആകുകയും ചെയ്തു.

തന്റെ വിദ്യാഭ്യാസം വികലമായിപ്പോയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ പരിതപിച്ചുകൊണ്ടാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത് തന്നെ. എന്നാൽ ലോകം കണ്ട ഏറ്റവും മികച്ച ജനാധിപത്യകാവൽക്കാരനായി അദ്ദേഹം നിലകൊണ്ടു. സ്കൂളിൽ പഠിക്കുന്ന മകന്റെ അധ്യാപികയ്ക്ക് എഴുതിയ കത്ത് പ്രശസിദ്ധവുമാണ്. പ്രകൃതിയെയും പുസ്തകങ്ങളെയും പഠിച്ചുകൊണ്ട് ജീവിതം എന്തെന്നറിയാൻ മകനെ ശീലിപ്പിക്കണമെന്നാണ് അതിൽ പറയുന്നത്. അടിമത്തം അവസാനിപ്പിക്കാനും അമേരിക്കൻ ജനതയെ ആഭ്യന്തര യുദ്ധങ്ങളിൽ ഉറച്ചു നിർത്തി സംരക്ഷിക്കാനും ആഫ്രോ അമേരിക്കൻ ജനതയ്ക്ക് സുഗമ ജീവിതം പകരാനും ലിങ്കണ് കഴിഞ്ഞത് അദ്ദേഹം സ്വയം പഠിച്ച പാഠങ്ങളിലൂടെയാകാം. അതാവാം ലോകത്തെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന ഏറ്റവും വലിയ മാതൃകയും ഏറെ പ്രിയങ്കരനുമാവാനുള്ള കാരണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.