Sunday
24 Sep 2017

നവകേരള ശില്‍പിയെ സ്മരിക്കുമ്പോള്‍

By: Web Desk | Saturday 26 August 2017 1:27 AM IST

ഓഗസ്റ്റ് 15-ലെ ജനയുഗത്തില്‍ അച്യുതമേനോനെ കുറിച്ച് കാനം രാജേന്ദ്രന്‍ എഴുതിയ സ്മരണക്കുറിപ്പ് വായിച്ചു.
അച്യുതമേനോന്‍ എന്ന ഭരണാധികാരിയെ ഒരു മുഖ്യമന്ത്രിയെന്നതിനേക്കാള്‍ പ്രതിഭാധനനായ നവകേരള ശില്‍പ്പിയെന്നു വിശേഷിപ്പിച്ചാലും മതിയാകാതെ വരുമെന്നാവും ജനം വിലയിരുത്തുക.
സത്യസന്ധത, ലാളിത്യം, ധാര്‍മ്മികത, കര്‍മ്മോത്സുകത, ദീര്‍ഘവീക്ഷണം എന്നിവയിലെല്ലാം അടിയുറച്ചുവിശ്വസിച്ച സഖാവ് ആദര്‍ശരാഷ്ട്രീയത്തെ നെഞ്ചോടുചേര്‍ത്ത ഭരണാധികാരിയുമായിരുന്നു. ഇക്കാലത്തെ രാഷ്ട്രീയ അതിപ്രസരങ്ങള്‍ക്കിടയില്‍ അധികാരമുറപ്പിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന പ്രഹസനനാടകങ്ങള്‍ കണ്ടുമടുത്ത ജനം തുടര്‍ച്ചയായി ഏഴു വര്‍ഷക്കാലം സദ്ഭരണം നയിച്ച അച്യുതമേനോനേയും തുടര്‍ന്നും ഭരണസാരഥ്യം കൈവെള്ളയില്‍ വച്ചുകൊടുത്തവരോട് സാധ്യമല്ലെന്നറിയിച്ച് തൃശൂരിലെ വീട്ടിലേയ്ക്കു യാത്രയായ അച്യുതമേനോനേയും സ്മരിക്കുന്നത് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും ഭാവിയെ ഗുണകരമാക്കും.
നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിലപാടുകള്‍ പൊളിച്ചടുക്കി പുതുക്കുന്ന ഭരണാധികാരിയായിരുന്നില്ല അച്യുതമേനോന്‍. അച്യുതമേനോന്റെ ഭരണകാലം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് ആരു നിഷേധിച്ചാലും ചരിത്രം അത് രേഖപ്പെടുത്തിവയ്ക്കുകതന്നെ ചെയ്യും.
നവകേരള ശില്‍പ്പിയായിരുന്ന അച്യുതമേനോന്റെ ഇരുപത്തിയാറാം ചരമവാര്‍ഷിക ദിനം കടന്നുപോകുമ്പോള്‍ മാര്‍ഗദര്‍ശിയായിരുന്ന വിപ്ലവ സൂര്യതേജസിന്റെ ലളിത ജീവിതവും ആദര്‍ശജീവിതവും അതേപടി പിന്തുടരാന്‍ മുഴുവന്‍ സഖാക്കള്‍ക്കുമാകുന്നുണ്ടോ എന്ന ആത്മപരിശോധന നടത്താന്‍ കൂടി തയ്യാറാകേണ്ടതുണ്ട്. ധീരസഖാവിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു.

സി ബാലകൃഷ്ണന്‍
ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്‌