Friday
14 Dec 2018

പുതുവല്‍സരം; വാഹനാപകടങ്ങളില്‍ ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

By: Web Desk | Monday 1 January 2018 10:15 PM IST

കൊല്ലം: പുതുവല്‍സര തലേന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എഴുകോണ്‍ നെടുമണ്‍കാവ് എംഎല്‍എ പാലത്തിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് സമീപത്തെ വീട്ടിന്റെ മതിലിലിടിച്ച് യുവാവ് മരിച്ചു. വാക്കനാട് പേഴൂര്‍കോണം പാലസ് വീട്ടില്‍ ദീപു (വിശാഖ് ബാബു-29) ആണ് മരിച്ചത്.
അഞ്ചാലുംമൂട്ടില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. രാത്രി 11 ഓടെയാണ് അപകടം.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചിന്നക്കട ബസ് ബേയ്ക്ക് സമീപമാണ് മറ്റൊരു അപകടം ഉണ്ടായത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് ചവറയിലാണ് അപകടം ഉണ്ടായത്. രാത്രി 1.30ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 1.45 ഓടെ അഞ്ചുകല്ലുംമൂട്ടില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടിയം പെട്രോള്‍ പമ്പിന് സമീപമാണ് പിന്നീട് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊട്ടിയത്തേയും മേവറത്തേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ഇന്നലെ പുലര്‍ച്ചെ കൊട്ടിയം പെട്രോള്‍ പമ്പിന് സമീപം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച ബൈക്ക് തകര്‍ന്ന നിലയില്‍

Related News