Wednesday
18 Jul 2018

കൊടുവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാളാഘോഷം: മലയാളി ഗുണ്ട കീഴടങ്ങി

By: Web Desk | Tuesday 13 February 2018 7:23 PM IST

ചെന്നൈ:

മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ (47) തമിഴ്നാട് പോലീസിനു മുന്നില്‍ കീഴടങ്ങി. ബിനുവിന്റെ ജന്മദിന ആഘോഷത്തിനിടെ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഗുണ്ടകള്‍ പിടിയിലായിരുന്നു.  ബിനു പാപ്പച്ചന്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണ് കീഴടങ്ങിയത്.

തലവെട്ടി ബിനു എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.ഫെബ്രുവരി ആറിന് ബിനുവിന്റെ പിറന്നാളാഘോഷത്തിനിടെ കൊടുവാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെ തുടര്‍ന്നാണ് ബിനുവിനെ തിരിച്ചറിയാന്‍ തുടങ്ങിയത്.

പോലീസിന്‍റെ കണ്ണു വെട്ടിച്ചു കടന്ന ബിനു ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ വാഹനത്തില്‍ കറങ്ങിയ ശേഷമാണ് കീഴടങ്ങിയത്.

കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അതിനിടെ, താന്‍ അത്ര വലിയ ഗുണ്ടയൊന്നും അല്ലെന്നും മാന്യമായി ജീവിതം നയിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സന്ദേശം ബിനു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്, പോലീസ് പറഞ്ഞു.

അന്‍പതു പേരടങ്ങിയ പോലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാക്കിയുള്ളവരെ തുടര്‍ന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാല്‍, ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടി രക്ഷപ്പെട്ടിരുന്നു. വാഹനപരിശോധനയ്ക്കിടെ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്.