Friday
19 Oct 2018

വ്യാജ വാര്‍ത്ത പരത്തിയ അച്ഛനെതിരെ തുറന്നടിച്ച് നടി കനക

By: Web Desk | Saturday 5 May 2018 9:55 PM IST

ചെന്നൈ:

ഒരു കാലത്ത് തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു കനക. ഗോഡ്ഫാദറിലെ മാലുവും വിയറ്റ്‌നാം കോളനിയിലെ ഉണ്ണിമോളും അടക്കം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ താരം സംഭാവന ചെയ്തിട്ടുണ്ട്.

സിനിമാരംഗത്ത് നിന്നും വിട്ടുനിന്ന കാലത്ത് കനകയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. കനക ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്നും മരിച്ചെന്നും വരെ വാര്‍ത്തകള്‍ പരന്നിരുന്നു. ഇത്തരം പ്രചാരണങ്ങളുടെ പേരില്‍ സ്വന്തം അച്ഛനെതിരെ നടി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. തന്നെക്കുറിച്ച്‌ ഇത്തരം വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും അഴിച്ച്‌ വിടുന്നതിന് പിന്നില്‍ അച്ഛനായ ദേവദാസ് ആണെന്നാണ് നടി കനക തുറന്നടിച്ചിരിക്കുന്നത്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകയുടെ ഇൗ വെളിപ്പെടുത്തല്‍.

തന്നോടുള്ള പകയാണ് ഇത്തരമൊരു പ്രചാരണം അച്ഛന്‍ നടത്താനുള്ള കാരണമെന്നും കനക തുറന്നടിച്ചു. അദ്ദേഹം ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ താന്‍ അനുസരിക്കാതിരുന്നതാണ് പക തോന്നാനുള്ള കാരണം. താന്‍ മയക്ക് മരുന്നിന് അടിമ ആണെന്നും അച്ഛന്‍ പറഞ്ഞ് പരത്തുകയുണ്ടായി.

തന്നെക്കുറിച്ച്‌ മാത്രമല്ല, അമ്മയെ കുറിച്ചും ദേവദാസ് കുപ്രചരണങ്ങള്‍ നടത്തിയതായി കനക ആരോപിക്കുന്നു. താലി കെട്ടിയ ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കുകയാണ് അച്ഛന്‍ ചെയ്തത്. അമ്മയെക്കുറിച്ച്‌ വളരെ മോശം വാക്കുകളാണ് അച്ഛന്‍ ഉപയോഗിച്ചിരുന്നത്. അത് തനിക്ക് സഹിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. കാരണം ചെറുപ്പം മുതല്‍ അമ്മയായിരുന്നു തനിക്ക് എല്ലാമെന്നും കനക പറയുന്നു.

തന്നോട് ക്ഷമിക്കാന്‍ തയ്യാറാണ് എന്ന് അച്ഛന്‍ പിന്നീട് പറയുകയുണ്ടായി. തിരിച്ച്‌ വന്നാല്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറാണ് എന്നും. എന്നാല്‍ തന്നോട് ക്ഷമിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തത് എന്ന് കൂടി അദ്ദേഹം പറയണമെന്നും കനക ആവശ്യപ്പെടുന്നു. തന്റെ അച്ഛന്‍ ഇതുവരെയായിട്ട് പത്ത് സിനിമകള്‍ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ആളാണ്. അമ്മയെ വിവാഹം ചെയ്ത ശേഷമാണ് സിനിമകള്‍ കിട്ടിത്തുടങ്ങിയതെന്നും എന്നാല്‍ അതിന്റെ നന്ദി പോലും കാണിച്ചില്ലെന്നും കനക തുറന്നടിച്ചു.

Related News