Tuesday
20 Nov 2018

ആറുവയസ്സുകാരനെ പീഡിപ്പിച്ചയാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

By: Web Desk | Thursday 12 July 2018 10:45 PM IST

കോഴിക്കോട്: ആറര വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും കോടതി ചുമത്തി. നടക്കാവ് പണിക്കര്‍ റോഡിലെ ഫൈസല്‍(44)നെയാണ് എരഞ്ഞിപ്പാലം പോക്‌സോ കോടതി ശിക്ഷിച്ചത്. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വെള്ളയില്‍ തോപ്പയില്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിച്ചുവെന്നാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. പ്രതിയുടെ പീഡനത്തില്‍ കുട്ടിയുടെ ശരീരത്തില്‍ പരിക്ക് ഉണ്ടായിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവായി. വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇതേ കോടതി 10 വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തോപ്പയില്‍ സ്വദേശി ഖാലിദ് എന്നയാളെയാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.
2014 വര്‍ഷത്തില്‍ ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി താമസിക്കുന്ന തോപ്പയില്‍ ബീച്ചിലുള്ള വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.കുട്ടിയുടെയും ഡോക്ടറുടെയും മൊഴി കേസില്‍ നിര്‍ണ്ണായകമായിരുന്നു. ഇരുപതോളം സാക്ഷികളെ കോടതി വിസ്തരിച്ചു. കുട്ടിയ്ക്ക് മൂത്രസംബന്ധമായ വേദന വന്നപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ബീച്ച് ആശുപത്രിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഭൂമികയുടെ സഹായത്തോടെ കുട്ടിയെ ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കി ചികിത്സിക്കുകയായിരുന്നു.

Related News