Monday
25 Jun 2018

പ്രതിരോധരംഗത്തും അദാനി ചുവടുറപ്പിക്കുന്നു

By: Web Desk | Monday 6 November 2017 1:48 AM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആശിര്‍വാദത്തോടെ രാജ്യത്തെ പ്രതിരോധരംഗത്തും അദാനി ചുവടുറപ്പിക്കുന്നു. സ്വീഡിഷ് കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന് ഹെലികോപ്ടറുകളും ആളില്ലാവിമാനങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതിയുമായിട്ടാണ് അദാനി മുന്നോട്ടുനീങ്ങുന്നത്. ഇതിനായി സ്വീഡിഷ് കമ്പനിയായ സാബുമായി അദാനി സംയുക്തസംരംഭത്തിന് കരാര്‍ ഒപ്പിട്ടു. ഇതോടൊപ്പം ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനുള്ള കരാറും അദാനി-സാബ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നുണ്ട്.
ആയുധ നിര്‍മ്മാണരംഗത്ത് വിദേശ പ്രത്യക്ഷ നിക്ഷേപവും സ്വകാര്യമേഖലയുടെ പങ്കാളിത്തവും വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമാണ് പുതിയ സംയുക്ത സംരംഭം. വ്യോമയാന മേഖലയില്‍ വന്‍കിട ആഭ്യന്തര, രാജ്യാന്തര വിപണനത്തിനാവശ്യമായ അടിസ്ഥാന വികസനമാണ് സംയുക്ത പ്രവര്‍ത്തനത്തിലൂടെ ഇരുകമ്പനികളും ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പിന്റെ പ്രതിരോധ – വ്യോമയാന വകുപ്പ് മേധാവി ആശിഷ് രാജ്‌വന്‍ശി പറഞ്ഞു.
സായുധസേനയെ നവീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മുന്നില്‍ക്കണ്ടാണ് പുതിയ സംയുക്ത സംരംഭം ഒരുങ്ങിയിരിക്കുന്നത്. ഒറ്റ എന്‍ജിനുള്ള ഗ്രിപ്പന്‍ മിലിട്ടറി ജെറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സാബ്. ഇവ വില്‍ക്കുന്നതിന് കളമൊരുക്കുകയാണ് സ്വീഡിഷ് കമ്പനിയുടെ ലക്ഷ്യം. അമേരിക്കന്‍ നിര്‍മ്മിതമായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ എഫ്-16 ആണ് ഈ വിഭാഗത്തില്‍ സാബ് നേരിടുന്ന വെല്ലുവിളി. അമേരിക്കന്‍ ആയുധലോബിയുടെ കടുത്ത മത്സരം മറികടക്കുന്നതിനായാണ് കമ്പനി അദാനിയുമായി കൈകോര്‍ക്കാന്‍ തയ്യാറായിരിക്കുന്നത്. പ്രധാനമന്ത്രിയുമായി അദാനിക്കുള്ള അടുപ്പം മുതലാക്കാന്‍ തന്നെയാണ് സ്വീഡിഷ് കമ്പനിയുടെ ശ്രമം. എഫ്16 നിര്‍മിക്കാനായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ ധാരണയായിട്ടുള്ളത്.
സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളുടെ നിര്‍മാണ കരാര്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സേനയ്ക്കുള്ള യുദ്ധ വിമാനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് നേരത്തെ സാബ്-അദാനി ഗ്രൂപ്പുകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ 7.78 ബില്യണ്‍ ഡോളറിന് ഫ്രഞ്ച് സര്‍ക്കാരുമായി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടിരുന്നു. 1019 സെപ്റ്റംബറോടെ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ ലഭിച്ചുതുടങ്ങും. സുഖോയ് ജെറ്റിന്റെ പുതിയ വിമാനങ്ങളും 2019 ല്‍ ഇന്ത്യയ്ക്ക് ലഭിക്കും.
മോഡി സര്‍ക്കാരിന്റെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വിവിധയിനം സൈനികോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് ടാറ്റാ, മഹിന്ദ്ര, പുഞ്ച് ലോയിഡ് എന്നിവയുള്‍പ്പടെ ഇരുപതോളം സ്വകാര്യ കമ്പനികള്‍ക്ക് 2015 ല്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തിയത്. പ്രതിരോധ ഉത്പാദന രംഗത്ത് നേരത്തെ 26 ശതമാനമായിരുന്നു വിദേശനിക്ഷേപത്തിന്റെ പരിധി. ഇതാണ് 49 ശതമാനം ആക്കി ഉയര്‍ത്തിയിരുന്നത്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങളുടെ നിയന്ത്രണം ഇന്ത്യക്കാരുടെ കൈകളില്‍ തന്നെ നിലനിര്‍ത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Related News