Friday
25 May 2018

പഴനിയില്‍ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു

By: Web Desk | Wednesday 9 May 2018 8:59 AM IST

മുണ്ടക്കയം: പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാറയില്‍ പി ആര്‍ ശശി (62), ഭാര്യ വിജയമ്മ ശശി (60), പാറയില്‍ അഭിജിത്ത് (14), തുണ്ടത്തില്‍ സുരേഷ് (52), ഭാര്യ ലേഖാ സുരേഷ് (48), മനുമോന്‍ സുരേഷ് (27), നിരപ്പേല്‍ സജിനി ബാബു (53) എന്നിവരാണ് മരിച്ചത്. അഭിജിത്തിന്റെ അനുജന്‍ ആദിത്യ (12)നെ ഗുരുതരമായ പരിക്കുകളോടെ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടുകൂടി പഴനിക്ക് 15 കിലോമീറ്റര്‍ അകലെ ആയാംകുടിയില്‍വച്ച് എതിരേ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയല്‍വാസികളായ മൂന്നുവീടുകളിലെ അംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ തേനി ഗവ. ഹോസ്പിറ്റല്‍, ദിണ്ഡിഗല്‍ ഗവ. ഹോസ്പിറ്റല്‍, മധുര മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായാണ് പ്രവേശിപ്പിച്ചിരുന്നത്.
നാലുപേര്‍ സംഭവസ്ഥലത്തും അഭിജിത്ത് പഴനി ആശുപത്രിയിലും ലേഖ ദിണ്ഡിഗല്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സജിനി മധുര ആശുപത്രിയില്‍ മരിച്ചത്. അപകടത്തെത്തുടര്‍ന്ന് വാന്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആറുപേരുടെ മൃതദേഹം തേനി ഗവ. ആശുപത്രിയിലും ഒരാളുടെ മൃതദേഹം മധുര മെഡിക്കല്‍ കോളജ് ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ എട്ടുമണി മുതല്‍ കോരുത്തോട് എസ്എന്‍ഡിപി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10.30ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Related News