Monday
25 Jun 2018

ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് ജയില്‍സ്വര്‍ഗം മതി; നാട്ടിലെ നരകജയിലുകള്‍ വേണ്ട!

By: Web Desk | Sunday 1 October 2017 9:04 PM IST

കെ രംഗനാഥ്
ദുബായ്: ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ശിഷ്ടശിക്ഷാകാലം ചെലവഴിക്കാന്‍ നാട്ടിലെ ജയില്‍ നരകങ്ങളിലേയ്ക്ക് പോകേണ്ട. ഗള്‍ഫിലെ ‘ജയില്‍ സ്വര്‍ഗ’ങ്ങളില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തിക്കോട്ടെ എന്ന് മഹാഭൂരിപക്ഷവും.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഫുജൈറ എന്നീ എമിറേറ്റുകളടങ്ങുന്ന യുഎഇയില്‍ ഇപ്പോള്‍ 1600ല്‍ പരം തടവുകാരാണുള്ളത്. ഷാര്‍ജ സുല്‍ത്താന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം വിട്ടയച്ച 149 ഇന്ത്യന്‍ തടവുകാരെല്ലാം വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരടക്കം ചെറിയ കുറ്റങ്ങള്‍ ചെയ്തവരാണ്. ഇവരില്‍ പലരും രണ്ട് വര്‍ഷത്തിനു താഴെമാത്രം ശിക്ഷയനുഭവിച്ചവര്‍, ചിലര്‍ ശിക്ഷാകാലം കഴിഞ്ഞിട്ടും വായ്പാത്തുക തിരിച്ചടയ്ക്കാത്തതിനാല്‍ പിന്നെയും തടവില്‍ കഴിയേണ്ടിവന്നവരാണ്. ചിലര്‍ രണ്ട് കോടിയോളം രൂപ അടയ്ക്കാനുള്ളവര്‍. ഷാര്‍ജയില്‍ ഇപ്രകാരം മോചിപ്പിക്കപ്പെട്ടവരില്‍ 15 വര്‍ഷം വരെ തടവനുഭവിച്ചവരുമുണ്ട്. ഇവര്‍ അടയ്‌ക്കേണ്ട മൊത്തം തുകയായ 35 കോടി രൂപ ഷാര്‍ജ സര്‍ക്കാര്‍ അടച്ചാണ് ഇന്ത്യക്കാരെ മോചിതരാക്കുന്നത്.
എന്നാല്‍ ക്രിമിനല്‍ കുറ്റവാളികള്‍ ഇത്തരം ഇളവുകള്‍ക്ക് അര്‍ഹരല്ല. അവരെ ശിക്ഷാകാലം കഴിഞ്ഞാല്‍ നാടുകടത്തുമെന്നാണ് വ്യവസ്ഥ. എന്നാല്‍ ക്രിമിനലുകളെ കൈമാറ്റം ചെയ്യുന്നതിനുള്ള ഇന്ത്യ-യുഎഇ കരാര്‍ പ്രകാരം യുഎഇ തടവിലുള്ള ഇന്ത്യക്കാരെ ഇന്ത്യയ്ക്ക് കൈമാറണമെങ്കില്‍ അവര്‍ ശിഷ്ട ശിക്ഷാകാലം ഇന്ത്യന്‍ ജയിലുകളില്‍ കഴിയണം. ഇവരെ നാട്ടിലെ ജയിലുകളിലേയ്ക്ക് കൊണ്ടുപോകാനുള്ള വിമാനക്കൂലിയും ഇന്ത്യ വഹിക്കണമെന്നാണ് വ്യവസ്ഥ.
ഇപ്രകാരം നാട്ടിലേയ്ക്ക് ജയില്‍ മാറാന്‍ തടവുകാര്‍ക്ക് യുഎഇ സര്‍ക്കാരില്‍ അപേക്ഷ നല്‍കാവുന്നതാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതുതന്നെ. ചുരുക്കത്തില്‍ സാങ്കേതികമായി ജയില്‍ മാറ്റം മാത്രമാണ് നടക്കുക. നാട്ടിലേയ്ക്ക് അയയ്ക്കുമ്പോള്‍ നാടുകടത്തല്‍ വ്യവസ്ഥയും പാലിക്കപ്പെടുന്നു. അതേസമയം ഗള്‍ഫിലെ ‘ജയില്‍സ്വര്‍ഗ’ങ്ങളില്‍ നിന്നും ഇന്ത്യയിലെ ‘ജയില്‍ നരക’ങ്ങളിലേയ്ക്ക് മാറാന്‍ ഇന്ത്യന്‍ പ്രവാസി തടവുകാര്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പലകുറി നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി. യുഎഇ ജയിലുകളിലെ ഇന്ത്യന്‍ ക്രിമിനല്‍ തടവുകാരില്‍ 10 ശതമാനം പോലും ശിഷ്ടശിക്ഷാകാലം നാട്ടിലെ ജയിലുകളിലേയ്ക്ക് പോകാന്‍ ഇഷ്ടപ്പെടുന്നില്ല. ഗള്‍ഫ് ജയിലുകളിലെ സുഖസൗകര്യങ്ങള്‍ തന്നെ മുഖ്യ കാരണം.
മറ്റൊന്ന് മാനസികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവര്‍ ഗള്‍ഫ് ജയിലിലുള്ള കാര്യം ഇപ്പോഴാണെങ്കില്‍ കുടുംബങ്ങള്‍ മാത്രമേ അറിയുകയുള്ളു. ജയില്‍ മാറ്റം സ്വന്തം സംസ്ഥാനത്തേയ്ക്കാവുമ്പോള്‍ ജയില്‍പുള്ളിയാണെന്ന കാര്യം മാലോകരൊക്കെ അറിയും. ഇത് തടവുകാരനും കുടുംബത്തിനുമുണ്ടാക്കുന്ന മാനസികാഘാതം ചില്ലറയായിരിക്കില്ല. ഇതും ശിക്ഷാകാലം നാട്ടിലേയ്ക്ക് മാറ്റാന്‍ മിക്കവരും ഇഷ്ടപ്പെടാത്തതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.