Monday
25 Sep 2017

നടിയുടെ കേസില്‍ പൊലീസിന്റെ വാദങ്ങള്‍ പൊളിയുമെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍

By: Web Desk | Monday 11 September 2017 9:51 PM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ വീണ്ടും പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ദിലീപ് ജയിലില്‍ അറുപത് ദിവസം പിന്നിട്ടു. അറുപതെന്നത് റിമാന്‍ഡ് കാലാവധിയിലെ നിര്‍ണായകമായ ഒരു ഘട്ടമാണ്. അടുത്ത ഘട്ടം തൊണ്ണൂറാണ്. ജാമ്യം എന്ന സ്വാഭാവികമായ അവകാശം നിഷേധിക്കുന്നതിന് അപ്പോഴേയ്ക്ക് ഒരു കുറ്റപത്രം കോടതിയില്‍ വരും. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കും. അത് പൊലീസിന്റെ കാര്യം. പൊലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു. അവര്‍ പൊലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവ ലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു. ഇരയെ ഓര്‍ക്കേണ്ടതല്ലേ എന്ന പ്രത്യക്ഷത്തില്‍ മനുഷ്യത്വപരമായ ചോദ്യവും അവര്‍ ഉന്നയിക്കും. വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് രചിക്കുന്നത് നീതിനിഷേധത്തിന്റെ മഹാ ഇതിഹാസമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കൊച്ചിയിലെ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. ആയതിന്റെ അടിസ്ഥാനമെന്തെന്ന് മഞ്ജു വെളിപ്പെടുത്തിയതായി അറിവില്ല. എ ഡി ജി പി ബി സന്ധ്യയോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ടാകാം. ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യജീവിതം കലുഷമായതിന്റെ ഉത്തരവാദി എന്ന നിലയിലാണ് നടിയോട് ദിലീപിന് വിദ്വേഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മഞ്ജു അങ്ങനെ പറഞ്ഞിട്ടുണ്ടോ? അവ്യക്തമായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പന്താടാനുള്ളതാണോ ഒരു വ്യക്തിയുടെ ജീവനും ജീവിതവുമെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു.